1.15 കോടി നിര്‍മ്മാണച്ചെലവ്, കരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ മന്ദിരം ഉയരുന്നു.



1.15 കോടി നിര്‍മ്മാണച്ചെലവ്, കരൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ മന്ദിരം ഉയരുന്നു.

കരൂര്‍ ഗ്രാമപഞ്ചായത്തിലെ അന്ത്യാളത്ത് സ്ഥിതി ചെയ്യുന്ന പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നു. ഇതിനുള്ള പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. 



ഒരുകോടി പതിനഞ്ച് ലക്ഷം രൂപാ വിനിയോഗിച്ച് രണ്ട് നിലകളിലായി എണ്ണായിരം സ്‌ക്വയര്‍ഫീറ്റ് കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഇതിനുപുറമെ ജില്ലാ പഞ്ചായത്തിന്റെ വിഹിതമായി പത്തുലക്ഷം രൂപാകൂടി അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.

അന്ത്യാളം ജംഗ്ഷനില്‍ പയപ്പാര്‍ റോഡിന്റെ തുടക്കത്തിലാണ് പ്രാഥമിക ആരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ദിവസേന നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. ഡോക്ടറും നഴ്‌സുമാരും ഉള്‍പ്പെടെ 25 ജീവനക്കാരാണ് നിലവില്‍ ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്നത്. കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതോടെ കൂടുതല്‍ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും എത്തും.

നിലവിലെ കെട്ടിടത്തിന്റെ സൗകര്യക്കുറവ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും ഇവിടുത്തെ ജീവക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. കൊവിഡ് കാലഘട്ടത്തില്‍ അന്ത്യാളം ആശുപത്രിയില്‍ ലഭ്യമാക്കിയ സേവനങ്ങള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

നിലവിലെ മന്ദിരത്തിന്റെ പണികള്‍ ജനുവരിയോടുകൂടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇന്നലെ ആശുപത്രി മന്ദിര നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ സ്ഥലത്തെത്തിയിരുന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസമ്മ ബോസ്, പഞ്ചായത്ത് മെമ്പര്‍മാരായ പ്രിന്‍സ് കുര്യത്ത്, ലിന്റണ്‍ ജോസഫ്, വത്സമ്മ തങ്കച്ചന്‍, സ്മിത ഗോപാലകൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജേഷ് പി.ആര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. 




ആശുപത്രിയില്‍ എല്ലാ സൗകര്യവും ഏര്‍പ്പെടുത്തും - രാജേഷ് വാളിപ്ലാക്കല്‍

അന്ത്യാളം പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതോടെ ഇവിടെ വേണ്ട എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്നും ഇതിനായി സംസ്ഥാന ആരോഗ്യവകുപ്പ് മേലധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments