സുവിശേഷത്തിന്റെ ഹൃദയം അറിയുന്നവര്‍ക്ക് സഹനം രക്ഷാകരമാണ്: മാര്‍ തോമസ് തറയില്‍



സുവിശേഷത്തിന്റെ ഹൃദയം അറിയുന്നവര്‍ക്കാണ് സഹനത്തെ രക്ഷാകരമാക്കാന്‍ കഴിയുന്നതെന്നും അല്‍ഫോന്‍സാമ്മ സുവിശേഷത്തിന്റെ ഹൃദയം മനസ്സിലാക്കിയവളാണെന്നും ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ ഏഴാം ദിവസമായി ഇന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അല്‍ഫോന്‍സാമ്മ നമ്മുടെ ജീവിതത്തോട് ബന്ധപ്പെട്ട വ്യക്തിയാണ്. സഹനങ്ങള്‍ ഇല്ലാത്ത രക്ഷ ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം രക്ഷാകരമല്ല.

സാധാരണ കാഴ്ചപ്പാടില്‍ ദുരിതങ്ങള്‍ ആയവ സുവിശേഷത്തിന്റെ കാഴ്ചപ്പാടില്‍ ഭാഗ്യങ്ങളാണ്. പീഡനങ്ങളും ക്ലേശങ്ങളും ക്രിസ്ത്യാനിയെ തളര്‍ത്താന്‍ കഴിയില്ല. വിശ്വാസത്തില്‍ ധീരതയോടെ നിന്നാല്‍ സഹനങ്ങള്‍ മഹത്വത്തിനുള്ള വഴികളാക്കി മാറ്റാന്‍ കഴിയും. മാറ്റപ്പെടാത്ത വേദനകളിലും മഹത്വത്തിന് കിരീടം ഇരിപ്പുണ്ട് എന്ന സത്യം അല്‍ഫോന്‍സാമ്മ തിരിച്ചറിഞ്ഞു. 



ബലഹീനരില്‍ ഈശോയുടെ മുഖം ദര്‍ശിച്ചത് കൊണ്ട് അവള്‍ കരുത്തയാണ്. കുരിശില്ലാത്ത മഹത്വം ക്രൈസ്തവീകമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. ജോസഫ് ചൂരക്കല്‍, ഫാ. ജോസഫ് ആട്ടാങ്ങാട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഇന്ന് ഫാ. ജോസഫ് തോട്ടത്തില്‍, ഫാ. ജിബിന്‍ ജോര്‍ജ് ആനിതോട്ടത്തില്‍ , ഫാ. ജോര്‍ജ് പൂനാട്ട് വി.സി, ഫാ. ക്രിസ്റ്റി പന്തലാനിക്കല്‍, ഫാ. ജോസ് കുഴിഞ്ഞാലില്‍, ഫാ. തോമസ് വാലുമ്മേല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.



തിരുനാളിന്റെ എട്ടാം ദിനമായ നാളെ രാവിലെ 5:30ന് ഫാ. ജോസഫ് എഴുപറയില്‍, 6:45 ന് ഫാ. കുര്യാക്കോസ് വട്ടമുകളേല്‍, 8:30ന് ഫാ. തോമസ് പൈങ്ങോട്ടു,  2:30ന് ഫാ. തോമസ് ഓലായത്തില്‍.  അഞ്ചിന് ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയില്‍, ഏഴിന് ഫാ. മാത്യു കദളിക്കാട്ടില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 

രാവിലെ 11:30 ന് കാഞ്ഞിരപ്പള്ളി  രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും . ഫാ. ടോം ജോസ് മാമലശ്ശേരില്‍, ഫാ. മാത്യു തയ്യില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments