ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കടനാട് സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ നേതൃത്വത്തില്‍ സമര പരിപാടികള്‍ ആരംഭിക്കാന്‍ തീരുമാനം.
വഴിവിട്ട വായ്പ അനുവദിച്ചതിലൂടെയും നിയമന നടപടികളിലൂടെയുമാണ് ബാങ്ക് പ്രതിസന്ധിയിലായിരിക്കുന്നതെന്ന് നിക്ഷേപകര്‍ കുറ്റപ്പെടുത്തുന്നു.
രാഷ്ട്രീയത്തിന് അതീതമായി രൂപീകരിച്ച നിക്ഷേപക സംരക്ഷണ നിര്‍വാഹക സമിതിയുടെ നേതൃത്വത്തില്‍ നാളെ 2 ന് മാനത്തൂര്‍ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിലാണ് യോഗം ചേരുന്നത്. ഭരണസമിതി അംഗങ്ങളും വേണ്ടപ്പെട്ടവരും കോടികള്‍ വായ്പ എടുത്ത് തിരിച്ചടക്കാതെ വന്നതോടെയാണ് ബാങ്ക് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതെന്ന് നിക്ഷേപകര്‍ ആരോപിച്ചു.
ബാങ്കിലെത്തിയ നിക്ഷേപകര്‍ക്ക് ഡെപ്പോസിറ്റ് തുക മടക്കി നല്‍കാന്‍ കഴിയാതെ വന്നതോടെ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു. വാര്‍ത്ത പരന്നതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയത് ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടി.
ഭരണസമിതി അംഗങ്ങളും മുന്‍ സെക്രട്ടറിമാരുമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് നിക്ഷേപകരും ജീവനക്കാരും പറയുന്നു. അടിക്കടി പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും മാറ്റി പരീക്ഷണം തുടര്‍ന്നെങ്കിലും ബാങ്കിനെ കരകയറ്റാന്‍ കഴിഞ്ഞില്ല. എല്ലാവരും കൈയൊഴിഞ്ഞ് സെക്രട്ടറി ഇന്‍ ചാര്‍ജ് എന്ന പേരില്‍ മറ്റൊരാളില്‍ ഇപ്പോള്‍ നിക്ഷേപകരോട് മറുപടി പറയേണ്ടി ബാധ്യത എത്തിയിരിക്കുകയാണ്.
കോടികള്‍ വായ്പ എടുത്ത പ്രമുഖ വ്യക്തികള്‍ രാജ്യം വിടാന്‍ ഒരുങ്ങുകയാണെന്നാണ് ആരോപണം. ഇതിനെതിരേ പ്രതിഷേധിക്കാനും നിയമനടപടികളിലേക്ക് കടക്കാനും നിക്ഷേപകരെ ഒന്നിച്ച് മുന്നോട്ട് കൊണ്ടു പോകാനുമാണ് സമര സമിതിയുടെ തീരുമാനമെന്ന് സംഘാടകര്‍ പറയുന്നു.



0 Comments