'ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു'; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി



മമ്മൂട്ടി സിനിമയില്‍ പിച്ചവെച്ച് തുടങ്ങിയ കാലത്ത് അദ്ദേഹത്തിന് മികച്ച കഥാപാത്രം ഒരുക്കി നല്‍കി എന്നതുകൂടിയാണ് കെ.ജി ജോര്‍ജ് എന്ന സംവിധായകനെ മലയാള സിനിമ അടയാളപ്പെടുത്തുന്നത്. തന്റെ പ്രിയപ്പെട്ട സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. 'ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു , ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍'. എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

കെ ജി ജോര്‍ജിന്റെ സംവിധാനത്തിലൊരുങ്ങിയ മേളയിലാണ് മമ്മൂട്ടി ആദ്യമായി നായകനാവുന്നത്. 1980ലാണ് മേള റിലീസ് ചെയ്യുന്നത്. ഒരു സര്‍ക്കസ് കൂടാരത്തിലെ കഥ പറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടി, രഘു, ശ്രീനിവാസന്‍, ലക്ഷ്മി, അഞ്ജലി നായിഡു തുടങ്ങിയവര്‍ വേഷമിട്ടു. ചിത്രത്തില്‍ മോട്ടോര്‍ അഭ്യാസിയായി എത്തിയ ആളായിരുന്നു മമ്മൂട്ടി. നടന്റെ കരിയറിലെ മികച്ചൊരു ചിത്രം കൂടിയായിരുന്നു ഇത്.

യവനിക മുതലാണ് മമ്മൂട്ടി എന്ന സറ്റാര്‍ ജനിക്കുന്നത്. മലയാള സിനിമയുടെ നടപ്പ് സിനിമാരീതികളെയല്ലാം പിഴുതെറിഞ്ഞ് യവനിക ലക്ഷണമൊത്ത ആദ്യ ക്രൈത്രില്ലറായി അറിയപ്പെട്ടു. റിലീസ് കേന്ദ്രങ്ങളിലും ചിത്രം തരംഗമായതോടെ മമ്മൂട്ടിയുടെ കരിയറിന്റെ വളര്‍ച്ചയ്ക്കും സഹായിച്ചു.

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ എറണാകുളം വയോജന കേന്ദ്രത്തിലായിരുന്നു കെ.ജി ജോര്‍ജിന്റെ അന്ത്യം. 1946-ല്‍ തിരുവല്ലയില്‍ ജനിച്ച കെ.ജി.ജോര്‍ജ് 1968-ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971-ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ സഹായിയായി മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു.


 

സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച കോലങ്ങള്‍, യവനിക, ലേഖയുടെ മരണം: ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.1998-ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം. പ്രശസ്ത സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകള്‍ സല്‍മയാണ് ഭാര്യ.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments