തൊഴിലുറപ്പ് ജോലിക്കിടെ ഇടയ്ക്കിടെ മുങ്ങാറുണ്ടോ? ഇനി പിടിവീഴും; കൂട്ടുനില്‍ക്കുന്ന മേറ്റുമാരും കുടുങ്ങും





തൊഴിലുറപ്പ് ജോലിക്കിടെ മുങ്ങുന്ന തൊഴിലാളികള്‍ക്ക് ഇനി രക്ഷയില്ല. ഇവരെ കുടുക്കാനും കൂട്ടുനില്‍ക്കുന്ന മേറ്റുമാരെ കരിമ്പട്ടികയില്‍പ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശം.

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുത്ത് ബത്ത വാങ്ങുന്ന ദിവസങ്ങളില്‍ തൊഴിലുറപ്പിലും ഹാജരിട്ട് വേതനം കൈപ്പറ്റുന്നതും വിലക്കി ഉത്തരവുണ്ട്. 'ഇരട്ട വേതനം' എന്ന നിലയ്ക്കാണ് തദേശ വകുപ്പിന്റെ നടപടി.

സ്ഥലത്തില്ലാത്തവരുടെ ഹാജര്‍ രേഖപ്പെടുത്തിയതായി കണ്ടാല്‍ അത് സൈറ്റ് ഡയറിയില്‍ എഴുതി നടപടി സ്വീകരിക്കാന്‍ മേറ്റിനെ ചുമതലപ്പെടുത്തണം. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റാത്ത മേറ്റുമാതെ ഇനി കരിമ്പട്ടികയില്‍പ്പെടുത്തുകയും പദവിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്യും. സാങ്കേതിക പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ അളവിനൊത്ത പ്രവൃത്തി നടത്തിയെന്ന് ഉറപ്പാക്കണം. ഇതില്‍ വീഴ്ചയുണ്ടെങ്കില്‍ അത് സാങ്കേതിക ജീവനക്കാരുടെ ബാധ്യതയായാണ് ഇനി കണക്കാക്കുക.

ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും തൊഴിലുറപ്പ് ഓംബുഡ്സ്മാന്മാരുടെ അന്വേഷണ റിപ്പോര്‍ട്ടുകളിലും ഈ രീതിയില്‍ വലിയ ക്രമക്കേട് കാണിച്ചിരുന്നു. ഗ്രാമ, ബ്ലോക്ക്, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ജനപ്രതിനിധികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് ജോലി ചെയ്യാന്‍ തടസമില്ല. എന്നാല്‍, ഹാജര്‍ രേഖപ്പെടുത്തിയശേഷം ജോലി ചെയ്യാതെ തദ്ദേശസ്ഥാപനങ്ങളുടെ ഭരണസമിതി യോഗത്തിലും മറ്റ് ഔദ്യോഗിക യോഗത്തിലും പങ്കെടുത്ത് ബത്ത വാങ്ങുന്നതാണ് തടഞ്ഞത്.

ഇങ്ങനെ രണ്ടുവേതനം കൈപ്പറ്റിയവരെക്കൊണ്ട് തൊഴിലുറപ്പിലെ കൂലി 18 ശതമാനം പലിശസഹിതം പദ്ധതിയുടെ അക്കൗണ്ടിലേക്ക് തിരിച്ചടപ്പിക്കാനും നിര്‍ദേശമുണ്ട്. ജനപ്രതിനിധികള്‍ക്ക് 'ഇരട്ട വേതനം' ലഭിക്കാന്‍ ഒത്താശ ചെയ്ത ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാന്‍ ബന്ധപ്പെട്ട മേലധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.



മസ്റ്റര്‍ റോളില്‍ ഒപ്പിട്ട തൊഴിലാളികള്‍ മുഴുവന്‍ പ്രവൃത്തിസമയത്ത് ഹാജരുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് പരിശോധന നടത്തുകയും ഹാജറില്ലാത്തവരുടെ പേരിനുനേരെ ആബ്സന്റ് മാര്‍ക്ക് ചെയ്യണം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പെടെ സമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും പങ്കെടുക്കാന്‍ നിശ്ചിത സമയത്തിനുമുമ്പേ തൊഴില്‍ അവസാനിപ്പിക്കുന്നതുള്‍പ്പെടെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പരിശോധന കര്‍ശനമാക്കുന്നത്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments