ഇരുന്നൂറിലേറെ ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിംഗില്‍ കൃത്രിമം കാട്ടി കെ.എസ്.ഇ.ബിയ്ക്ക് വൈദ്യുതി ബില്‍ ഇനത്തില്‍ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്കെതിരെ കൂടി വകുപ്പുതല നടപടി.
തൊടുപുഴ സെക്ഷന്‍- 1 ഓഫീസിലെ അസി. എന്‍ജിനീയര്‍ ശ്രീനിവാസന്‍, സബ് എന്‍ജിനീയര്‍മാരായ പ്രദീപ് കുമാര്‍, അനൂപ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. കെ.എസ്.ഇ.ബി വിജിലന്‍സിന്റെ സാങ്കേതിക വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
രണ്ട് മാസം മുമ്പ് സെക്ഷന്‍ ഒന്നിലെ മീറ്റര്‍ റീഡിംഗ് എടുത്തിരുന്ന കരാര്‍ ജീവനക്കാരനെ പിരിച്ചുവിടുകയും സൂപ്രണ്ടിനും സീനിയര്‍ അസിസ്റ്റന്റിനുമെതിരെ സസ്പെന്‍ഷന്‍ നടപടിയുമെടുത്തിരുന്നു. പിരിച്ചുവിട്ട കരിമണ്ണൂര്‍ സ്വദേശിയായ കരാര്‍ ജീവനക്കാരന്‍ രണ്ട് വര്‍ഷത്തോളം മീറ്റര്‍ റീഡിങ് കുറവായി രേഖപ്പെടുത്തിയെന്നും ഇതിലൂടെ ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍. കരാര്‍ ജീവനക്കാരനെ നിരീക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്തത്. ഇവര്‍ക്ക് ക്രമക്കേടില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
മേയില്‍ മീറ്റര്‍ റീഡര്‍മാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. പുതിയ ജീവനക്കാരന്‍ റീഡിംഗ് എടുത്തപ്പോള്‍ ചില മീറ്ററുകളിലെ റീഡിംഗില്‍ പ്രകടമായ മാറ്റം കണ്ടെത്തി. ആ മാസം 140 ഓളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ വളരെയധികം കൂടി. ശരാശരി 2,000 രൂപ വന്നിരുന്ന ഉപഭോക്താവിന് 35,000 രൂപ വരെയായി ബില്‍ കുത്തനെ ഉയര്‍ന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളുടെ ബില്ലിലാണ് ഇത്തരത്തില്‍ വര്‍ദ്ധന കണ്ടെത്തിയത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതിന് മുമ്പ് പ്രദേശത്ത് മീറ്റര്‍ റീഡിംഗ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ റീഡിംഗില്‍ കൃത്രിമം കാണിച്ചിരുന്നെന്ന് സമ്മതിച്ചു.
യഥാര്‍ത്ഥ റീഡിംഗിനേക്കാള്‍ കുറച്ചായിരുന്നു യുവാവ് വൈദ്യുതി ബില്ലില്‍ രേഖപ്പെടുത്തിയിരുന്നത്. എന്തിന് വേണ്ടിയാണ് ഇയാള്‍ ഇത് ചെയ്തതെന്ന് വ്യക്തമായില്ല. തുടര്‍ന്നാണ് അന്വേഷണം കെ.എസ്.ഇ.ബി വിജിലന്‍സിന് കൈമാറിയത്. വിജിലിന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ മാസം ആദ്യം തൊടുപുഴ നഗരസഭയിലെ ഒന്ന്, മൂന്ന്, അഞ്ച് വാര്‍ഡുകളിലെ മുപ്പതിലധികം ഉപഭോക്താക്കള്‍ക്ക് വന്‍തുകയുടെ വൈദ്യുതി ബില്‍ ലഭിച്ചു. ശരാശരി 2000- 2500 രൂപ തോതില്‍ ബില്‍ വന്നിരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 30,000 മുതല്‍ 60,000 രൂപ വരെയാണ് ബില്‍ വന്നത്.
തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജിന്റെയും കൗണ്‍സിലര്‍ കെ. ദീപക്കിന്റെയും നേതൃത്വത്തില്‍ ഉപഭോക്താക്കള്‍ കെ.എസ്.ഇ.ബി ഓഫീസില്‍ പ്രതിഷേധവുമായെത്തിയിരുന്നു. പിരിച്ചുവിട്ട മീറ്റര്‍ റീഡര്‍ നേരത്തെ റീഡിംഗ് എടുത്തിരുന്ന മേഖലയിലാണ് വീണ്ടും ബില്ലില്‍ ക്രമക്കേട് ഉണ്ടായതെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിശദീകരണം.




0 Comments