ഒരു നാടിന്റെ ആഘോഷമായി കുന്നോന്നിയിൽ മേട ചതയ താലപ്പൊലി ഘോഷയാത്ര...... ചെണ്ടമേളത്തിനൊപ്പം കൈമണിത്താളവുമായി സെബാസ്റ്റ്യൻ എം. ജെ. എം എൽ എയും ......
ജാതി-മത ഭേദമന്യേ നാടൊന്നാകെ കൈകോർത്ത ജനകീയാഘോഷമായി എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശാഖ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്രയാണ് ഭക്തി നിർഭരമായത്. ജനപങ്കാളിത്തം, കലാപരിപാടികളുടെ വൈവിധ്യം, ഭക്തിനിർഭരമായ അന്തരീക്ഷം എന്നിവ കൊണ്ട് ഘോഷയാത്ര ഏറെ ശ്രദ്ധേയമായി.
വീഡിയോ ഇവിടെ കാണാം 👇👇👇
തങ്കച്ചൻ അമ്പഴത്തിനാൽകുന്നേലിന്റെ ഭവനാങ്കണത്തിൽ പൂജിച്ച താലം വഹിച്ച ഘോഷയാത്ര ശാഖാ പ്രസിഡന്റ് കെ.ആർ രാജീഷ് പുതുപ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് വിശ്വാസികളും നാട്ടുകാരും അണിനിരന്ന ഘോഷയാത്ര ചെണ്ടമേളത്തിന്റെ താളമേളങ്ങളിലും പമ്പാമേളത്തിന്റെ ആവേശത്തിലും കുന്നോന്നി ഗ്രാമവീഥികളിലൂടെ ക്ഷേത്രസന്നിധിയിലേക്ക് നീങ്ങി.
എൽ.ഇ.ഡി അമ്മൻകുടം, പൂക്കാവടി, മയൂരനൃത്തം, ലൈറ്റ് ഷോ, കൈകൊട്ടിക്കളി എന്നിവ ഘോഷയാത്രയ്ക്ക് വേറിട്ട ദൃശ്യഭംഗി പകർന്നു. ശാഖയിലെ കുട്ടികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തിൽ അവതരിപ്പിച്ച കൈകൊട്ടിക്കളി പ്രത്യേക ശ്രദ്ധനേടി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിവിധ പ്രായക്കാരുടെ സാന്നിധ്യം ഘോഷയാത്രയെ ഒരു നാടിന്റെ കൂട്ടായ്മയുടെ പ്രതീകമാക്കി മാറ്റി.
കുന്നോന്നി ടൗണിൽ എത്തിയ ഘോഷയാത്രയ്ക്ക് നാട്ടുകാർ ആവേശപൂർവമായ സ്വീകരണമാണ് നൽകിയത്. വഴിയോരങ്ങളിൽ നിരവധി പേർ ദീപം തെളിച്ചും പൂക്കൾ വിതറിയും ഭക്തിനിർഭരമായ വരവേൽപ്പ് ഒരുക്കി. വർണാഭമായ അലങ്കാരങ്ങളും സംഗീതമേളങ്ങളും അണിനിരന്നതോടെ പ്രദേശം ഉത്സവപ്രതീതിയിലായി. നിയുക്ത പൂഞ്ഞാർ എം.എൽ.എ എം.ജെ സെബാസ്റ്റ്യൻ, ഈരാറ്റുപേട്ട ബ്ലോക് മെമ്പർമാരായ ബീന മധുമോൻ, റോജി തോമസ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുജിത്ത് പി.സി, നിഷ സാനു, ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, വൈസ് പ്രസിഡന്റ് എ.ആർ മോഹനൻ, മാനേജിംങ് കമ്മറ്റി അംഗങ്ങൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
തുടർന്ന് ഗുരുദേവക്ഷേത്രത്തിൽ താലം അഭിഷേകം, ദീപാരാധന, പൂമൂടൽ, പുഷ്പാഭിഷേകം തുടങ്ങിയ വിശേഷാൽ ചടങ്ങുകൾ ഭക്തിനിർഭരമായി നടന്നു. മഹാപ്രസാദമൂട്ടിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
പാതാമ്പുഴ ശിവ പാർവ്വതി സംഘത്തിന്റെ നാടൻപാട്ടും ദൃശ്യാവിഷ്കാരവും പരിപാടികൾക്ക് കൂടുതൽ ആവേശം പകർന്നു. കലയും ഭക്തിയും ജനകീയ പങ്കാളിത്തവും ഒരുമിച്ചുചേർന്ന മേട ചതയ താലപ്പൊലി ഘോഷയാത്ര ഈ വർഷവും കുന്നോന്നിയുടെ ഉത്സവചരിത്രത്തിൽ ശ്രദ്ധേയമായ അധ്യായമായി മാറി.




0 Comments