ഭക്തരുടെ നാമജപ പ്രദക്ഷിണത്തിന് ഭഗവത് അനുഗ്രഹമായി തൂമഴ പൊഴിഞ്ഞു. ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തില്‍ നടത്തിയ നാമജപ പ്രദക്ഷിണത്തിന്റെ സമാപന വേളയിലാണ് പ്രകൃതിയുടെ തീര്‍ത്ഥവും അനുഗ്രഹവുമായി മഴ തൂളിയത്.
ഒക്‌ടോബര്‍ 1, 2 തീയതികളില്‍ ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന അഷ്ടമംഗല ദേവപ്രശ്‌നത്തിന് മുന്നോടിയായാണ് നാമജപ പ്രദക്ഷിണം ഇന്നലെ ആരംഭിച്ചത്. മുഖ്യ ദൈവജ്ഞന്‍ കോഴിക്കോട് പ്രസാദ് നമ്പീശന്റെ നിര്‍ദ്ദേശപ്രകാരമാണ് അഷ്ടമംഗല ദേവപ്രശ്‌നത്തിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനായി നാമജപ പ്രദക്ഷിണം ആരംഭിച്ചിട്ടുള്ളത്.
ഇന്നലെ ഉച്ചപൂജയുടെ വിശേഷാല്‍ ദീപാരാധനയ്ക്ക് ശേഷം മേല്‍ശാന്തി വൈക്കം സനീഷ് ശാന്തികളുടെ നേതൃത്വത്തില്‍ ശ്രീകോവിലിന് മുന്നില്‍ നടത്തിയ സമൂഹപ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് നാമജപ പ്രദക്ഷിണം നടന്നത്. ഇടപ്പാടി ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍, വൈസ് പ്രസിഡന്റ് സതീഷ് മണി, കമ്മറ്റിയംഗങ്ങളായ വിശ്വംഭരന്‍ വലവൂര്‍, എന്‍.കെ. ലവന്‍, കരുണാകരന്‍ വറവുങ്കല്‍ എന്നിവരും ദേവസ്വം ജീവനക്കാരായ ഷാജി കിടിഞ്ഞന്‍കുഴിയില്‍, ശശിധരന്‍, പ്രിയേഷ് മരുതോലില്‍, സുലോചന പങ്കജാക്ഷന്‍ എന്നിവരും നാമജപ പ്രദക്ഷിണത്തിന് നേതൃത്വം നല്‍കി. മേല്‍ശാന്തി വൈക്കം സനീഷ് ശാന്തികള്‍ പ്രാര്‍ത്ഥനാ മന്ത്രം ചൊല്ലിക്കൊടുത്തു.
അഷ്ടമംഗല ദേവപ്രശ്‌നത്തിന് മുന്നോടിയായി ആനന്ദഷണ്മുഖ ക്ഷേത്രയോഗത്തിന്റെ പേരില്‍ എല്ലാദിവസവും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയും നടന്നുവരുന്നുണ്ട്. ദേവപ്രശ്‌നം കേള്‍ക്കാന്‍ എത്തുന്ന ഭക്തജനങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളും പൂര്‍ത്തിയായി വരികയാണ്. മൂന്നുനേരമുള്ള ഭക്ഷണം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. ഇതിനോടകം നൂറുകണക്കിനാളുകള്‍ ദേവപ്രശ്‌നത്തില്‍ പങ്കെടുക്കാനെത്തുമെന്ന് ദേവസ്വം അധികാരികളെ അറിയിച്ചിട്ടുണ്ട്.
.jpeg)


0 Comments