കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള തീരുമാനം നടപ്പാക്കണം - മീനച്ചില്‍ താലൂക്ക് വികസനസമിതി യോഗം



മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മലയോര പഞ്ചായത്തുകളില്‍ കര്‍ഷകരുടെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെയും മുള്ളന്‍പന്നികളെയും വെടിവെച്ച് കൊല്ലുവാന്‍ സര്‍ക്കാര്‍ പഞ്ചായത്തു പ്രസിഡന്റുമാരെ ചുമതലപ്പെടുത്തിയ ഉത്തരവ് നടപ്പില്‍ വരുത്തണമെന്ന് മീനച്ചില്‍ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
 


മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മലയോര പഞ്ചായത്തുകളായ പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍, തിടനാട്, തീക്കോയി, തലനാട്, മൂന്നിലവ്, മേലുകാവ്, കടനാട്, തലപ്പലം പഞ്ചായത്തുകളില്‍ 50 ശതമാനത്തോളം വരുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും തങ്ങളുടെ സ്ഥലങ്ങളില്‍ കാട്ടുപന്നി, മുള്ളന്‍പന്നി എന്നിവയുടെ ശല്യം മൂലം ദുരിത അനുഭവിച്ചു വരുകയാണ്. ഇതു നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ ഈ  മേഖലയിലെ പഞ്ചായത്തു പ്രസിഡന്റുമാരെ ചുമതപ്പെടുത്തിയിട്ടും നാളിതുവരെ ഒരു തുടര്‍ നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിന്‍മേല്‍ അടിയന്തിര നടപടി സ്വീകരിക്കുവാന്‍ പഞ്ചായത്തു പ്രസിഡന്റുമാര്‍ക്ക് താലൂക്ക് വികസന സമിതി യോഗം  നിര്‍ദ്ദേശം നല്കി. ഈ സ്ഥലങ്ങളിലെ പഞ്ചായത്തു ജനപ്രതിനിധികളുടെയും എരുമേലി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും കര്‍ഷക സംഘടനാ പ്രതിനിധികളുടെയും സ്ഥലം എം.എല്‍.എ മാരുടെയും യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ മീനച്ചില്‍ തഹസില്‍ദാരെ യോഗം ചുമതലപ്പെടുത്തി. 
 

 

മലയോര മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ജീവനും സ്വത്തിനും  ഭീഷണിയായി പാറകല്ലുകള്‍ നിരവധി സ്ഥലങ്ങളില്‍ നിലനില്‍ക്കുന്നതിനാല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് എത്രയുംവേഗം തയ്യാറാക്കണമെന്നും ഈ പറക്കല്ലുകള്‍ പൊട്ടിച്ച് നീക്കാന്‍ തുടര്‍നടപടികള്‍ ആരംഭിക്കണമെന്നും മേലുകാവ്, മൂന്നിലവ്, തലനാട്, തീക്കോയി, പൂഞ്ഞാര്‍ നടുഭാഗം, പൂഞ്ഞാര്‍ തെക്കേക്കര വില്ലേജ് ഓഫീസര്‍മാര്‍ക്ക് താലൂക്ക് സമതി യോഗം നിര്‍ദ്ദേശം നല്കി. 
 


അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് എത്തിക്കുന്നവരെയും ജോലി നല്കുന്നവരെയും പോലിസ് പരിശോധന ഉറപ്പാക്കി തിരിച്ചറിയല്‍ കാര്‍ഡും മറ്റ് രേഖകളും ഉറപ്പു വരുത്തി കുറ്റകൃത്യങ്ങള്‍ ചെയ്തുവന്നവരാണോ എന്നുള്ള അന്വേഷണവും നടത്തണമെന്ന് താലൂക്കിലെ പോലിസ് അധികാരികളോട് യോഗം നിര്‍ദ്ദേശിച്ചു. ജനതാദള്‍ എല്‍.ജെ.ഡി നിയോജകമണ്ഡലം പ്രസിഡന്റും താലൂക്ക് വികസന സമതിയംഗവുമായ പീറ്റര്‍ പന്തലാനി ഇക്കാര്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.
 


താലൂക്ക് വികസന സമിതി യോഗത്തില്‍ അംഗങ്ങളായ പി.എം. ജോസഫ്, ജോസുകുട്ടി പൂവേലി, പീറ്റര്‍ പന്തലാനി, ആന്റണി ഞാവള്ളി, റ്റി.എസ്. ബാബു എന്നിവര്‍ പങ്കെടുത്തു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആര്‍. യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. തഹസീല്‍ദാര്‍ സുനില്‍ കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ വിജി ജോര്‍ജ് വെള്ളൂക്കുന്നേല്‍, സജേഷ് ശശി, സാജോ പൂവത്താനി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments