ദുരിതപ്പെയ്ത്തിന്റെ കര്‍ക്കടകത്തില്‍ പ്രത്യാശയുടെയും അതിജീവനത്തിന്റെയും മഹത്തായ സന്ദേശമാണ് രാമായണം നല്‍കുന്നതെന്ന് എം.ജി. യൂണിവേഴ്സിറ്റി എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍ കാരിക്കോട് പറഞ്ഞു.
പുരാണ ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യസൃഷ്ടികളില്‍ ഒന്നായ രാമായണത്തിന്റെ പ്രഭാവം വിവിധ ഭൂഖണ്ഡങ്ങളിലെ സംസ്‌കാരങ്ങളില്‍ പ്രതിഫലിച്ച് കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ കര്‍ക്കടക പുണ്യമായി ആരംഭിച്ച രാമായണ വിചാരധാരയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി ഇന്‍കംടാക്സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ മുഖ്യാതിഥിയായിരുന്നു. വലിയ തത്വങ്ങളെ ചെറുകഥകളാക്കി സാധാരണക്കാരിലേക്ക് എത്തിച്ചതാണ് രാമായണമെന്ന ഇതിഹാസമെന്ന് അദ്ദേഹം പറഞ്ഞു. ഹൈന്ദവ ധര്‍മ്മങ്ങള്‍ വെറും മിത്തല്ല. അതിനെല്ലാം അതിന്റേതായ ശാസ്ത്രീയതയുണ്ട്. അധര്‍മ്മത്തിന് മേലുള്ള ധര്‍മ്മത്തിന്റെ വിജയകഥകളാണ് ഭാരതീയ പുരാണാതിഹാസങ്ങളെല്ലാം ഉദ്ഘോഷിക്കുന്നതെന്നും ജ്യോതിസ് മോഹന്‍ പറഞ്ഞു.
സര്‍വ്വഗുണങ്ങളും ഒരു മനുഷ്യനില്‍ സമ്മേളിക്കുന്നത് ചൂണ്ടിക്കാട്ടി രാമന്റെ കഥ പറഞ്ഞത് സാക്ഷാല്‍ നാരദനാണെന്നുള്ളത് ഈ ഇതിഹാസത്തിന്റെ ഐതീഹ്യപരമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുവെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ വനിതാസംഘം ചെയര്‍പേഴ്സണ്‍ മിനര്‍വാ മോഹന്‍ പറഞ്ഞു.
കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പി.എന്‍. ചന്ദ്രശേഖരന്‍ നായര്‍, പി.എസ്. ശശിധരന്‍, സുരേഷ് ലക്ഷ്മിനിവാസ്, തങ്കപ്പന്‍നായര്‍ കൊടുങ്കയം, ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
30-ാം തീയതി വൈകിട്ട് 6.30 ന് പ്രൊഫ. ബി. വിജയകുമാര്‍ പ്രഭാഷണം നടത്തും.




0 Comments