സത്യസന്ധമായ വാര്‍ത്തകളാണ് കേരള കൗമുദിയുടെ മുഖമുദ്രയെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ മുന്‍നിര്‍ത്തി മുന്നോട്ട് പോകുന്ന കേരള കൗമുദിക്ക് വീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം തുടര്‍ന്നു.
കേരള കൗമുദിയുടെ 112-ാം വാര്‍ഷികാഘോഷ പരിപാടിക്ക് രാമപുരം ന്യൂ മൈക്കിള്‍ പ്ലാസാ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരിതെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മാധ്യമങ്ങളുടെ ചരിത്രവും കേരള കൗമുദിയുടെ ചരിത്രവും ഒന്നുതന്നെയാണ്. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകാന്‍ ഏറ്റവും വലിയ സംഭാവന ചെയ്തത് കേരള കൗമുദിയാണ്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ മലയാളികളെ കൈപിടിച്ച് നടത്താന്‍ കഴിഞ്ഞ കേരള കൗമുദി വിമര്‍ശിക്കേണ്ട കാര്യങ്ങളെ വിമര്‍ശിച്ചുകൊണ്ട് സമൂഹത്തിലെ തിരുത്തല്‍ ശക്തിയായും മാറിക്കഴിഞ്ഞുവെന്ന് ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയുടെ ഈ കാലഘട്ടത്തില്‍, ഓരോ വ്യക്തിയും ഓരോ ജേര്‍ണലിസ്റ്റാകുന്ന ദിവസങ്ങളില്‍, മൂല്യങ്ങള്‍ തകരുകയോ തെറ്റായവാര്‍ത്തകള്‍ വരികയോ ചെയ്യുന്നുണ്ട്. ഇവയ്‌ക്കൊക്കെ വിശ്വാസ്യതയും കുറവാണ്. ഈ സാഹചര്യത്തിലാണ് കൃത്യമായ വാര്‍ത്തകള്‍ മാത്രം കൊടുക്കുന്ന കേരള കൗമുദിയുടെ ധാര്‍മ്മിക മൂല്യം ഒന്നുകൂടി തെളിഞ്ഞുനില്‍ക്കുന്നതെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
ഏറ്റവും സത്യസന്ധമായ വാര്‍ത്ത കൊടുത്തുകൊണ്ടാണ് മലയാളിയുടെ മനസ്സില്‍ കേരള കൗമുദി മറ്റ് മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിലനില്‍ക്കുന്നതെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. സമൂഹത്തിലെ ശ്രദ്ധേയരായവരെ ആദരിക്കുന്ന കേരള കൗമുദിയുടെ സംസ്‌കാരം മാതൃകാപരമാണ്. സത്യത്തിന്റെ വഴിയിലൂടെ കേരള കൗമുദിക്ക് ഇനിയുമേറെ മുന്നേറാന്‍ കഴിയട്ടേയെന്നും മാണി സി. കാപ്പന്‍ ആശംസിച്ചു.
കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
വാര്‍ഷികാഘോഷ ഭാഗമായി കേരള കൗമുദി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിന്റെ പ്രകാശനം കേരള ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് അംഗം ഫിലിപ്പ് കുഴികുളം നിര്‍വ്വഹിച്ചു. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് പ്രത്യേക പതിപ്പ് ഏറ്റുവാങ്ങി. എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം സാബു കൊടൂര്‍, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ റവ. മോണ്‍. ജോസഫ് കണിയോടിക്കല്‍, പാലാ നഗരസഭ പ്രതിക്ഷനേതാവ് പ്രൊഫ. സതീശ് ചൊള്ളാനി, മരിയസദന്‍ സന്തോഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കവി ആര്‍.കെ. വളളിച്ചിറ കേരള കൗമുദിയെക്കുറിച്ചുള്ള കവിത അവതരിപ്പിച്ചു. ബാലമാന്ത്രികന്‍ മജീഷ്യന്‍ കണ്ണന്‍മോന്‍ മാജിക് അവതരിപ്പിച്ചു. കുമാരി അനുമോള്‍ വിപിന്‍ദാസ് ഗുരുസ്മരണ നടത്തി.
സമ്മേളനത്തില്‍ രാമപുരം മൈക്കിള്‍ പ്ലാസ സ്ഥാപക ഡയറക്ടര്‍ ടെലിസണ്‍ സണ്ണി (അഗസ്റ്റിന്‍ മൈക്കിള്‍), മരിയസദന്‍ സന്തോഷ്, എസ്.എന്‍.റ്റി. വാസു, സന്‍മനസ് ജോര്‍ജ്ജ്, സാംജി പഴേപറമ്പില്‍ എന്നിവരെ കേരള കൗമുദി പൊന്നാട അണിയിച്ചും മെമന്റോ നല്‍കിയും ആദരിച്ചു. ഇതോടൊപ്പം പ്രമുഖ സ്ഥാപനങ്ങളായ മാര്‍ സ്ലീവാ മെഡിസിറ്റിക്കുവേണ്ടി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, സെന്റ് മേരീസ് എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍ നായര്‍, പ്രിന്‍സിപ്പല്‍ ശ്രീകുമാരി എസ്. എന്നിവരെയും പ്രശംസാഫലകവും പൊന്നാടയും അണിയിച്ച് ആദരിച്ചു.
കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുല്‍ ചന്ദ്രശേഖര്‍ സ്വാഗതവും പാലാ ലേഖകന്‍ സുനില്‍ പാലാ നന്ദിയും പറഞ്ഞു. നൂറുകണക്കിന് ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
സാമൂഹിക വെല്ലുവിളി നേരിടുന്നവരുടെ ഉറച്ച ശബ്ദമാണ് കേരള കൗമുദിയെന്ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍.
സാമൂഹിക വെല്ലുവിളി നേരിടുന്ന വലിയൊരു ജനവിഭാഗത്തിന്റെ ശബ്ദമാണ് കേരള കൗമുദിയെന്ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. സാമൂഹിക സംസ്‌കാരത്തിന്റെ ഉജ്ജ്വലമായൊരു ജ്വാലയാണ് കേരള കൗമുദി. കൗമുദിയുടെ ദര്‍ശനം ശ്രീനാരായണ ഗുരുദേവനാല്‍ പൂജിതമാണ്. മറ്റനേകം ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെ നിരന്തരമായ അനുഗ്രഹം വാങ്ങി മുന്നോട്ട് പോകുന്ന കേരള കൗമുദി നാടിന്റെ ഹൃദയം ഏറ്റുവാങ്ങിക്കഴിഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്തോടെ സി.വി. കുഞ്ഞിരാമനില്‍ തുടങ്ങി കെ. സുകുമാരനിലൂടെ ഏറെ വളര്‍ന്ന കേരള കൗമുദി സാമൂഹിക-സാംസ്‌കാരിക വിഷയങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ വിജയിച്ചു കഴിഞ്ഞതായും മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. രാമപുരം മൈക്കിള്‍ പ്ലാസാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കേരള കൗമുദി 112-ാം വാര്‍ഷികാഘോഷ സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മാര്‍ ജേക്കബ് മുരിക്കന്‍.







0 Comments