ഭക്തജനങ്ങളാല്‍ തിങ്ങി നിറഞ്ഞ് രാമപുരം നാലമ്പലങ്ങള്‍



രാമപുരം നാലമ്പല തീര്‍ത്ഥാടനം മദ്ധ്യഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഭക്തജനങ്ങളുടെ തിരക്ക് ക്രമാതീതമായി കൂടിക്കൂടി വരുകയാണ്. എല്ലാ ദിവസവും രാവിലെയും, വൈകിട്ടും ഭക്തജനങ്ങളാല്‍ നിറഞ്ഞ് കവിഞ്ഞുകൊണ്ടിരിക്കുകയാണ് രാമപുരം നാലമ്പലങ്ങള്‍.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഭക്തജനങ്ങള്‍ക്ക് ഭാഷ അറിയാത്തവര്‍ക്ക് എല്ലാം വിശദീകരിച്ച് നല്‍കുവാന്‍ പ്രത്യേക സ്‌ക്വാഡിനെ തന്നെ നാല് ക്ഷേത്രങ്ങളിലും സജീകരിച്ചിട്ടുണ്ട്. കൂടുതല്‍ വോളന്റിയേഴ്സ് ഞായറാഴ്ച്ച ദിവസമായ ഇന്നലെ പ്രവര്‍ത്തന സജ്ജമായിരുന്നു. രാമപുരം പോലീസ് എസ്.എച്ച്.ഒ. അഭിലാഷ് കുമാര്‍ കെ. യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ക്രമാതീതമായി എത്തിയ വാഹനങ്ങള്‍ തടസങ്ങള്‍ കൂടാതെ പാര്‍ക്ക് ചെയ്യുന്നതിന് എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. രാമപുരം ബ്ളോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സജിത്തിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ജീവനക്കാര്‍ നാല് ക്ഷേത്രങ്ങളിലും ശുചിത്വ പരിപാലനവും, പ്രാഥമിക ചികിത്സ കോര്‍ണ്ണറും ഒരുക്കി ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാനായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

സേവാ ഭാരതി നാല് ക്ഷേത്രങ്ങളിലും ഔഷധ വെള്ളം വിതരണത്തിനും, റോഡില്‍ ഭക്തജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാനുമായി പ്രവര്‍ത്തന രംഗത്തുണ്ട്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന ഭക്തജനങ്ങള്‍ക്കായി എമര്‍ജന്‍സി വാഹനവും പ്രവര്‍ത്തിക്കുന്നുണ്ട്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തിയാണ് ഭക്തജനങ്ങള്‍ മടങ്ങിയത്. 





അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തില്‍ അഖണ്ഡനാമജപം നടത്തി



നാലമ്പലങ്ങളിലെ ക്ഷേത്രമായ അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തില്‍ അഖണ്ഡനാമജപവും, പൂമൂടലും നടന്നു. അഖണ്ഡ നാമജപം ദുരിത നിവാരണത്തിനും, ക്ഷേത്ര ചൈതന്യ വര്‍ദ്ധനവിനുമായി കഴിഞ്ഞ് 4 പതിറ്റാണ്ടായി ക്ഷേത്രത്തില്‍ നടന്നു വരുന്നു. സംബല്‍ സമൃദ്ധിക്കും, ഐശ്വര്യത്തിനും വേണ്ടിയാണ് പൂമൂടല്‍ നടത്തുന്നത്. പൂമൂടലിനോട് അനുബന്ധിച്ച് നടക്കുന്ന വിശേഷാല്‍ ദീപാരാധനയ്ക്ക് ഗുരുവായൂര്‍ പൈതൃക പുരസ്‌കാര ജേതാവ് അമ്പലപ്പുഴ വിജയകുമാര്‍ ഭരതസ്വാമിയുടെ തിരുനടയില്‍ സോപാന സംഗീതാര്‍ച്ചന നടത്തി.





കെ.എസ്.ആര്‍.ടി.സി.യുടെ കൊമ്പന്‍മാര്‍ നാലമ്പലങ്ങളില്‍ കൂട്ടത്തോടെ എത്തി


 

രാമപുരം: കോട്ടയം ജില്ലയിലെ രാമപുരം നാലമ്പലങ്ങളിലേയ്ക്ക് ഇന്നലെ വിവിധ ഡിപ്പോകളില്‍ നിന്നുമായി 16 ആനവണ്ടികള്‍ സര്‍വ്വീസ് നടത്തി. കൊല്ലം, പത്തനംതിട്ട, തിരുവല്ല, വെഞ്ഞാറമ്മൂട്, പന്തളം, അടൂര്‍, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, തിരുവനന്തപുരം സിറ്റി, വൈക്കം, കോട്ടയം, ചങ്ങനാശ്ശേരി, മാവേലിക്കര, കൊട്ടാരക്കര, ചെങ്ങന്നൂര്‍ എന്നവിടങ്ങളില്‍ നിന്നാണ്   കെ.എസ്.ആര്‍.ടി.സി. ബസുകള്‍ എത്തിയത്. കെ.എസ്.ആര്‍.ടി.സി. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായിട്ടാണ് കെ.എസ്.ആര്‍.ടി.സി. ട്രിപ്പുകള്‍ നാലമ്പലങ്ങളിലേയ്ക്ക് ക്രമീകരിച്ചിരിക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്ത് തീര്‍ത്ഥടകരെ ആണ് ക്ഷേത്രങ്ങളില്‍  എത്തിക്കുന്നത്. ഇവര്‍ക്കായി പ്രത്യേക ക്യു സൗകര്യവും അമ്പലങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്. രാമപുരം, കൂടപ്പലം, അമനകര, മേതിരി എന്നീ സ്ഥലങ്ങളില്‍ യഥാക്രമം ശ്രീരാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നീ പ്രതിഷ്ഠകള്‍ ഉള്ള ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രിപ്പുകള്‍ നടത്തുന്നത്. രാമപുരം ശ്രീരാമ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് തിരിച്ച്  അവിടെ തന്നെ എത്തുമ്പോള്‍ 17 കിലോമീറ്റര്‍ ആണ് ആകെ ദൂരം. ഇത്രയും കുറഞ്ഞ ദൂരത്തില്‍ ഒരേ പഞ്ചായത്തില്‍ നാലുക്ഷേത്രവും ഉള്‍കൊള്ളുന്ന കേരളത്തിലെ ഏക നാലമ്പലമാണ് രാമപുരത്തേത്. ബഡ്ജറ്റ് ടൂറിസം ചീഫ് ട്രാഫിക് മാനേജര്‍ ജേക്കബ് സാം ലോപ്പസ്, സംസ്ഥാന കോ - ഓര്‍ഡിനേറ്റര്‍ വി. പ്രശാന്ത്, സോണല്‍ കോ - ഓര്‍ഡിനേറ്റര്‍ ആര്‍. അനീഷ്, കോട്ടയം - എറണാകുളം ജില്ലാ കോ - ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകം എന്നിവരാണ് നാലമ്പല യാത്രയുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.




കുറഞ്ഞ നിരക്കില്‍ ഭക്ഷണമൊരുക്കി മേതിരി എന്‍.എസ്.എസ്. വനിതാ സമാജം


നാലമ്പല തീര്‍ത്ഥാടകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണമൊരുക്കി മേതിരി 304-ാം നമ്പര്‍ എന്‍.എസ്.എസ്. ഭദ്രവിലാസം കരയോഗത്തിന്റെ വനതാ സമാജം പ്രര്‍ത്തകര്‍. ക്ഷേത്രത്തിന് സമീപമുള്ള കരയോഗം ബില്‍ഡിംഗില്‍ ലാണ് ഭക്തര്‍ക്കായി ഭക്ഷണമൊരുക്കുന്നത്. സാധാരണ കടകളിലേക്കാള്‍ നിരക്ക് കുറച്ചാണ് ഇവിടെ സാധനങ്ങള്‍ വില്‍ക്കുന്നത്. രാവിലെ 6 മണിക്ക് കട തുറക്കുമ്പോള്‍ തന്നെ ഭക്തജനങ്ങളുടെ വലിയതോതിലുള്ള തിരക്കാണ് കടയില്‍ അനുഭവപ്പെടുന്നത്. വനിതാ സമാജം പ്രവര്‍ത്തകരായ പ്രിയാ രാമചന്ദ്രന്‍, സുനിത രാജീവ്, രമാ വിനോദ്, അശ്വതി അനീഷ്, രജനി ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കടയുടെ പ്രവര്‍ത്തനം നടക്കുന്നത്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments