തീക്കോയി-തലനാട് റോഡ് ആധുനിക നിലവാരത്തില്‍




തീക്കോയി മുതല്‍ തലനാട് വടക്കുംഭാഗം വരെയുള്ള അഞ്ചു കിലോമീറ്റര്‍ റോഡ് രാജ്യാന്തര നിലവാരത്തില്‍ നവീകരിച്ചു. 

സംസ്ഥാന സര്‍ക്കാര്‍ 6.90 കോടി രൂപ ചെലവഴിച്ച് ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തില്‍ ടാറിംഗും മറ്റു പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി. തലനാട് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു പദ്ധതി. തലനാട് നിന്ന് ഈരാറ്റുപേട്ട, തൊടുപുഴ ഭാഗങ്ങളിലേക്കുള്ള പ്രധാന ഗതാഗത മാര്‍ഗമാണിത്.




റോഡ് പുനര്‍നിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍ എട്ടു കോടി രൂപ അനുവദിച്ചെങ്കിലും തീക്കോയി പാലം വീതി കൂട്ടുന്നത് പ്രയോഗികമല്ലെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് റീടെന്‍ഡര്‍ ചെയ്ത് 6.90 കോടി രൂപയുടെ പദ്ധതി നടപ്പാക്കുകയായിരുന്നു. ജനുവരി 31ന് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് പൂര്‍ത്തിയാക്കിയത്. 


5.5 മീറ്റര്‍ വീതിയില്‍ നിര്‍മിച്ചിരിക്കുന്ന റോഡിന്റെ ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തികള്‍, കലുങ്കുകള്‍, ഓടകള്‍, ഉപരിതല ഓടകള്‍ എന്നിവയുടെ നിര്‍മിച്ചിട്ടുണ്ട്. 

റോഡ് സുരക്ഷ ഉറപ്പാക്കാന്‍ സീബ്ര ലൈനുകള്‍, സിഗ്‌നല്‍ പോസ്റ്റുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതോടെ ഇല്ലിയ്ക്കല്‍കല്ല്, അയ്യാമ്പാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്കും പ്രയോജനപ്രദമാകും. റോഡ് നവീകരണം പഞ്ചായത്തിന്റെ ടൂറിസം മുന്‍നിര്‍ത്തിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുമെന്ന് തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ പറഞ്ഞു.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments