പിതൃസ്മരണയില്‍ നാടെങ്ങും ബലിതര്‍പ്പണം നടന്നു. പുലര്‍ച്ചെ മുതല്‍ വിവിധ ക്ഷേത്രങ്ങളിലേക്കും ക്ഷേത്രക്കടവുകളിലേക്കും പിതൃപുണ്യം തേടി ജനങ്ങളുടെ ഒഴുക്കായിരുന്നു.
ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ തൃക്കരങ്ങളാല്‍ വേല്‍ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്‍മുഖസ്വാമി ക്ഷേത്ര സന്നിധിയില്‍ പിതൃതര്‍പ്പണവും മറ്റ് വഴിപാടുകളും നടത്തി പുണ്യം നേടുവാന്‍ പ്രാര്‍ത്ഥനകളോടെ ആയിരക്കണക്കിന് ഭക്തരെത്തി. വെളുപ്പിന് 5 മണി മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി വൈക്കം സനീഷ് ശാന്തികള്‍ നേതൃത്വം നല്‍കി. ബലിതര്‍പ്പണം കൂടാതെ ക്ഷേത്രസന്നിധിയില്‍ ഒറ്റ നമസ്‌ക്കാരം, കൂട്ട നമസ്‌ക്കാരം, തിലഹവനം, വിഷ്ണുപൂജാ, പിതൃപൂജ, സുബ്രഹ്മണ്യപുജ, മഹാഗുരുപൂജ എന്നിവയും നടന്നു. പരിപാടികള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് എം.എന്‍. ഷാജി മുകളേല്‍, വൈസ് പ്രസിഡന്റ് സതീഷ് മണി, സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പിതൃസ്മരണയില്‍ ദക്ഷിണകാശി ളാലം മഹാദേവക്ഷേത്രവും ശ്രദ്ധേയമായി. കിഴക്കോട്ട് ഒഴുകുന്ന തീര്‍ത്ഥത്തില്‍ പിതൃതര്‍പ്പണം ചെയ്ത് ഭക്തസഞ്ചയം നിര്‍വൃതിയണഞ്ഞു. വെളുപ്പിന് അഞ്ച് മണി മുതല്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ആരംഭം മുതല്‍ തന്നെ നീണ്ട നിര ബലിയര്‍പ്പിക്കുന്നതിനായി ഉണ്ടായിരുന്നു. ദര്‍ഭയില്‍ തീര്‍ത്ത പവിത്രം അണിഞ്ഞ വിരലുകള്‍ നാക്കിലയില്‍ എള്ളും പൂവും ചന്ദനവും ദര്‍ഭയും അരിയും കൊണ്ട് പിതൃകര്‍മ്മം ചെയ്യുമ്പോള്‍ 'ഓം നമോ നാരായണായ ഓം ശ്രീ ബ്രഹ്മദേവായ ഓം മഹാദേവായ നമ:' എന്നാരംഭിക്കുന്ന മന്ത്ര വീചികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു.
കര്‍ക്കിടക വാവ് ബലി തര്‍പ്പണത്തിന് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടെങ്കിലും ഒരേ സമയം കഴിയുന്നത്രയാളുകളെ ബലിയിടുന്നതിനുള്ള ക്രമീകരണം നടത്തിയിരുന്നതിനാല്‍ ആര്‍ക്കും ബുദ്ധിമുട്ടനുഭവപ്പെട്ടില്ല. മുങ്ങിക്കുളിക്കുവാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കുളിക്കുന്നതിന് ഷവര്‍ ഒരുക്കിയിരുന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. കര്‍ക്കിടകവാവ് പിതൃതര്‍പ്പണത്തോടനുബന്ധിച്ച് തിലഹോമവും നടന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പരമേശ്വരന്‍ പുത്തൂര്‍, സെക്രട്ടറി രാജേഷ് പല്ലാട്ട്, വൈസ്.പ്രസിഡന്റ് നാരായണന്‍കുട്ടി അരുണ്‍, നിവാസ്, ശിവന്‍ കുട്ടി നടുത്തൊട്ടിയില്‍, ടി എന്‍ രാജന്‍, റെജി നടുത്തൊട്ടിയില്‍, സത്യന്‍ പുന്നയൂര്‍, സതീഷ് പുന്നയൂര്‍, ശ്രീകുമാര്‍ അമ്പലപ്പുറം, സുനില്‍ അമ്പലപ്പുറം തുടങ്ങിയവര്‍ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രക്കടവില്‍ ഇത്തവണ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി വെവ്വേറെ കടവുകളിലായിരുന്നു ബലിതര്‍പ്പണം. കീച്ചേരില്‍ നാരായണന്‍ ഇളയത് നേതൃത്വം നല്‍കി. ബലിതര്‍പ്പണത്തിനെത്തിയ മുഴുവന്‍ ഭക്തര്‍ക്കും പ്രസാദമൂട്ടും ഉണ്ടായിരുന്നു.
കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ ഗുരുദേവക്ഷേത്രത്തില്‍ നൂറുകണക്കിന് ആളുകള്‍ കര്‍ക്കടക വാവുബലി ഇട്ടു. സന്ദീപ് ശാന്തികള്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഉണ്ടായിരുന്നു.
പൂവരണി മഹാദേവക്ഷേത്രത്തില്‍ നിരവധി പേര്‍ വാവുബലിയിട്ടു. പുലിയന്നൂര്‍ കാരിക്കോട്ടില്ലം ബിജു നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
കെഴുവംകുളം ആലുതറപ്പാറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ കര്‍ക്കടക വാവിനോട് അനുബന്ധിച്ച് വാവുബലി രാവിലെ മുതല്‍ ക്ഷേത്രം മേല്‍ശാന്തി സുരേഷ് ശര്‍മ്മയുടെ മുഘ്യകര്‍മ്മികത്വത്തില്‍ ക്ഷേത്ര കടവില്‍ നടത്തി. കൂടാതെ രാമായണ പാരായണവും
വൈകിട്ട് ഭഗവത് സേവയും ദീപാരാധനയും ഉണ്ടായിരുന്നു.
ഏഴാച്ചേരി 158-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ ഗുരുമന്ദിരത്തില്‍ രാവിലെ 7 മുതല്‍ വിപിന്‍ദാസ് ശാന്തികളുടെ നേതൃത്വത്തില്‍ കര്‍ക്കടക വാവുബലി നടത്തി.
കെഴുവംകുളം ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണുക്ഷേത്രത്തില്‍ കര്‍ക്കടക വാവുദിവസമായ ഇന്ന് തിലഹോമം നടന്നു. മേല്‍ശാന്തി ജയകൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഐങ്കൊമ്പ് പാറേക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണത്തിന് സോമവര്‍മ്മ രാജ നേതൃത്വം നല്‍കി.
കൊടുമ്പിടി സേവാനികേതന്‍, ഏഴാച്ചേരി ഒഴയ്ക്കാട്ടുകാവ് ദേവീക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അന്തീനാട് മഹാദേവക്ഷേത്രം, ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം, കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതിക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും കര്‍ക്കടക വാവുബലി ഇടാനും പിതൃനമസ്‌ക്കാരം, പിതൃപൂജ, കൂട്ടനമസ്‌ക്കാരം എന്നിവ നടത്താനും ഭക്തജനങ്ങളുടെ വന്‍തിരക്കായിരുന്നു.






0 Comments