മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയുണ്ടായ ആരോപണങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങളാണ് അദ്ദേഹത്തോട് ഏറ്റവുമധികം അനീതി പ്രവര്‍ത്തിച്ചതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി ഭരണ സമിതിയംഗവും കോം ഇന്ത്യ പ്രസിഡണ്ടുമായ വിന്‍സെന്റ് നെല്ലിക്കുന്നേലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങളോട് ഏറ്റവുമധികം പരിഗണന നല്‍കിയ ഭരണാധികാരി ആയിട്ടും മാധ്യമങ്ങള്‍ ഉമ്മന്‍ ചാണ്ടിയോട് അനീതിയാണ് പ്രവര്‍ത്തിച്ചതെന്ന് കുറിപ്പില്‍ പറയുന്നു.
കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ഒരു നേതാവിനെതിരെ ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീ നടത്തിയ തരംതാണ ആരോപണങ്ങള്‍ മാര്‍ക്കറ്റ് ചെയ്തത് കേരളത്തിലെ മാധ്യമങ്ങളാണെന്ന് വിന്‍സെന്റ് നെല്ലിക്കുന്നേല്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരു കോണ്‍ഗ്രസുകാരന്‍പോലും ധൈര്യമായി ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കാന്‍ ഭയക്കുന്ന കാലത്തും തന്റെ ഉടമസ്ഥതയിലുള്ള സത്യം ഓണ്‍ലൈന്‍ മാത്രമാണ് ഇക്കാര്യത്തില്‍ യാഥാര്‍ഥ്യം എഴുതിയതെന്നും അന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പിടി ചാക്കോയ്ക്ക് ഇക്കാര്യം ബോധ്യമുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. വിന്‍സെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇക്കാര്യം ശരിവച്ചു പി ടി ചാക്കോയും കമന്റ് ചെയ്തിട്ടുണ്ട്.
വിന്‍സെന്റ് നെല്ലിക്കുന്നേലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ....
കഴിഞ്ഞ ദിവസമാണ് ഉമ്മന്‍ ചാണ്ടി സാറിന്റെ കബറിടത്തിലും വീട്ടിലും പോകാന്‍ കഴിഞ്ഞത്. നേതാക്കന്മാര്‍ മരിക്കുമ്പോള്‍ എത്ര അടുപ്പം ഉണ്ടെങ്കിലും വാര്‍ത്തകളുടെ തിരക്ക് കാരണം ആ സമയത്ത് അവിടെ ചെല്ലുന്നത് പ്രായോഗികമാകാറില്ല. എന്നാലും ഉമ്മന്‍ ചാണ്ടി സാറിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കണം എന്ന് തോന്നി.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകരാണ് അദ്ദേഹത്തോട് ഏറ്റവും അനീതി കാണിച്ചതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരോട് ഇത്രയും പരിഗണനയും സ്‌നേഹവും പ്രകടിപ്പിച്ചിട്ടുള്ള വേറൊരു നേതാവില്ല.
എന്നിട്ടും കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള ഒരു നേതാവിനെതിരെ ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും വിശ്വാസ്യതയില്ലാത്ത ഒരു സ്ത്രീ നടത്തിയ തരംതാണ ആരോപണങ്ങള്‍ മാര്‍ക്കറ്റ് ചെയ്തത് ഈ മാധ്യമങ്ങളാണ്.
എക്കാലവും ഉമ്മന്‍ ചാണ്ടി എന്ന ബ്രാന്‍ഡിന്റെ ഗുണഫലങ്ങള്‍ ആവോളം ആസ്വദിച്ച കോട്ടയം മാധ്യമ മുത്തശ്ശി പോലും ആ മാര്‍ക്കറ്റിങ്ങിന്റെ ഭാഗഭാക്കായി എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
ആഴ്ചകള്‍ മുന്‍പ് ജേര്‍ണലിസം കഴിഞ്ഞിറങ്ങി ഇന്റേണ്‍ഷിപ്പ് ചെയ്തുകൊണ്ടിരുന്ന കുട്ടികള്‍ പോലും ' സിഎം ....സിഎം... സോളാര്‍ പ്രതി പറഞ്ഞതിനെക്കുറിച്ചു താങ്കള്‍ക്ക് എന്ത് മറുപടിയാണ് പറയാനുള്ളത് എന്ന് ചോദിച്ച് മൈക്ക് കഴുത്തിലേക്ക് മുട്ടിച്ചു വച്ചിട്ടും അദ്ദേഹം ഒരിക്കല്‍ പോലും അവരോട് 'കടക്ക് പുറത്ത്' പറഞ്ഞിട്ടില്ല. മാധ്യമങ്ങളോട് ആ വാക്ക് പറയാന്‍ ആര്‍ക്കെങ്കിലും യോഗ്യത ഉണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിക്കായിരുന്നു.
എനിക്ക് പറയാനുള്ളത് അതല്ല. സോളാര്‍ കേസിന്റെ തുടക്കം മുതല്‍ ഇന്നേവരെ ഉമ്മന്‍ ചാണ്ടിക്കെതിരെ ഒരു ദുഷിച്ച സ്ത്രീ ഉന്നയിച്ച ആരോപണങ്ങള്‍ അസംബന്ധം ആണെന്ന് എഴുതിയ ഏക മാധ്യമം 'സത്യം ഓണ്‍ലൈന്‍' ആണെന്നതാണ്.
സംശയമുള്ളവര്‍ക്ക് അന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി ടി ചാക്കോയോട് ചോദിക്കാം. അക്കാര്യങ്ങള്‍ നേരിട്ട് ബോധ്യമായിട്ടുള്ള ഒരാള്‍ ആണ് അദ്ദേഹം.
സോഷ്യല്‍ മീഡിയയില്‍ ഒരു കോണ്‍ഗ്രസ് പ്രൊഫൈലുകാരന്‍പോലും ധൈര്യമായി സാറിനെ അനുകൂലിക്കാന്‍ ഭയക്കുന്ന കാലത്തും അദ്ദേഹത്തിന് വേണ്ടി യാഥാര്‍ഥ്യം എഴുതി എന്നതില്‍ എനിക്ക് അഭിമാനമാണുള്ളത്.
ആ ആത്മ ധൈര്യത്തോടെ ആണ് കഴിഞ്ഞ ദിവസം ആ കുഴിമാടത്തിന് മുന്നില്‍ പോയി നിന്നതും.. അദ്ദേഹം അവസാന പുതുപ്പള്ളി സന്ദര്‍ശനം വരെ ജനങ്ങളെ കണ്ട പുതുപ്പള്ളി വീട്ടില്‍ രണ്ടു മണിക്കൂറിലേറെ ചിലവിട്ടതും.
വസ്തുതകള്‍ അപ്പപ്പോള്‍ മനസിലാക്കിയിരുന്നതിന്റെ അടിസ്ഥാനത്തില്‍തന്നെ ആയിരുന്നു അന്നത്തെ ആ നിലപാടുകള്‍. ഉമ്മന്‍ ചാണ്ടി സാറിന്റെ ഓഫീസിലെ ചിലര്‍ക്ക് വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നതും നേരത്തെതന്നെ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അക്കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. അവര്‍ പിന്നീട് പോലീസിന്റെ പിടിയിലാവുകയും ചെയ്തു.
അദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ടും, കഴിഞ്ഞ ഒന്നര വര്‍ഷം ഭൂമിയില്‍ ഒരു മനുഷ്യനും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചു പോകുംവിധം അദ്ദേഹം അനുഭവിച്ച യാതനകള്‍ സംബംന്ധിച്ചും എനിക്കും കൃത്യമായ ചില ധാരണകളുണ്ട്. അതൊന്നും എഴുതാന്‍ സാധിക്കുന്നതല്ല. ഒന്നുമാത്രം പറയാം... പുതിയ പരിശുദ്ധരൊന്നും .. അത്ര പരിശുദ്ധരല്ല .. ഇപ്പോള്‍ അതുമതി .. സാറിന് പ്രാര്‍ത്ഥനകള്‍ ...


.jpeg)



0 Comments