പൊന്നിന്‍ കിരീടമണിഞ്ഞ് ചതുര്‍ബാഹുസ്വരൂപനായി ശ്രീ ഗുരുവായൂരപ്പന്‍. ഉച്ചപൂജാ അലങ്കാര വിഭൂഷിതനായ ഭഗവാനെ ദുര്‍ഗ്ഗാ സ്റ്റാലിന്‍ കണ്‍നിറയെ കണ്ടു . ഇമവെട്ടാതെ തൊഴുതു.സ്വര്‍ണ്ണ കിരീട സമര്‍പ്പിച്ച ധന്യതയില്‍ ഭക്തിനിര്‍വൃതിയിലായിയിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പത്‌നി ദുര്‍ഗ്ഗാ സ്റ്റാലിനും സഹോദരി ജയന്തിയും.
ശ്രീ ഗുരുവായൂരപ്പന് വഴിപാടായി 32 പവനോളം തൂക്കംവരുന്ന സ്വര്‍ണ്ണ കിരിടവും ചന്ദനം അരക്കുന്ന ഉപകരണവുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പത്‌നി ദുര്‍ഗ്ഗ സ്റ്റാലിന്‍ ഇന്ന് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. രാവിലെ പതിനൊന്നേകാലോടെയാണ് ദുര്‍ഗാ സ്റ്റാലിനും സഹോദരി ജയന്തിയും അടുത്ത ബന്ധുക്കള്‍ക്കൊപ്പം ഗുരുവായൂരിലെത്തിയത്.
ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ വിജയന്‍ ,ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ ,ക്ഷേത്രംഡി.എ പി.മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ദുര്‍ഗ്ഗാ സ്റ്റാലിനെയും ഭക്തരെയും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ഉച്ചപൂജയ്ക്ക് മുന്നേ ക്ഷേത്രത്തിലെത്തിയ അവര്‍ നാക്കിലയില്‍ സ്വര്‍ണ്ണ കിരീടം ശ്രീ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. ഒപ്പം കദളിക്കുലയും നെയ്യും.
കാണിക്കയര്‍പ്പിച്ചു. തുടര്‍ന്ന് ശ്രീ ഗുരുവായൂരപ്പ ദര്‍ശനം. ഉച്ചപൂജക്കായി നടയടച്ചതോടെ കളഭക്കൂട്ട് തയ്യാറാക്കുന്ന ഇടത്തെത്തി. ചന്ദനം അരക്കാനുള്ള ഉപകരണം സമര്‍പ്പിച്ചു.
തുടര്‍ന്ന് ക്ഷേത്രത്തില്‍ തങ്ങിയ ദുര്‍ഗ്ഗാ സ്റ്റാലിന്‍ ഉച്ചപൂജക്ക് ശേഷം നട തുറന്നതോടെ നാലമ്പലത്തിലെത്തി. ഉച്ചപൂജ അലങ്കാരത്തിനൊപ്പം ,
താന്‍ സമര്‍പ്പിച്ചപൊന്നിന്‍ കിരീടമണിഞ്ഞ ശ്രീ ഗുരുവായൂരപ്പനെ കണ്ട് വണങ്ങി. ആനന്ദചിത്തയായി.
ദര്‍ശന സായൂജ്യം നേടിയ സംതൃപ്തിയിലാണ് അവര്‍ ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയത്. ദുര്‍ഗ്ഗാ സ്റ്റാലിനും ഭക്തര്‍ക്കും കളഭവും തിരുമുടി മാലയും പഴം പഞ്ചസാരയും നെയ്യ് പായസവുമടങ്ങുന്ന ഭഗവാന്റെ പ്രസാദം ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ നല്‍കി.

.jpeg)



0 Comments