തൊടുപുഴയ്ക്കടുത്ത് കലൂരില്‍ സ്‌നേഹത്തിന്റെ സേവനവുമായി ഒരു സ്വാമിജിയും മാതാജിയുമുണ്ട്; ഒരു പൈസപോലും സംഭാവന വാങ്ങാത്ത ആശ്രമത്തിലാണ് സ്വാമിജിയും മാതാജിയുമുള്ളത്.
ഐശ്വര്യം വിളങ്ങുന്ന ''ശ്രീകലാ തീര്‍ത്ഥപാദാശ്രമ''ത്തിലെ പൂക്കള്‍നിറഞ്ഞ പടികയറിച്ചെല്ലുമ്പോള്‍ പുഞ്ചിരിയോടെ വിവേകാനന്ദ തീര്‍ത്ഥപാദ സ്വാമിജിയും മാതാജി സ്‌നേഹാനന്ദമയിയും കൂപ്പുകൈകളോടെ നമ്മളെ സ്വീകരിക്കും. സംന്യാസത്തിന്റെ സേവനവീഥിയില്‍ കാവിയണിഞ്ഞ നിസ്വാര്‍ത്ഥരാണ് ഇരുവരും.
''മാനവസേവയാണ് മാധവസേവ'' എന്ന മഹത്തായ ആശയത്തിലൂന്നിക്കൊണ്ടാണ് ശ്രീകലാ തീര്‍ത്ഥപാദാശ്രമത്തിന്റെയും സ്വാമിജി വിവേകാനന്ദ തീര്‍ത്ഥപാദരുടെയും മാതാജി സ്‌നേഹാനന്ദമയി തീര്‍ത്ഥപാദയുടെയും പ്രവര്‍ത്തനങ്ങള്‍.
നിരാലംബരായവര്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുക... നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക... വീട്ടമ്മമാര്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കുകക, കലാ അഭിരുചിയെ പ്രോത്സാഹിപ്പിക്കുക തുടങ്ങി മറ്റ് സംന്യാസാശ്രമങ്ങളൊന്നും ചെയ്യാത്ത വേറിട്ട പ്രവര്‍ത്തനങ്ങളാണ് ശ്രീകലാ തീര്‍ത്ഥപാദാശ്രമം മുന്നോട്ടുവയ്ക്കുന്നത്.
കലൂര്‍ ഗ്രാമത്തിന്റെ സൂര്യതേജസ്സായി മാറിയ ഈ ആശ്രമം സ്ഥാപിതമായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. ഇതിനോടകം ആശ്രമത്തില്‍ നിന്നുള്ള സ്‌നേഹ സേവന സഹായങ്ങള്‍ക്കൊണ്ട് ജീവിതത്തിന് അര്‍ത്ഥം ഉണ്ടായത് നൂറുകണക്കിന് കുടുംബങ്ങള്‍ക്കാണ്. പൂര്‍വ്വാശ്രമത്തില്‍ മൂവാറ്റുപുഴ സ്വദേശിയായ ശശിയും തൊടുപുഴ കലൂര്‍ സ്വദേശിനിയായ ഉഷയും ഭാര്യാ ഭര്‍ത്താക്കന്‍മാരായിരുന്നു. ബിസിനസ്സില്‍ തെക്കേ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന പേരെടുത്ത ''ശശിസാറും'' ഉഷ ചേച്ചിയും സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയിലുള്ളവരായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ രണ്ട് മക്കളും രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ മരണമടഞ്ഞതോടെ ആദ്ധ്യാത്മിക ജീവിതത്തിലേക്ക് തിരിഞ്ഞ ഇരുവരും 2009-ല്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീര്‍ത്ഥപാദ സ്വാമികളില്‍ നിന്നും ഹരിദ്വാറിലെ കുംഭമേളയില്‍ വച്ച് സംന്യാസ ദീക്ഷ സ്വീകരിച്ചു. തുടര്‍ന്ന് 2013ല്‍ തൊടുപുഴയ്ക്കടുത്ത് കലൂരില്‍ നാലേക്കറോളും സ്ഥലത്ത് ആശ്രമം സ്ഥാപിച്ചു.
ജാതി-മത ഭേദമന്യെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, നൃത്ത സംഗീത ക്ലാസുകള്‍, ഭഗവത് ഗീതാ ക്ലാസുകള്‍, കുട്ടികള്‍ക്കായി ചങ്ങാതിക്കൂട്ടം കലൂരിലെ മൂന്ന് വാര്‍ഡുകളിലുള്ള ജനങ്ങള്‍ക്ക് സൗജന്യമായി പോലും നിത്യോപയോഗ സാധനങ്ങള്‍ കൊടുക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി ശ്രീകലാ തീര്‍ത്ഥപാദാശ്രമം നാടിന്റെ ഐശ്വര്യമായിന്ന് മാറിയിരിക്കുകയാണ്.
ദാനം ചെയ്യുന്നതാണ് ഞങ്ങളുടെ പുണ്യം
''ദാനം സ്വീകരിക്കുകയല്ല നിറഞ്ഞ മനസ്സോടെ ദാനം കൊടുക്കുക എന്നുള്ളതാണ് ഞങ്ങളുടെ ആശ്രമത്തിന്റെ പ്രത്യേകത. അധ്വാനത്തില്‍ നിന്ന് ലഭിക്കുന്നതില്‍ ഒരുവിഹിതം അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നത് സാക്ഷാല്‍ ഈശ്വരപൂജയായിത്തന്നെ കാണുകയാണ് ഞങ്ങള്‍'' വിവേകാനന്ദ തീര്‍ത്ഥപാദ സ്വാമിജിയും സ്‌നേഹാനന്ദമായി മാതാജിയും പറഞ്ഞു.
മാതാജി ഒന്നാന്തരം ചിത്രകാരി
തേജോമയിയായ മാതാ സ്‌നേഹാനന്ദമയി തീര്‍ത്ഥപാദ ഒന്നാന്തരമൊരു ചിത്രകാരികൂടിയാണ്. മാതാജി വരച്ച മ്യൂറല്‍ ചിത്രങ്ങള്‍ ശ്രീകലാ തീര്‍ത്ഥപാദാശ്രമത്തിന്റെ അകത്തളങ്ങളെ അതിമനോഹരമാക്കുന്നു. വീണാപാണിനിയായ സരസ്വതി, ഗണപതി, ശിവപാര്‍വ്വതീ പരിണയം, രാധയും കൃഷ്ണനും, സുബ്രഹ്മണ്യന്‍, ദേവി, ഗീതോപദേശം, അന്നപൂര്‍ണ്ണേശ്വരി ലക്ഷ്മി ഇവയെല്ലാം മാതാജിയുടെ വരയില്‍ ഇടംനേടിയിട്ടുണ്ട്. മ്യൂറല്‍ പെയിന്റിംഗിലെ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകൂടിയാണ് മാതാജി സ്‌നേഹാനന്ദമയി.




0 Comments