മാരേശ്വരി മരിയസദനത്തില്‍ നിന്നും മധുരയിലേക്ക് മടങ്ങുന്നു; കാല്‍ നൂറ്റാണ്ടിന് ശേഷം



മാരേശ്വരി മരിയസദനത്തില്‍ നിന്നും മധുരയിലേക്ക് മടങ്ങുന്നു; കാല്‍ നൂറ്റാണ്ടിന് ശേഷം. മാരേശ്വരിക്ക് മരിയസദന്‍ തന്റെ ജീവനായിരുന്നു. 25 വര്‍ഷക്കാലം ഇവിടെ ജീവിച്ചതിന്റെ സന്തോഷവുമായാണ് മാരേശ്വരി സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത്. 


1999 ല്‍ മരിയസദനത്തില്‍ എത്തുമ്പോള്‍  മാരേശ്വരി രണ്ടുമാസം ഗര്‍ഭിണിയായിരുന്നു.  അച്ഛനും അമ്മയും നാലു മക്കളും അടങ്ങിയ സന്തുഷ്ട കുടുംബമായിരുന്നു ഇവരുടേത്.

മാരേശ്വരിക്ക് 13 വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. പിന്നീട് മാനസിക അസ്വസ്ഥതകള്‍ പ്രകടമാക്കിയ മാരേശ്വരിയെ ഹോളിക്രോസ് സഭയിലെ ദയ സിസ്റ്ററുടെ സഹായത്തോടെയാണ് മരിയസദനത്തില്‍  എത്തിച്ചത്.



പിന്നീട് പ്രസവ ശുശ്രൂഷകള്‍ക്കായി എറണാകുളത്തെ നിര്‍മ്മല ഭവന്‍ എന്ന സ്ഥാപനത്തിലേക്ക് മാരേശ്വരിയെ മാറ്റുകയായിരുന്നു. പത്തുമാസത്തോളം മാരേശ്വരി തന്റെ ആണ്‍കുഞ്ഞിനോട് ഒപ്പം ചിലവഴിച്ചാണ് മരിയസദനത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് നിര്‍മലഭവനില്‍ നിന്നും കുഞ്ഞിനെ കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. ചികിത്സയുടെ കാലഘട്ടങ്ങളില്‍ എല്ലാം മാരേശ്വരി തന്റെ കുഞ്ഞിനെ കാണാന്‍ സാധിക്കാത്തതിന്റെ നൊമ്പരത്തിലായിരുന്നു കഴിഞ്ഞിരുന്നത്. 


മാരേശ്വരിയുടെ ഈ വേദനയാണ് ഇത്തരത്തില്‍ ചികിത്സ വേണ്ടി വന്ന അമ്മമാരുടെ മക്കളെ മരിയസദനില്‍ തന്നെ പാര്‍പ്പിച്ചുകൊണ്ട് അവരെ എന്നും കാണാനും സ്‌നേഹിക്കുവാനുമുള്ള ഓരോ അമ്മയുടെയും അവകാശത്തെ സംരക്ഷിക്കുവാന്‍ മരിയസദന്‍ സന്തോഷിനും ഭാര്യ മിനിക്കും പ്രചോദനമായത്. 28 കുട്ടികള്‍ ഇന്ന് ഇങ്ങനെ ഇവിടെ സംരക്ഷിക്കപ്പെട്ടുപോരുന്നു. 

കഴിഞ്ഞ ദിവസം എത്തിയ സഹോദരന്‍ മാരിമുത്തുവിനൊപ്പം മാരേശ്വരി സ്വന്തം ഭവനത്തിലേക്ക് യാത്രയാവുകയാണ്. മരിയ സദനത്തെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബാംഗം തന്നെയാണ് വീടുവിട്ട് പോകുന്നതെങ്കിലും  മാരേശ്വരിയുടെ സന്തോഷം കാണുമ്പോള്‍ സാധാരണ ജീവിതത്തിലേക്ക് ഒരു വ്യക്തിയെ കൂടി മടക്കിക്കൊണ്ടു വരുവാന്‍ സാധ്യമായതിന്റെ സന്തോഷമുണ്ടെന്ന് മരിയസദന്‍ സന്തോഷും ഭാര്യ മിനിയും പറഞ്ഞു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments