പാലാ സെന്റ് തോമസ് കോളേജ് ഇംഗ്ലീഷ് വിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 'നോസ്റ്റാള്‍ജിയ@75' നടന്നു.
പാലാ സെന്റ് തോമസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം സ്ഥാപിതമായതിന്റെ 75-ാം വാര്‍ഷികവും (പ്ലാറ്റിനം ജൂബിലി), പി.ജി. വിഭാഗത്തിന്റെ 60-ാം വാര്‍ഷികവും (ഡയമണ്ട് ജൂബിലി) ആഘോഷിക്കുന്നതിന്റെ ഭാഗമായി 'നോസ്റ്റാള്‍ജിയ@75' എന്ന പേരില്‍ മെഗാ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടന്നു.
ഇംഗ്ലീഷ് വിഭാഗത്തിന്റെ ആരംഭം മുതലുള്ള ബിരുദ, ബിരുദാനന്തര-ബിരുദ പഠിതാക്കളും അവരുടെ കുടുംബാംഗങ്ങളും കോളേജ് അങ്കണത്തില്‍ പങ്കുചേര്‍ന്നു. രാവിലെ 9.30 മുതല്‍ ബാച്ച്മേറ്റ്സ് മീറ്റിംഗ്, ഡിപ്പാര്‍ട്ടുമെന്റ് സന്ദര്‍ശനം, അദ്ധ്യാപകരുമായി ഓര്‍മ്മപുതുക്കല്‍ മുതലായ പരിപാടികള്‍ നടന്നു.
തുടര്‍ന്ന് 11.45 ന് ബിഷപ് വയലില്‍ മെമ്മോറിയല്‍ എ.സി. ഹാളില്‍ നടന്ന ഗുരുവന്ദനം ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജെയിംസ് അധ്യക്ഷത വഹിച്ചു.
പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസും കോളേജ് മാനേജരുമായ റവ. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. കോളേജിന്റെ വളര്‍ച്ചയ്ക്ക് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഭാവന നിര്‍ണ്ണായകമാണെന്ന് റവ. ഡോ. ജോസഫ് തടത്തില്‍ പറഞ്ഞു.
മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തി. ഗുരുശിഷ്യബന്ധം ഈ മാറിയ കാലഘട്ടത്തിലും ഏറെ ദൃഢമാണെന്ന് ഇത്തരം കൂടിച്ചേരലുകള്‍ തെളിയിക്കുന്നതായും തലമുറകളുടെ വിടവിനെ ലഘൂകരിക്കുന്ന ഒരു സുദൃഢപാലമാണ് നൊസ്റ്റാള്‍ജിയ 75 പോലുള്ള മികവാര്‍ന്ന പൂര്‍വ്വവിദ്യാര്‍ത്ഥി-അധ്യാപക കൂടിച്ചേരലുകളെന്നും ജോസ് പനച്ചിപ്പുറം തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു.
'അലുമ്നൈ പ്ലേസ്‌മെന്റ് പ്രോജക്ട്' മുന്‍ യു.എന്‍. വക്താവ് ഇ.ഡി. മാത്യു ലോഞ്ച് ചെയ്തു. തുടര്‍ന്ന് സ്നേഹവിരുന്ന് നടന്നു.
ഇംഗ്ലീഷ് വിഭാഗത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വിരമിച്ച എല്ലാ അധ്യാപകരെയും പ്രിന്‍സിപ്പലായും ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവിയായും സേവനമനുഷ്ഠിച്ച് വിരമിക്കുന്ന ഡോ. സിബി ജെയിംസിനെയും ആദരിച്ചു. 1965-ലെ ആദ്യ ബിരുദാനന്തര ബാച്ചിലെ വിദ്യാര്‍ത്ഥികളെയും 1961-ലെ ആദ്യ ബിരുദ വിദ്യാര്‍ത്ഥികളെയും പൊന്നാട അണിയിച്ചാദരിച്ചു.
ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജോബി മാത്യു, ജനറല്‍ കണ്‍വീനര്‍ ഡോ. സെബാസ്റ്റ്യന്‍ നരിവേലി, ചീഫ് കോര്‍ഡിനേറ്റര്‍ പ്രൊഫ. ടോമി ചെറിയാന്‍, സിനിമാതാരം മിയ ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.



0 Comments