ഇസ്രായേല്‍ യുദ്ധപ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ മേഖലയിലെ മലയാളികളുടെ സുരക്ഷ ലക്ഷ്യമാക്കി അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവരോട് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു.
മേഖലയിലെ സ്ഥിതി ഭയാനകമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അവിടെയുള്ള മലയാളികളുമായി ആശയവിനിമയം നടത്തി. അവിടെയുള്ള ആളുകളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണ്. 72 മണിക്കൂര്‍ നേരത്തേയ്ക്കുള്ള സാധനസാമിഗ്രികള്‍ തയ്യാറാക്കി ഇരിക്കാന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞതായി അവിടെ നിന്നുള്ളവര്‍ അറിയിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ്, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ തത്ക്കാലികമായി തടസ്സപ്പെടാനുള്ള സാധ്യതയും അവിടെ നിന്നുള്ളവര്‍ പറഞ്ഞു.
മേഖലയില്‍ ധാരാളം കേരളീയര്‍ താമസിക്കുന്നുണ്ട്. ദിനംപ്രതി കേരളീയരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും തങ്ങളുടെ പൗരന്‍മാരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തനങ്ങളും പലായനങ്ങളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി.
അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടാന്‍ പാലാക്കാര്‍ക്ക് സൗകര്യം
യുദ്ധസാഹചര്യത്തില്‍ പാലായില്‍ നിന്നും മേഖലയിലുള്ളവര്‍ക്കു അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടാന്‍ സൗകര്യമേര്‍പ്പെടുത്തിയതായി മാണി സി കാപ്പന്‍ എം എല്‍ എ അറിയിച്ചു. അടിയന്തിര സാഹചര്യത്തില്‍ 8848354369 എന്ന വാട്ട്‌സ് ആപ്പ് വിവരങ്ങള്‍ അറിയിക്കാവുന്നതാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എം എല്‍ എ യുടെ പ്രസ് സെക്രട്ടറി എബി ജെ ജോസിനെ ചുമതലപ്പെടുത്തി.



0 Comments