ആരോഗ്യപ്രശ്നങ്ങള്‍ കാരണം സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ തൊടുപുഴ സ്വദേശി മരിച്ചു. മലങ്കര ഇടവെട്ടി ചോലശ്ശേരി അബ്ദുല്‍ അസീസാണ് (47) ശനിയാഴ്ച രാത്രി എട്ടിന് ബുറൈദ കിങ് ഫഹദ് ആശുപത്രിയില്‍ മരിച്ചത്.
ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട അബ്ദുളിനെ ആശുപത്രിയിലെത്തിച്ചു വൈകാതെ മരണപ്പെടുകയായിരുന്നു. ബുറൈദ ഫൈസിയയിലെ ഗ്രോസറിയില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ അസീസിന് കഴിഞ്ഞ ദിവസം സ്വകാര്യ ക്ലിനിക്കിലെ പ്രാഥമിക പരിശോധനയില്‍ വൃക്ക തകരാര്‍ കണ്ടെത്തുകയും വിദഗ്ധ പരിശോധനക്കായി നാട്ടിലേക്ക് പോകാന്‍ ഡോക്ടര്‍മാര്‍ ഉപദേശിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് സുഹൃത്തുക്കളും തൊഴിലുടമായ സ്വദേശിയും ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കാന്‍ ഖസീം വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ആശുപ്ത്രിയില്‍ എത്തിക്കുകയും ചെയ്തത്. പരിശോധനക്കിടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമാസം മുമ്പാണ് നാട്ടില്‍നിന്ന് അബ്ദുല്‍ അവധി കഴിഞ്ഞ് തിരിച്ച് എത്തിയത്.
പരേതരായ മീരാന്‍, ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീന. ഏകമകള്‍: അസീന. മരുമകന്‍: റമീസ് റഷീദ്. മൃതദേഹം ബുറൈദയില്‍ ഖബറടക്കും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബുറൈദ കെ.എം.സി.സി രംഗത്തുണ്ട്.




0 Comments