അങ്കമാലി-എരുമേലി, ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഉടൻ അംഗീകാരം നൽകണം - ഡീൻ കുര്യാക്കോസ് എം.പി


 
ശബരിമല തീർത്ഥാടകർക്ക് വലിയ പ്രയോജനം ലഭ്യമാക്കുന്നതും സംസ്ഥാനത്തിന് മൂന്നാം റെയിൽവേ  ഇടനാഴി തുറന്നു തരുന്നതുമായ അങ്കമാലി-എരുമേലി-ശബരി റെയിൽവേ ലൈൻ പദ്ധതി നിർമ്മാണം പുനരാരംഭിക്കുന്നതിന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് തയ്യാറാക്കി റെയിൽവേയ്ക്ക് സമർപ്പിച്ച 3810 കോടിയുടെ  പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ്മ സിൻഹയെയും നേരിൽ കണ്ട് കത്ത് നൽകി.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ  നിന്ന് പമ്പയെ ബന്ധിപ്പിക്കുന്ന ഫീഡർ ലൈൻ  നിർമ്മിക്കണമെന്ന നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ അങ്കമാലി-എരുമേലി ശബരി പദ്ധതി മരവിപ്പിക്കാൻ റെയിൽവേ ശ്രമിക്കുമെന്ന് പൊതു സമൂഹത്തിൽ വ്യാപക പ്രചാരണം ശക്തമാണെന്നും ശബരിമല തീർത്ഥാടകർക്കും കേരളത്തിനും ഇത് ഗുണകരമല്ലായെന്നും എം.പി. നിവേദനത്തിൽ പറഞ്ഞു. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്കുള്ള നിർദിഷ്ട ലൈന് അങ്കമാലി-എരുമേലി പാതയ്ക്ക് ബദലാകാനാവില്ലെന്നും .  സീസണിൽ ശബരിമല തീർഥാടകർക്ക്  മാത്രം സേവനം നൽകുന്ന  അടഞ്ഞ ഇടനാഴി (cul-de-sac) മാത്രമായി അത് അവസാനിക്കുന്നതാണെന്നും  നിർമ്മാണം ആരംഭിച്ച അങ്കമാലി -ശബരി റെയിൽവേയ്‌ക്ക് പകരം ചെങ്ങന്നൂർ -പമ്പ റെയിൽവേ നിർമ്മിക്കാൻ തീരുമാനിച്ചാൽ സംസ്ഥാനത്ത് മൂന്നാമത്തെ  റെയിൽവേ ഇടനാഴി രൂപപ്പെടാനുള്ള സാഹചര്യം നഷ്ടമാകുമെന്നും എം. പി. പറഞ്ഞു.

അങ്കമാലി-ശബരി റെയിൽവേ പദ്ധതിയുടെ ആദ്യ 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള നടപടികൾ അന്തിമ ഘട്ടങ്ങളിൽ എത്തി നിൽക്കുകയാണ്.  ഏറ്റെടുക്കേണ്ട ഭൂമി ഇതിനകം തന്നെ അതിർത്തി നിർണയിക്കുകയും സോഷ്യൽ ഇംപാക്ട് അസെസ്മെന്റ് പഠനം (SIAS) പൂർത്തിയാക്കുകയും ചെയ്തിട്ടുള്ളതാണ്. പദ്ധതിയ്‌ക്ക് കല്ലിട്ട് തിരിച്ച സ്ഥലങ്ങൾക്ക് വില കൊടുക്കാത്തതിനാൽ,  ഭൂമിയുമായി ബന്ധപ്പെട്ട്  ക്രയവിക്രയമോ നിർമ്മാണപ്രവർത്തനമോ ലോൺ എടുക്കലോ  കഴിയാതെ സ്ഥലഉടമകൾ വളരെയധികം ബുദ്ധിമുട്ടുകയാണ്.

ശബരിമല തീർഥാടനത്തിന്റെ ആരംഭ പോയിൻറായ എരുമേലി പരമ്പരാഗതമായി ശബരിമല തീർഥാടകരുടെ പ്രധാന ലക്ഷ്യസ്ഥാനമാണ്.  വാവര് പള്ളിയിൽ നിന്ന് പേട്ട തുള്ളി എരുമേലി ക്ഷേത്രത്തിൽ  ദർശനം നടത്തിയതിന് ശേഷം ശബരിമലയിലേക്ക് പോകുന്നതാണ് തീർഥാടകരുടെ വിശ്വാസവും ആചാരവും. അങ്കമാലി-എരുമേലി റെയിൽപാത നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീർഥാടന കേന്ദ്രങ്ങളെയും വാണിജ്യ കേന്ദ്രങ്ങളെയും വ്യവസായ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുമെന്നും എം.പി. പറഞ്ഞു. 


 

ഇടുക്കി ജില്ലയെയും 50,000-ത്തിലധികം ജനസംഖ്യയുള്ള തൊടുപുഴ  പട്ടണത്തെയും റെയിൽ ഭൂപടത്തിൽ ഉൾപ്പെടുത്താനും അങ്കമാലി -ശബരിപാത സഹായിക്കും.  രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വൻ വിപണന  സാധ്യതയുള്ള  സുഗന്ധവ്യഞ്ജനങ്ങളുടെയും പഴങ്ങളുടെയും ഉൽപ്പാദന കേന്ദ്രം കൂടിയായ ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിന് അങ്കമാലി- ശബരി റെയിൽവേ വലിയ അനുഗ്രഹമായിരിക്കുമെന്നും എം പി അറിയിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments