വെട്ടൂര്‍ ഓര്‍മ്മയായിട്ട് രണ്ട് പതിറ്റാണ്ട്. ഓര്‍മ്മാ സമ്മേളനമൊരുക്കി പുതുതലമുറ




മലയാള സാഹിത്യ ചരിത്രത്തിലെ പ്രമുഖനായ കഥാകൃത്ത് വെട്ടൂര്‍ രാമന്‍നായര്‍ കഥാവശേഷനായിട്ട് വെള്ളിയാഴ്ച രണ്ട് പതിറ്റാണ്ട് തികയുന്നു. 2003 ആഗസ്റ്റ് 11 നായിരുന്നു അദ്ദേഹത്തിന്റെ വേര്‍പാട്. 20-ാം ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തെ ഓര്‍മ്മിക്കാനൊരുങ്ങുകയാണ് പുതുതലമുറ.

 വെട്ടൂര്‍ രൂപംകൊടുത്ത പാലാ സഹൃദയ സമിതിയുടെ നേതൃത്വത്തില്‍ ഇത്തവണ വെട്ടൂര്‍ സ്മൃതിസദസ്സ് 12-ന് ശനിയാഴ്ച നടത്തുമെന്ന് സഹൃദയ സമിതിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് രവി പുലിയന്നൂര്‍ പറഞ്ഞു.



കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപര്‍, പ്രസാദകന്‍ തുടങ്ങി നിരവധി മേഖലകളില്‍ ഒരേ സമയം പ്രവര്‍ത്തിച്ച വെട്ടൂര്‍ രാമന്‍ നായര്‍ പാലായ്ക്കടുത്ത് പുലിയന്നൂര്‍ സ്വദേശിയായിരുന്നു. പുലിയന്നൂര്‍ കാവനാല്‍ ശങ്കരപിളയുടെയും പര്യാത്ത് നാരായണിയമ്മയുടെയും മകനായിരുന്നു വെട്ടൂര്‍ രാമന്‍ നായര്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം വെട്ടൂര്‍ ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. പുഴ, ജീവിക്കാന്‍ മറന്നുപോയ സ്ത്രീ തുടങ്ങിയ കഥകളിലൂടെ മലയാള സാഹിത്യ ആസ്വാദകരുടെ മനസ്സില്‍ കുടിയേറിയ വെട്ടൂര്‍ പ്രവര്‍ത്തന മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

കേരള സാഹിത്യ പരിഷത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു. 1975 മുതല്‍ കാല്‍നൂറ്റാണ്ടോളം പാക്കനാര്‍ മാസികയുടെ പത്രാധിപരുമായിരുന്നു. 



പാലാ സഹൃദയ സമിതി രൂപീകരിച്ചുകൊണ്ട്, അതുവരെ ''കുറിയിട്ട് കുത്തിക്കൊല്ലുന്ന'' പാലായുടെ പാരമ്പര്യത്തിനുമേല്‍ തൂലികയുടെ പരിചയൊരുക്കുകയായിരുന്നു രാമന്‍ നായര്‍. തകഴി, എം.ടി., ജി. ശങ്കരക്കുറുപ്പ്, സുകുമാര്‍ അഴീക്കോട് തുടങ്ങി കേരളം കണ്ട എണ്ണംപറഞ്ഞ സാഹിത്യപ്രമുഖരെല്ലാം പാലാ സഹൃദയ സമിതിയുടെ ബാനറില്‍ പാലായിലെ വിവിധ സാഹിത്യസമ്മേളനങ്ങളില്‍ നിരന്തരം പങ്കെടുത്തുപോന്നു. അവയ്‌ക്കെല്ലാം ചുക്കാന്‍ പിടിച്ചത് രാമന്‍ നായരായിരുന്നു. പുതുതലമുറയ്ക്കും യുവസാഹിത്യകാരന്‍മാര്‍ക്കും സഹൃദയ സമിതിയിലൂടെ എഴുത്തിന്റെ കളരിയൊരുക്കി എന്നതാണ് വെട്ടൂര്‍ രാമന്‍നായരുടെ മഹത്വം.

രാമന്‍ നായര്‍ സൃഷ്ടിച്ച പാലാ സഹൃദയ സമിതിയുടെ പുതുതലമുറ ഈ സാഹിത്യ തപോധനനുമുന്നില്‍ ഓര്‍മ്മകളുടെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയാണ് ശനിയാഴ്ച.


 

വെട്ടൂര്‍ സ്മൃതി സദസ്സ് 12 ന്

ശനിയാഴ്ച രാവിലെ 10 മണിക്ക് പാലാ കെ.എസ്.ആര്‍.ടി.സിക്ക് എതിര്‍വശമുള്ള ടോംസ് ചേമ്പറിലാണ് വെട്ടൂര്‍ രാമന്‍നായര്‍ സ്മൃതിസദസ്സ് നടത്തുന്നത്. സഹൃദയ സമിതി അദ്ധ്യക്ഷന്‍ രവി പുലിയന്നൂരിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മീനച്ചില്‍ താലൂക്ക് ലൈബ്രററി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് ഉദ്ഘാടനം ചെയ്യും. പ്രമുഖ കഥാകൃത്ത് സന്തോഷ് ജെ.കെ.വി. വെട്ടൂര്‍ അനുസ്മരണാ പ്രഭാഷണം നടത്തും. 

സഹൃദയസമിതി നടത്തിയ കഥാമത്സര വിജയികള്‍ക്ക് സമ്മേളനത്തില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. സഹൃദയ സമിതി ഭാരവാഹികളായ രവി പാലാ, രവി പുലിയന്നൂര്‍, പി.എസ്. മധുസൂദനന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കും.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments