പാലാ മൂന്നാനിയിലെ നിര്‍ദ്ദിഷ്ട ഓട്ടോമൊബൈല്‍ സര്‍വ്വീസ് സ്റ്റേഷനെക്കുറിച്ചുള്ള വിവരാവകാശ രേഖയ്ക്ക് ''അരിയെത്ര?... പയറഞ്ഞാഴി'' എന്നമട്ടിലുള്ള മറുപടി.
കഴിഞ്ഞ മാസം ഇത് സംബന്ധിച്ച് നഗരവാസികളിലൊരാള്‍ നഗരസഭാ സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചിരുന്നു. അതില്‍ പാലാ മുനിസിപ്പാലിറ്റിയുടെ പരിധിയിലൂടെ ഒഴുകുന്ന മീനച്ചിലാറ്റില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ ഏറ്റവുമാദ്യം വെള്ളം കയറുന്ന ഭാഗമല്ലേ മൂന്നാനിയെന്നും ഇവിടെ റവന്യു വിഭാഗം വെള്ളപ്പൊക്ക മുന്നറിയിപ്പ് സ്‌കെയില്‍ സ്ഥാപിച്ചിട്ടുള്ളതല്ലേയെന്നും ഇങ്ങനെയുള്ളൊരു സ്ഥലത്ത് ഓട്ടോമൊബൈല്‍ സര്‍വ്വീസ് സെന്ററിന് അനുമതി കൊടുത്തത് അധികാര ദുര്‍വിനിയോഗമല്ലേയെന്നുമായിരുന്നു ചോദ്യം.
ഇതിന് ലഭിച്ച ഉത്തരമാണ് വിചിത്രമായിട്ടുള്ളത്; ഓട്ടോമൊബൈല്‍ സര്‍വ്വീസ് സെന്ററിന് കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ (2019) പ്രകാരമാണ് അനുമതി നല്‍കിയിട്ടുള്ളത് എന്നായിരുന്നു മറുപടി. വെള്ളപ്പൊക്കത്തിന്റെ കാര്യം ചോദിച്ചപ്പോള്‍ സര്‍വ്വീസ് സെന്റര്‍ ആരംഭിക്കാന്‍ അനുവാദം കൊടുത്തിട്ടുണ്ടെന്നും മറുപടി!
പാലാ മുനിസിപ്പാലിറ്റി 9-ാം വാര്‍ഡ് ദുരന്ത നിവാരണ ആസൂത്രണ രേഖപ്രകാരം വെള്ളപ്പൊക്ക ബാധിത പ്രദേശമാണെന്ന് രേഖപ്പെടുത്തി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇങ്ങനെയുള്ള സ്ഥലത്ത് വന്‍കിട ഓട്ടോമൊബൈല്‍ സര്‍വ്വീസ് സെന്റര്‍ പോലുള്ളവ പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ലെന്നും നഗരവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
2018 ലെ പ്രളയത്തില്‍ ഈ ഭാഗത്ത് പത്തടിയോളം വെള്ളം ഉയര്‍ന്നിരുന്നു. 2020 ല്‍ ഇതിലും കൂടുതല്‍ വെള്ളം ഉയര്‍ന്നിരുന്നതാണ്. വെള്ളപ്പൊക്കത്തെ സംബന്ധിച്ച് ഇത്രയും മുന്നറിയിപ്പുള്ള ഒരു സ്ഥലത്ത് ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും സ്വത്തിനും ഭീഷണിയായ ഓട്ടോമൊബൈല്‍ സര്‍വ്വീസ് സെന്ററിന് അനുമതി കൊടുത്തത് അധികാര ദുര്‍വിനിയോഗമാണെന്നും ഇത് സംബന്ധിച്ച് പരാതി കൊടുത്ത നഗരവാസികള്‍ ചൂണ്ടിക്കാണിക്കുന്നു.
വെള്ളപ്പൊക്ക സാധ്യതയുള്ളടത്ത് കെട്ടിടം പണിയുന്നത് ആപത്ക്കരം
വെള്ളപ്പൊക്ക സാധ്യത ഉള്ളതായി മുനിസിപ്പാലിറ്റി വിജ്ഞാപനം ചെയ്യുന്ന ഒരു സ്ഥലത്തോ വെള്ളം വാര്‍ന്നുപോകാത്ത പ്രദേശത്തോ കേരള കണ്‍ട്രി ആന്റ് ടൗണ്‍ പ്ലാനിംഗ് ആക്ട് 2016 പ്രകാരം ഏതെങ്കിലും മാസ്റ്റര്‍ പ്ലാനിലോ നഗരാസൂത്രണ പ്ലാനിലോ വെള്ളപ്പൊക്ക സാധ്യത ഉള്ളതായി സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍ അവിടങ്ങളില്‍ കെട്ടിടം നിര്‍മ്മിക്കുന്നത് ആപത്ക്കരമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
.jpeg)


0 Comments