സി.ജി ഡാല്‍മി
ജനനായകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി വിടവാങ്ങുമ്പോള്‍ ചെറുപ്പകാലം മുതലുള്ള അദ്ദേഹത്തിന്റെ മനുഷ്യസ്നേഹവും സഹായമനസ്‌ക്കതയും നേരിട്ടനുഭവിച്ചറിഞ്ഞ നാട്ടുകാരനായ പ്രിയ കൂട്ടുകാരന്‍ കുഞ്ഞൂഞ്ഞിന്റെ ഓര്‍മ്മകളുമായി ആലുവയിലെ ഫല്‍റ്റിലിരുന്നു വിതുമ്പുകയാണ്.ഉമ്മന്‍ ചാണ്ടിയുടെ അയല്‍വാസിയും പ്രതിരോധവകുപ്പില്‍ ടെക്നിക്കല്‍ ഓഫീസറുമായിരുന്ന പുതുപ്പള്ളി മുള്ളോത്തുകുഴിയില്‍ എന്‍.ചെല്ലപ്പനാണ് ഉറ്റസുഹൃത്തിനെ അവസാനമായി ഒരുനോക്കുകാണാനാവാതെ സങ്കടക്കടലില്‍ ഉഴലുന്നത്.ശാരീരിക ബുദ്ധിമുട്ടുമൂലമാണ് പ്രിയകൂട്ടുകാരനെ പുതുപ്പള്ളിയിലെത്തി കാണാന്‍ ചെല്ലപ്പനാവാത്തത്.
ആത്മസുഹൃത്തെന്നതിലുപരി തന്റെ ജീവിതം
തന്നെ മാറ്റിമറിച്ച കുഞ്ഞൂഞ്ഞെന്ന കൂട്ടുകാരന്റെ മനുഷ്യസ്നേഹവും ഉദാരമനസ്‌ക്കതയുമാണ് നാട്ടിലെ നിര്‍ധനകുടുംബാംഗമായിരുന്ന തനിക്ക് ഉന്നതവിദ്യാഭ്യാസത്തിനും തുടര്‍ന്ന് ഉന്നത ജോലി ലഭിക്കാനും ഇടയാക്കിയതെന്ന് ചെല്ലപ്പന് നന്നായി അറിയാം.തന്റെ പേര് പരാമര്‍ശിക്കാതെ ഒരിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള നേതൃത്വ പരിശീലനപരിപാടില്‍ ഉമ്മന്‍ചാണ്ടിതന്നെ ഈ സംഭവം പറഞ്ഞത് ചെല്ലപ്പന്‍ ഓര്‍ത്തെടുക്കുന്നു.അത്രയ്ക്കുണ്ട് ആ മനസിന്റെ നൈര്‍മ്മല്യമെന്ന് ചെല്ലപ്പന്‍. തന്റെ ജീവിതം കരുപ്പിടിപ്പിച്ച ആസംഭവ
കഥ ചെല്ലപ്പന്‍ തന്നെ പറയുന്നു....
എസ്.എസ്.എല്‍.സി ഉന്നതനിലയില്‍ പാസായ ചെല്ലപ്പന് തുടര്‍ന്ന് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും വീട്ടിലെ സാമ്പത്തിക സ്ഥിതി തടസമായി.അയല്‍വാസിയായ ഉമ്മന്‍ ചാണ്ടി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും അഖിലകേരള ബാലജനസഖ്യത്തിലും സജീവമായിരുന്ന 196ം- കാലഘട്ടമായിരുന്നു അത്.തന്റെ കൂട്ടുകാരനും ബാലജനസഖ്യം പ്രവര്‍ത്തകനുമായ നന്നായി പഠിക്കുന്ന ചെല്ലപ്പന് നാട്ടകം പോളിടെക്നിക്ക് കോളേജില്‍ സാങ്കേതിക വിദ്യാഭ്യാസ കോഴ്സിന് ചേരുന്നതിന് 30 രൂപ വേണമെന്നറിഞ്ഞ ഉമ്മന്‍ചാണ്ടിയും സുഹൃത്തുക്കളും ചേര്‍ന്ന് പൈസ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നു. ഉമ്മന്‍ചാണ്ടി മറ്റെന്നുമാലോചിച്ചില്ല കൈയ്യില്‍ കിടന്ന സ്വര്‍ണമോതിരം ഊരി മറ്റൊരു സുഹൃത്ത് വഴി പണയം വച്ച് പണം നല്‍കി. കൂട്ടുകാരന്‍ ചെല്ലപ്പന്‍ പോളിടെക്നിക്കില്‍ ഇലക്ട്രിക്കല്‍ ഡിപേല്‍മ പഠനത്തിന് ചേര്‍ന്നതാണ് എന്റെ ഏറ്റവുംവലിയ സന്തോഷമെന്നായിരുന്നു കൂട്ടുകാരോടുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.തിരികെ പണയം എടുക്കുവാന്‍ സാധിക്കാതെ വരുകയും ഈ മോതിരം പിന്നീട് ലേലത്തില്‍ നഷ്ടപ്പെടുകയും ചെയ്തുവത്രേ.ഈ വിവരം വീട്ടില്‍ അറിയുകയും ഉമ്മന്‍ ചാണ്ടിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല വീട്ടുകാര്‍ വാങ്ങിവച്ച രസകരമായ സംഭവും ഇതോടനുബന്ധിച്ച് ഉണ്ടായതായി കുഞ്ഞൂഞ്ഞ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
2013-ല്‍ മുഖ്യമന്ത്രി ആയിരിക്കെ ഓപ്പണ്‍ സ്പേസ് യൂത്ത് ഇനിഷ്യേറ്റും എഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസും സംഘടിപ്പിച്ച നേതൃത്വപരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോഴാണ് ഉമ്മന്‍ ചാണ്ടി മോതിരം ഊരി നല്‍കിയ കഥ പറഞ്ഞത്.നേതൃപാടവത്തെ കുറിച്ച് പഠിക്കാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഏറെ ആവശേകരമായ കഥയായിരുന്നു. അന്ന് ചെല്ലപ്പന്‍ ഉമ്മന്‍ ചാണ്ടിയെ ഫോണിള്‍വിളിച്ച് തന്റെ പേരു കൂടി പറയാന്‍ മടിച്ചതെന്താണന്ന് ചോദിച്ചിരുന്നു.അത് പറഞ്ഞാല്‍ ഞാന്‍ ഞാനല്ലാതായിപ്പോവുമെന്നായിരുന്നു വിനയാന്വതനായുള്ള അദ്ദേഹത്തിന്റെ മറുപടിയെന്ന് ചെല്ലപ്പന്‍ പറഞ്ഞു.
ബസിന് പോവാന്‍ പണമില്ലാത്തതിനാല്‍ പുതുപ്പള്ളിയില്‍ നിന്ന് 13 കിലോമീറ്ററോളം ദൂരം നടന്നാണ് നാട്ടകം പോളിടെക്നിക്കില്‍ ചെല്ലപ്പന്‍ ദിവസേന എത്തിയിരുന്നത്.പഠനാവശ്യചിലവിന് മറ്റ്കുട്ടികള്‍ക്ക് വൈകുന്നേരം ട്യൂഷനുമെടുത്ത് തിരികെ വീട്ടിലെത്തുമ്പോള്‍ രാത്രിയാവും പിന്നെയാണ് സ്വന്തം പഠനം.ഡിപ്ളോമകോഴ്സ് റാങ്കോടെ പാസായ ചെല്ലപ്പന് അവിടെതന്നെ താത്ക്കാലികമായി പഠിപ്പിക്കാന്‍ ജോലികിട്ടി. പിന്നീട് പി.എസ്.സി പരീക്ഷ വഴി കെ.എസ്.ഇ.ബിയിലും അവിടെനിന്ന് പ്രതിരോധ വകുപ്പിന് കീഴിലെ ഡി.ആര്‍.ഡി.ഒ യില്‍ ഓഫീസറായും ജോലി ലഭിച്ചു. 20 വര്‍ഷത്തോളം പൂനെയിലായിരുന്നു ജോലി. പിന്നീട് ഉമ്മന്‍ചാണ്ടിയുടെ ഇടപെടലില്‍ നേവിയുടെ തൃക്കാക്കരയിലെ ഓഫീസിലേക്ക് മാറ്റം ലഭിച്ചു. അവിടെ നിന്ന് വിരമിച്ചശേഷം അധ്യാപികയായിരുന്ന ഭാര്യയ്ക്കൊപ്പം ആലുവയില്‍ വിശ്രമജീവിതം നയിക്കുകയാണിപ്പോള്‍.രണ്ട് പെണ്‍മക്കളുള്ളതില്‍ ഒരാള്‍ ഇന്ത്യന്‍ബാങ്ക് ഓഫീസറും മറ്റേയാള്‍ പാലക്കാട് എന്‍ജിനീയറിങ്ങ് കോളേജ് പ്രഫസറുമാണ്.
കുഞ്ഞൂഞ്ഞിനെ അവസാനമായി നേരില്‍ കണ്ടത് രോഗാവസ്ഥയില്‍ ആലുവ പാലസില്‍ അദ്ദേഹം കഴിയുമ്പോഴാണ്.കുടുംബസമേതം അവിടെയെത്തിയ ചെല്ലപ്പനോട് രോഗവിവരത്തെ പറ്റി പറയുകയും സൗഹൃദം പങ്കുവച്ച് മടങ്ങുകയും ചെയ്തു.പക്ഷേ പ്രിയ കൂട്ടുകാരനുമൊന്നിച്ച് നിന്ന് ഒരു ഫോട്ടോ എടാക്കുവാന്‍ സാധിക്കാതെ വന്നത് ഇപ്പോഴും നൊമ്പരപ്പെടുത്തുന്നുവെന്നും ചെല്ലപ്പന്‍ പറഞ്ഞു.
.




0 Comments