"ഞങ്ങടെ സ്‌കൂളും കിടുവായേ... അടുത്ത തിങ്കളാഴ്ച മുതല്‍ ഇനി ഞങ്ങളിവിടെയാ പഠിക്കുന്നത്...'' ഇടനാട് ഗവ. എല്‍.പി. സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ പൂമുഖത്തുനിന്ന് തുള്ളിച്ചാടുകയാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ സിദ്ധാര്‍ത്ഥ് കൃഷ്ണയും ശ്രീറാം വി. നായരും അഥര്‍വ്വും ആനന്ദും വൈഗ കൃഷ്ണയും ശ്രീനന്ദയുമൊക്കെ...



സുനിൽ പാലാ

സ്‌കൂളിലേക്കെത്തുന്ന എല്ലാവരെയും പുതിയ മന്ദിരം ചൂണ്ടിക്കാട്ടി "ഞങ്ങടെ പുത്തന്‍ സ്‌കൂളെന്ന് " ആര്‍പ്പുവിളിക്കുകയാണ് ഇടനാട് സ്‌കൂളിലെ കുരുന്നുകൾ. നവതി പിന്നിട്ട ഈ സരസ്വതി ക്ഷേത്രം പൊതുവിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ നന്‍മയില്‍ ഹൈടെക്കായിരിക്കുകയാണ്.

 1930 ല്‍ കുടിപ്പള്ളിക്കൂടത്തിന്റെ പരിമിതികളില്‍ തുടങ്ങി 1931 ല്‍ എല്‍.പി. സ്‌കൂളായി രൂപീകൃതമാകുകയും സ്വാതന്ത്ര്യത്തിന്റെ പിറ്റേവര്‍ഷം സര്‍ക്കാരിന് കൈമാറുകയും ചെയ്തതാണ് ഈ ഗ്രാമീണ വിദ്യാലയം. ആധുനിക സൗകര്യങ്ങളോടുകൂടി 1 കോടി 14 ലക്ഷം രൂപാ വിനിയോഗിച്ചാണ് സ്‌കൂളിന് പുതിയ മന്ദിരം പണിതുയര്‍ത്തിയിട്ടുള്ളത്. 



ഓഫീസ് മുറിയും 6 ക്ലാസ് മുറികളും ഉള്‍പ്പെടെ 8 മുറികളാണ് പുതിയ മന്ദിരത്തിലുള്ളത്. 5468 ചതുരശ്ര അടിയിലുള്ള പുതിയ മന്ദിരത്തില്‍ സ്റ്റാഫ് റൂം, ഹാള്‍, ശുചിമുറി സൗകര്യങ്ങള്‍ എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹെഡ്മിസ്ട്രസ് എം.കെ. അജിതമോള്‍, പി.ടി.എ. പ്രസിഡന്റ് മായ സലിം എന്നിവരുടെ നേതൃത്വത്തിലുള്ള മികവാര്‍ന്ന പ്രവര്‍ത്തനം പഠന-പാഠ്യേതര രംഗങ്ങളില്‍ മികവിന്റെ കേന്ദ്രമായി ഈ വിദ്യാലയത്തെ മാറ്റിക്കഴിഞ്ഞു.



എല്‍.പി. സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി ഞായറാഴ്ച രാവിലെ 10.30 ന് നിര്‍വ്വഹിക്കും. മാണി സി. കാപ്പന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണവും തോമസ് ചാഴികാടന്‍ എം.പി. സന്ദേശവും നല്‍കും. കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍ വിദ്യാഭ്യാസ സംരക്ഷണ സന്ദേശം നല്‍കും. വിവിധ ജനപ്രതിനിധികള്‍ ആശംസകള്‍ നേരും.


''ഈ വര്‍ഷത്തെ രാമപുരം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഞങ്ങള്‍ക്കാണ്. ശാസ്ത്രമേളയിലും കായികമേളയിലും മികവിന്റെ സ്‌കൂളായി ഇടനാട് സ്‌കൂള്‍ മാറിക്കഴിഞ്ഞു. ഈ നേട്ടങ്ങളെല്ലാം കണക്കിലെടുത്ത് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ സമ്മാനമാണ് പുതിയ ബഹുനില സ്‌കൂള്‍ മന്ദിരം. ഹെഡ്മിസ്ട്രസ്സ് അജിതമോള്‍ എം.കെ. പറഞ്ഞു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments