പാലാ വലിയപാലത്തിന്റെ തൂണില്‍ തങ്ങിയ മാലിന്യം; ഫയര്‍ഫോഴ്‌സ് വരുമെന്ന് പറഞ്ഞു, സ്വാഹ... ഒടുവില്‍ ഫ്രണ്ട്‌സ് ക്ലബ്ബുകാര്‍ നാടിന് മാതൃകയായി.



മീനച്ചിലാറിന് കുറുകെയുള്ള പാലാ വലിയപാലത്തിന്റെ ചുവട്ടില്‍ തൂണില്‍ തങ്ങിനില്‍ക്കുന്ന മാലിന്യങ്ങള്‍ നീക്കാന്‍ ഫയര്‍ഫോഴ്‌സിനെ കാത്തിരുന്നിട്ട് ഒരു കാര്യവുമുണ്ടായില്ല. 


ലോഡ് കണക്കിന് മാലിന്യങ്ങള്‍ തൂണില്‍ തങ്ങിനില്‍ക്കുന്നത് ഇതിനോട് ചേര്‍ന്നുള്ള റിവര്‍വ്യൂ റോഡ് വഴി പോകുന്ന അധികാരികളുടെയൊക്കെ കണ്ണില്‍പ്പെട്ടതാണ്; പക്ഷേ അവരാരും ഇത് ''കണ്ടില്ല!'' കഴിഞ്ഞ പ്രളയത്തില്‍ വലിയ പാലത്തിന്റെ തൂണില്‍ ലോഡുകണക്കിന് മാലിന്യങ്ങള്‍ തങ്ങിനിന്നത് മാധ്യമങ്ങളാണ് പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്. 


 

തുടര്‍ന്ന് ഇത് എത്രയും വേഗം മാറ്റണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി പി.ഡബ്ല്യു.ഡി. അധികാരികള്‍ക്ക് കത്ത് കൊടുത്തിരുന്നു. ഒരു കാര്യവുമുണ്ടായില്ല.

പിന്നീട് പാലാ ഫ്രണ്ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരായ ബിനു പെരുമന, റോയി ആനിത്തോട്ടം, ആന്റണി എള്ളുംകാലായില്‍ എന്നിവര്‍ ചേര്‍ന്ന് റവന്യു അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മീനച്ചില്‍ തഹസില്‍ദാര്‍ മുഖാന്തിരം ഈ വിഷയം പാലാ ഫയര്‍ഫോഴ്‌സിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അവര്‍ ഉടന്‍ മാലിന്യങ്ങള്‍ നീക്കുമെന്ന് പരാതിക്കാരെ അറിയിക്കുകയും ചെയ്തു. പക്ഷേ ഒന്നുമുണ്ടായില്ല. 



ഒടുവില്‍ അധികാരകേന്ദ്രങ്ങളില്‍ നിന്ന് ഒരു തീരുമാനവും ഉണ്ടാവില്ലെന്ന് മനസ്സിലായതോടെ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതാക്കളായ റോയി ആനിത്തോട്ടം, ആന്റണി എള്ളുംകാലായില്‍, ബിനു പെരുമന, പി.ജെ. ജെയിംസ്, മനോജ് മാത്യു എന്നിവര്‍ നേരിട്ട് ശുചീകരണ പ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. 


രാവിലെ 10 മണിയോടെ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. പാലത്തിന്റെ തൂണില്‍ അടിഞ്ഞുകൂടിയ വന്‍തടികളും മറ്റും ഭഗീരഥപ്രയത്‌നം നടത്തിയാണ് ഇവര്‍ നാലുപേര്‍ ചേര്‍ന്ന് നീക്കിയത്. ഒരുമണിയോടെ പാലത്തിന്റെ തൂണും പരിസരവും ഇവര്‍ പൂര്‍ണ്ണമായും ശുചിയാക്കി. തൂണില്‍ അടിഞ്ഞിരുന്ന ചെളിയും കഴുകി വൃത്തിയാക്കി. 



ഇത് സമൂഹത്തിന്റെ കടമയാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു 


വലിയപാലത്തിന്റെ തൂണില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ വകുപ്പിലെ ഒരു അധികാരകേന്ദ്രവും
തയ്യാറാകാതെ വന്ന സാഹചര്യത്തിലാണ് തങ്ങള്‍ നേരിട്ടിറങ്ങി ഇവിടം വൃത്തിയാക്കിയതെന്നും പാലം സംരക്ഷിക്കുകയും ശുചിയാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നുള്ള തിരിച്ചറിവിലാണ് ഞങ്ങള്‍ നേരിട്ട് പണിക്കിറങ്ങിയത് - ബിനു പെരുമന, കണ്‍വീനര്‍ ഫ്രണ്ട്‌സ് ആര്‍ട്‌സ് ക്ലബ്ബ് 



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments