മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച വിന്‍സി അലോഷ്യസിനെ സ്വന്തം ഇടവക ദേവാലയത്തില്‍ ആദരിച്ചു.
തൃശൂര്‍ അതിരൂപത പൊന്നാനി ഇടവകാംഗമായ വിന്‍സിയെ ഇന്നലെ ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇടവക ദേവാലയത്തില്‍വെച്ച് ആദരിക്കുകയായിരിന്നു.
പൊന്നാനി സെന്റ് ആന്റണിസ് ഇടവക വികാരി ഫാ. ടോണി വാഴപ്പിള്ളിയും, ഇടവകയിലെ കൈകാരന്‍മാരും, സമര്‍പ്പിതസമൂഹവും, മതബോധന അദ്ധ്യാപകരും, ഇടവക ജനങ്ങളും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വിന്‍സി അലോഷ്യസിനെ ആദരിക്കാന്‍ പള്ളിയിലുണ്ടായിരുന്നു.
വിന്‍സിയുടെ മാതാപിതാകളോട് കൂടെയാണ് ലഭിച്ച അവാര്‍ഡിന് ദൈവത്തോട് നന്ദി പറയാന്‍ ഇടവക ദേവാലയത്തില്‍ വിന്‍സി എത്തിച്ചേര്‍ന്നത്. തന്നെ പ്രാര്‍ത്ഥനയിലും, കലാ രംഗത്തും ഒരേപോലെ വളര്‍ത്തിയത് പൊന്നാനി ഇടവക പള്ളിയാണെന്നും, ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും പരിശുദ്ധ അമ്മയെ കൂട്ട് പിടിച്ചാണ് ജീവിച്ചിട്ടുള്ളതെന്നും വിന്‍സി പറഞ്ഞു. ജീവിതത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥന മുടക്കാറില്ലയെന്നും, എല്ലാ ഞായറാഴ്ച്ചകളിലും വിശുദ്ധ കുര്‍ബാനയിലും പങ്കുകൊള്ളാറുണ്ടെന്നും വിന്‍സി പറഞ്ഞു.
വളര്‍ന്ന് വരുന്ന യുവതലമുറയ്ക്ക് വിന്‍സി മാതൃകയാണെന്നും, അഭിനയിച്ച സിനിമകളിലെ രംഗങ്ങള്‍ മികച്ചതാണന്നും, വടക്കേ ഇന്ത്യയില്‍ രക്തസാക്ഷിയായ സി. റാണി മരിയയെ അവതരിപ്പിച്ചത് മികച്ചതായിരുന്നുവെന്നും ഇടവകവികാരി ഫാ. ടോണി വാഴപ്പിള്ളി പറഞ്ഞു. ഇടവകയെ പ്രതിനിധീകരിച്ച് കൈക്കാരന്മാരായ ബേബി പുളിന്തറയും ജോയ് മഞ്ഞിലായും മദര്‍ സുപ്പീരിയര്‍ വിജയ ടോംസ്, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലില്ലി മരിയായും ജോസഫ് താഴത്തു വീട്ടില്‍, അഡ്വ. ജോസഫ്, കൊച്ചുമേരി എന്നിവര്‍ സംസാരിച്ചു.




0 Comments