പെയിന്റുമായി പോയ പാഴ്സല്‍ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ കായംകുളം സ്വദേശി ഗോകുല്‍ പെരുന്തോട്ടത്തിനും സഹായി അനിലിനും പരുക്കേറ്റു. ഇവരെ ആദ്യം വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എറണാകുളത്ത് നിന്നും കട്ടപ്പനയ്ക്ക് പെയിന്റുമായി പോയ പാഴ്സല്‍ ലോറിയാണ് വണ്ണപ്പുറം- ചേലച്ചുവട് സംസ്ഥാന പാതയിലെ മുണ്ടന്‍മുടി നിരപ്പുപാറയില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു അപകടം. എറണാകുളത്ത് നിന്നും വണ്ണപ്പുറത്തെത്തി ഹൈറേഞ്ചിലേക്ക് പോകുകയായിരുന്നു വാഹനം. മുണ്ടന്‍മുടിക്ക് സമീപം കുത്തനെ കയറ്റം കയറാനാവാതെ വന്നതിനാല്‍ തിരിച്ച് വരവേ കൊടുംവളവില്‍ വച്ച് നിയന്ത്രണം നഷ്ടമായ ലോറി മറിയുകയായിരുന്നു. നിരപ്പുപാറ സ്വദേശി ആനച്ചേരില്‍ ശിവന്റെ വീട്ടു മുറ്റത്തേയ്ക്കാണ് വാഹനം മറിഞ്ഞത്. കുത്തനെ കയറ്റിറക്കമുള്ള റോഡിന് ഇരു വശങ്ങളിലുമായി നിരവധി വീടുകളുമുണ്ട്.
വലിയ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ശിവനും കുടുംബവും അയല്‍വാസികളുമാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. അപകടത്തെത്തുടര്‍ന്ന് ലോറിയില്‍ താഴേക്ക് പതിച്ച പെയിന്റ് റോഡിലാകെ പരന്നു. കയറ്റം കുറയ്ക്കാതെ റോഡ് നിര്‍മിച്ചതും മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.




0 Comments