വികസന വീര വാദങ്ങളല്ല, ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളാണ് പ്രധാനം - കര്‍ഷക സമ്മേളനം.



പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വികസനവും മുരടിപ്പും ചര്‍ച്ച ചെയ്യുന്ന ഭരണ, പ്രതിപക്ഷ മുന്നണി നേതാക്കള്‍  ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടാക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കാഞ്ഞിരമറ്റം എവര്‍ഗ്രീന്‍ സസ്റ്റയിനബിള്‍ ഡവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് ഡാന്റീസ് കൂനാനിക്കല്‍ ആവശ്യപ്പെട്ടു. 

 

 

സാധാരാണക്കാരും ഇടത്തരക്കാരുമായ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ക്കും ഉല്പന്നങ്ങള്‍ക്കും ന്യായവില ലഭ്യമാക്കുകയെന്നതാണ് ഈ ജനതയുടെ ആവശ്യം. റബ്ബര്‍ വില സ്ഥിരതാ പദ്ധതി സഹായം വര്‍ദ്ധിപ്പിച്ചു കൊണ്ട് ഒരു കിലോ റബ്ബറിന് കുറഞ്ഞത് 250 രൂപ നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണം. പച്ചക്കറിയിനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന തറവില പുതുക്കി നിശ്ചയിക്കുകയും സംഭരണ സംവിധാനം കാര്യക്ഷമമാക്കുകയും വേണം. നെല്‍ സംഭരണത്തിന് തുക വര്‍ദ്ധിപ്പിച്ച് താമസംവിനാ കൂടിയ സംഭരണവില കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനും വാസയോഗ്യമായ വീടും ശൗചാലയങ്ങളും ഉറപ്പുവരുത്തുന്നതുമായ യഥാര്‍ത്ഥ വികസനം യാഥാര്‍ത്ഥ്യമാവണം. 



സര്‍ക്കാര്‍ ആശുപത്രികള്‍ കൂടുതല്‍ മികവുറ്റ താക്കുകയും സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷവും സൗജന്യ ഇന്റര്‍നെറ്റും ലഭ്യമാക്കുകയും വേണം. അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴിലവസരം ഉറപ്പാക്കുന്ന വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കണം. പാവപ്പെട്ടവരുടെ ജീവിതനിലവാരം പടിപടിയായി ഉയര്‍ത്തുകയെന്ന യഥാര്‍ത്ഥ വികസന സങ്കല്‍പത്തിലൂന്നിയുള്ളതാവണം പുതുപ്പള്ളിയിലെ പുതിയ വോട്ടെടുപ്പ്.


ഉമ്മന്‍ ചാണ്ടിയുടെ മകന്‍ എന്ന വികാരത്തിനപ്പുറം പുതുപ്പള്ളിയുടെ പുന:നിര്‍മ്മിതി എന്ന വിചാരത്തിലൂന്നിയാവണം ഓരോ വോട്ടര്‍മാരും പോളിങ്ങ് ബൂത്തിലേക്ക് നീങ്ങേണ്ടത്. പരസ്പര കുറ്റവിചാരണയ്ക്കപ്പുറം ഓരോ മുന്നണിയും പാര്‍ടിയും തങ്ങള്‍ പറഞ്ഞതും പ്രവര്‍ത്തിച്ചും തമ്മിലുള്ള അന്തരം വിശകലനം ചെയ്തു കൊണ്ട് സ്വയം വിമര്‍ശനത്തിനും ഈ തിരഞ്ഞെടുപ്പ് വഴിയൊരുക്കണം. ഇവിടെ ആരു ജയിച്ചാലും നിലവിലുള്ള ഒരു ഭരണത്തേയും  പ്രത്യക്ഷത്തില്‍ ബാധിക്കില്ലെന്നിരിക്കെ ഉറച്ച പൗരബോധത്തോടെ മനസ്സാക്ഷിയുടെ വോട്ട് ബാലറ്റുപെട്ടിയില്‍ നിറയുന്നതാവണം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. തേജസ് കര്‍ഷക ദളത്തിന്റെ വിശേഷാല്‍ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ജോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ബെന്നി മാത്യു, ജോസഫ് ഓലിയ്ക്കതകിടി, ജോസ് തോലാനിക്കല്‍, ടോമി തോമസ്, ജോസ് മാത്യു, ടോമി സിറിയക് തുടങ്ങിയവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments