സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി.
ഇന്നു മുതല്‍ 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന ആഗസ്റ്റ് 18ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 21 ആണ്. സെപ്റ്റംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിങ്.
സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. പോളിങ് ശതമാനം ഉയര്‍ത്തുന്നതിനൊപ്പം പരമാവധി പുതിയ വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഹരിത ബൂത്തുകളും തെരഞ്ഞെടുപ്പിനായി ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.
നോമിനേഷന്‍ സമര്‍പ്പിക്കാവുന്ന അവസാന തീയതിയായ ആഗസ്റ്റ് 17 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇവിഎമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കും. ആവശ്യാനുസരണം ഇവിഎമ്മുകളും വിവിപാറ്റുകളും ലഭ്യമാക്കുകയും മെഷീനുകളുടെ സഹായത്തോടെ വോട്ടെടുപ്പ് സുഗമമായി നടത്താനും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികള്‍ ടെലിവിഷനിലൂടെയും പത്രത്തിലൂടെയും പ്രചാരണ സമയത്ത് മൂന്നു തവണ ഇത് സംബന്ധിച്ച വിവരം പരസ്യപ്പെടുത്തണം. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന പാര്‍ട്ടികള്‍ വെബ്സൈറ്റിലും വിവരം പരസ്യപ്പെടുത്തണം.
പുതുപ്പള്ളി മണ്ഡലം
ആകെ വോട്ടര്‍മാര്‍ - 1,75,605
സ്ത്രീ വോട്ടര്‍മാര്‍ - 89,897
പുരുഷ വോട്ടര്‍മാര്‍ - 85,705
ഭിന്നലിംഗ വോട്ടര്‍മാര്‍ - 3
സ്ത്രീ-പുരുഷ അനുപാതം - 1049
80 വയസിനു മുകളിലുള്ള വോട്ടര്‍മാര്‍ - 6376
ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ - 1765
പ്രവാസി വോട്ടര്‍മാര്‍ - 181
സര്‍വീസ് വോട്ടര്‍മാര്‍ - 138
പോളിങ് സ്റ്റേഷനുകളുടെ എണ്ണം - 182
ആകെ പോളിങ് ലൊക്കേഷനുകളുടെ എണ്ണം - 96




0 Comments