മൂന്നാനിയില്‍ ദാരുണമായ വാഹനാപകടത്തിനിടയാക്കിയ വാഹനമോടിച്ച വ്യക്തിയെ രക്ഷിക്കാന്‍ പോലീസ് നീക്കമെന്ന് സംശയം. പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പ്രതിയുടെ സ്ഥാനത്ത് അജ്ഞാതന്‍ എന്ന് രേഖപ്പെടുത്തിയത് ഇതിനാണെന്ന് സംശയിക്കപ്പെടുന്നു.
ഒരു സിവില്‍ പോലീസ് ഓഫീസറുടെ ബന്ധുവായ വനിതയാണ് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടന്‍ ഈ പോലീസുകാരന്‍ സംഭവ സ്ഥലത്ത് എത്തുകയും പ്രശ്‌നത്തിലിടപെടുകയും ചെയ്തിരുന്നു. ഇതില്‍ അസംതൃപ്തി പ്രകടിപ്പിച്ച നാട്ടുകാരോടും മുനിസിപ്പല്‍ കൗണ്‍സിലറോടും ഇയാള്‍ ധിക്കാരപരമായി സംസാരിച്ചത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളോട് നാട്ടുകാര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പാലാ എസ്.ഐ ബിനു വി.എല്‍ ആണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടുള്ളത്.
ഇതേസമയം സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. പോലീസുകാരന്‍ വനിതാ കൗണ്‍സിലറോടും നാട്ടുകാരോടും ധാര്‍ഷ്ട്യത്തോടെ പെരുമാറുകയും അപകടത്തില്‍പ്പെട്ട വാഹനം സ്ഥലത്തുനിന്ന് നീക്കാന്‍ തിടുക്കം കാട്ടുകയും ചെയ്തതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തതയാണ് സൂചന.
വാഹനാപകടത്തിന്റെ കൂടുതല്‍ സി.സി.ടി.വി. ദ്യശ്യങ്ങള്‍ പുറത്തുവന്നു.
വാഹനാപകടത്തിന്റെ കൂടുതല്‍ സി.സി.ടി.വി. ദ്യശ്യങ്ങള്‍ പുറത്തുവന്നു. സമീപവാസിയായ കുറ്റിയാനിയ്ക്കല്‍ ഷേര്‍ളി ഓടി മാറിയതുകൊണ്ട് അപകടത്തില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെടുന്നതും ദൃശ്യത്തിലുണ്ട്. അപകടം നടന്ന ശേഷം പരിക്കു പറ്റിയ അനിലിനെ നാട്ടുകാരും അപകടമുണ്ടാക്കിയ വാഹനത്തില്‍ ഉണ്ടായിരുന്ന ഒരാളും ചേര്‍ന്ന് ഒരു ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേയ്ക്ക് വിടുന്നതും ദൃശ്യത്തില്‍ കാണാം. തുടര്‍ന്ന് അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും അപകടമുണ്ടാക്കിയ വനിത ഇറങ്ങി വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പ്രതി അജ്ഞാതന്‍ എന്ന് രേഖപ്പെടുത്തിയതില്‍ ദുരൂഹത
ഇത്രയും സംഭവം നടന്നിട്ടും പ്രതി അജ്ഞാതന്‍ എന്ന് രേഖപ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്ന് പൊതുപ്രവര്‍ത്തകനായ എബി ജെ. ജോസ് കുറ്റപ്പെടുത്തി. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചയാളുടെ മെഡിക്കല്‍ പരിശോധന നടത്താത്തതും ഫിറ്റ്‌നസ് പരിശോധിക്കാത്തതും പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണോയെന്ന് സംശയമുണ്ട്. പോലീസുകാരന്റെ ബന്ധു ആയതിനാലാണ് പ്രതിയുടെ പേര് രേഖപ്പെടുത്താത്തതെന്നും ഇത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് കരുതുന്നതായും എബി ജെ. ജോസ് പറഞ്ഞു.
സമീപത്തെ ഡയബറ്റിക് സെന്ററില്‍ നിന്നും ചികിത്സ നടത്തിയ ശേഷം ഇറങ്ങിയ ഇവരാണ് വാഹനമോടിച്ചതും ദാരുണമായ അപകടം വരുത്തി വച്ചതും. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ നഗരസഭാ കൗണ്‍സിലംഗം സിജി ടോണി പോലീസുകാരന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും പറഞ്ഞു.
അപകടത്തില്‍പ്പെട്ട പാലാ വാട്ടര്‍ അതോററ്റി ജീവനക്കാരന്‍ അനില്‍ ഗുരുതരമായ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അനിലിന്റെ നട്ടെല്ലിനു അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രകിയ പൂര്‍ത്തിയാക്കി.
ആരോപണ വിധേയനായ പോലീസുകാരന്‍ മുനിസിപ്പല്‍ കൗണ്‍സിലറെ ഫോണില്‍ വിളിച്ചു
ഇതിനിടെ ആരോപണ വിധേയനായ പോലീസുകാരന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ സിജി ടോണിയെയും പൊതുപ്രവര്‍ത്തകനായ എബി ജെ. ജോസിനെയും ഫോണില്‍ ബന്ധപ്പെട്ടു. താന്‍ അസഭ്യമൊന്നും പറഞ്ഞില്ലല്ലോയെന്ന് പോലീസുകാരന്‍ പറഞ്ഞതായി ഇരുവരും പറഞ്ഞു. എന്നാല്‍ വാഹനാപകടം ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ ആള് മരിക്കുമെന്നും പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും മറ്റുമുള്ള പദപ്രയോഗങ്ങള്‍ മോശമായിപ്പോയില്ലേയെന്ന കൗണ്‍സിലറുടെ ചോദ്യത്തിന് പോലീസുകാരന് മറുപടി ഉണ്ടായിരുന്നില്ലെന്നും ഒടുവില്‍ താന്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന തുറന്നു സമ്മതത്തോടെയാണ് പോലീസുകാരന്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചതെന്നും സിജിയും എബിയും പറഞ്ഞു.
.png)
.jpeg)




0 Comments