സ്വന്തം ലേഖകന്‍
വേറെ കിടപ്പാടവും മറ്റ് ഉപജീവന മാര്‍ഗ്ഗങ്ങളും ഇല്ലാത്ത ഹോട്ടല്‍ ഉടമയെയും കുടുംബത്തെയും കുടിയൊഴിപ്പിക്കുമെന്ന് റവന്യു-പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെ ഭീഷണി.
പാലാ ആര്‍.വി. പാര്‍ക്കിന് സമീപം റിവര്‍വ്യൂ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന കോമളം ഹോട്ടലുടമ പ്രകാശും കുടുംബവുമാണ് അധികാരികളുടെ ഭീഷണിയില്‍പ്പെട്ട് ജീവിതം ദുരിതത്തിലായത്. കഴിഞ്ഞ അരനൂറ്റാണ്ടായി പാലായില്‍ ഹോട്ടല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
പി.ഡബ്ല്യു.ഡി. അധികാരികള്‍ നിരന്തരം ഹോട്ടലില്‍ വരികയും ഹോട്ടലിന്റെ പുറകുവശം പൊളിച്ചു നല്‍കിയില്ലെങ്കില്‍ കടയുടെ മുന്നിലത്തെ ഭൂമി മതില്‍ കെട്ടി അടക്കുമെന്നും പിന്നീട് യാതൊരുവിധ കച്ചവടവും ചെയ്യാന്‍ സാധിക്കാത്ത വിധത്തിലാക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തുകയാണെന്ന് പ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഹോട്ടലിലെ പുറകുവശം തകര്‍ക്കാന്‍ നിലവില്‍ പാലം പണിക്കുവേണ്ടി പണിതുകൊണ്ടിരുന്ന വലിയ ബീം ഹോട്ടലിന്റെ പുറകുവശത്തേക്ക് തള്ളിയിടാന്‍ ശ്രമം നടന്നതായും പ്രകാശും കുടുംബവും കുറ്റപ്പെടുത്തുന്നു.
ആര്‍.വി. പാര്‍ക്ക് ഭാഗത്ത് നിന്ന് കൊട്ടാരമറ്റം - വൈക്കം റോഡിലേയ്ക്ക് റിവര്‍വ്യൂ റോഡ് നീട്ടുന്ന ജോലികള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് പൊതുമരാമത്ത് വകുപ്പ് പാലാ ഓഫീസ്സില്‍ നിന്ന് ഒരു കത്ത് ലഭിച്ചതെന്ന് കടയുടമ എസ്.പ്രകാശ് പറഞ്ഞു. ഹോട്ടലിന്റെ പിന്‍ഭാഗം പൊളിച്ചു നീക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. നഷ്ടപരിഹാരത്തെക്കുറിച്ച് കത്തില്‍ ഒന്നും പറയുന്നുമില്ല. ഹോട്ടല്‍ പൊളിച്ചു നീക്കിയ ശേഷം പിന്നിട് നഷ്ടപരിഹാരം നല്‍കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും ഉപജീവനമാര്‍ഗ്ഗവും കിടപ്പാടവും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രകാശ് ആവശ്യപ്പെടുന്നു.
ഒരു കിലോമീറ്ററോളം ദൂരം മീനച്ചിലാറിന്റെ തീരത്ത് കൂടി കോണ്‍ക്രീറ്റ് പാലമായാണ് റോഡ് കടന്നുപോകുന്നത്. ഇതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് വസ്തു ഉടമകള്‍ക്ക് പ്രതിഫലം നല്‍കി നിര്‍മ്മാണം തുടങ്ങിയിട്ട് അഞ്ച് വര്‍ഷമായി. ഇതുവരെ തന്റെ സ്ഥലം ഏറ്റെടുക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഒരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്ന് പ്രകാശ് പറഞ്ഞു. റോഡിന്റെ അലൈന്‍മെന്റില്‍ തന്റെ ഹോട്ടലിരിക്കുന്ന സ്ഥലം ഉള്‍പ്പെട്ടിരുന്നില്ല. വശങ്ങളിലുള്ള സ്ഥലങ്ങള്‍ നിശ്ചയിച്ച പ്രതിഫലം നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷമാണ് നിര്‍മ്മാണം തുടങ്ങിയത്. നിര്‍മ്മാണത്തില്‍ വന്ന പിഴവ് മൂലമാണ് ഇപ്പോള്‍ തന്റെ സ്ഥലം ഏറ്റെടുക്കാന്‍ നോട്ടീസുമായി ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നതെന്നാണ് പ്രകാശിന്റെ ആക്ഷേപം.
രണ്ടര സെന്റ് ഭൂമിയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഇത് തന്റെ പേരിലുള്ളതും കരമടയ്ക്കുന്നതുമാണ്. ഇതില്‍ ഒന്നര സെന്റില്‍ കൂടുതല്‍ ഇപ്പോള്‍ നഷ്ടപ്പെടുകയും ഹോട്ടല്‍ പൂട്ടുന്ന അവസ്ഥയിലുമാണ്. ഇത് സംബന്ധിച്ച് സ്ഥലം എംഎല്‍എ, മുഖ്യമന്ത്രി, റവന്യു- പൊതുമരാമത്ത് മന്ത്രിമാര്‍, പൊതുമരാമത്ത് എക്‌സി. എഞ്ചിനീയര്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും പാലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.കോടതി നിര്‍ദ്ദേശപ്രകാരം കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ച് സത്യാവസ്ഥ ബോധ്യപ്പെട്ടിട്ടുള്ളതായി പ്രകാശ് പറഞ്ഞു. കുടുംബാംഗങ്ങളായ പി.എസ്. രാജു, ഗോപി അമ്പാട്ടു വയലില്‍, ഗീത സുഭാഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




0 Comments