സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയില്‍ കയറിപ്പോയി; യുവാവിനെ കാണാതായിട്ട് രണ്ടാഴ്ച, ദുരൂഹത




പത്തനംതിട്ട വടശ്ശേരിക്കരയില്‍സുഹൃത്തിനൊപ്പം വീട്ടില്‍ നിന്നും പോയ യുവാവിനെ കാണാതായതില്‍ ദുരൂഹതയെന്ന് കുടുംബം.

പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശിയായ 23 കാരന്‍ സംഗീത് സജിയെ കാണാതായിട്ട് രണ്ടാഴ്ചയാകുന്നു. പൊലീസ് ഗൗരവമായി അന്വേഷിക്കുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. 


ഒക്ടോബര്‍ ഒന്നിന് വൈകീട്ട് സുഹൃത്തായ പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ പോയതാണ് സംഗീത്. പിന്നീട് വീട്ടിലേക്ക് തിരികെയെത്തിയില്ല. രാത്രി വൈകിയും തിരികെ വരാതായപ്പോള്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. 

സുഹൃത്ത് പ്രദീപും ഫോണ്‍ എടുത്തില്ല. ഇടത്തറ ഭാഗത്ത് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഓട്ടോറിക്ഷ നിര്‍ത്തിയെന്നും അതിനു ശേഷം സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ് പറയുന്നത്.


സമീപത്തെ തോട്ടില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറഞ്ഞിരുന്നു. സംഗീതിനെ പൊലീസും ഫയര്‍ഫോഴ്‌സും ദിവസങ്ങളോളം തിരഞ്ഞെങ്കിലും ഒരു സൂചനയും കിട്ടിയിട്ടില്ല. സംഗീതിനെ പെട്ടെന്ന് കാണാതാകുകയായിരുന്നു എന്നാണ് സുഹൃത്ത് പ്രദീപ് പൊലീസിനോട് ആവര്‍ത്തിക്കുന്നത്. 


ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇടയ്ക്ക് സംഗീത് പറഞ്ഞിരുന്നതായും, പ്രദീപ് പറയുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സംഗീതിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments