ഇടപ്പാടിയില്‍ അതീവ ചൈതന്യത്തോടെ വാഴുന്ന ആനന്ദഷണ്മുഖ ഭഗവാനെ വേണ്ടപോലെ ഉപാസിച്ചാല്‍ സല്‍സന്താനങ്ങള്‍ ഉണ്ടാകുമെന്നും സന്താനങ്ങള്‍ക്ക് അതീവ ശ്രേയസ് ഉണ്ടാകുമെന്നും ദേവപ്രശ്‌ന വിധി.
വിഗ്രഹമായിട്ടുള്ള വേലില്‍ സൂക്ഷ്മമായ ചില കേടുപാടുകള്‍ ഉണ്ടെങ്കിലും ശ്രീനാരായണ ഗുരുദേവന്‍ പ്രതിഷ്ഠിച്ചതായതിനാല്‍ ഇതില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ലെന്നും പ്രശ്‌നചിന്തയില്‍ തെളിഞ്ഞു.
കോഴിക്കോട് കോട്ടൂര്‍ പ്രസാദ് നമ്പീശന്റെ മുഖ്യനേതൃത്വത്തിലാണ് ഇന്നലെ ദേവപ്രശ്‌നം ആരംഭിച്ചത്. കായണ്ണ രതീഷ് പണിക്കരാണ് സഹ ദൈവജ്ഞന്‍.
ഇന്നലെ രാവിലെ ക്ഷേത്രസന്നിധിയില്‍ രാശിപൂജയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ഇടമറ്റം മുകളേല്‍ കുടുംബാംഗവുമായ മാളവികയാണ് സ്വര്‍ണ്ണരാശി സമര്‍പ്പിച്ചത്. കര്‍ക്കടകം രാശിയിലാണ് കന്യകയായ മാളവിക സ്വര്‍ണ്ണം വച്ചത്. ശുക്രന്‍ ലഗ്നമായി വരികയും സരസ്വതിയോഗം പൂര്‍ണ്ണമാവുകയും ചെയ്ത രാശിയില്‍ വ്യാഴം അതീവ ബലവാനായി നില്‍ക്കുന്നതിനാല്‍ ഈശ്വരാനുഗ്രഹം വേണ്ടുവോളമുണ്ടെന്ന് പ്രശ്‌നചിന്തയില്‍ തെളിഞ്ഞു. എന്നാല്‍ ഗുളികസ്ഥിതി അനിഷ്ടകരമായതിനാല്‍ ഇന്ന് ദോഷപരിഹാരാര്‍ത്ഥം മൃത്യുഞ്ജയ ഹോമം നടത്തുന്നതിനോടൊപ്പം ആനന്ദഷണ്മുഖ ഭഗവാനും ഗുരുദേവനും നെയ്‌വിളക്ക് തെളിയിക്കാനും ദൈവജ്ഞന്‍ നിര്‍ദ്ദേശിച്ചു.
ആറ് രാശികളിലും വ്യാഴം പ്രസാദിച്ച് നില്‍ക്കുകയാണ്. ദൈവാധീനത്തിന് ബലമുണ്ടെന്നാണിതിന്റെ അര്‍ത്ഥം. ആരുസമീപിച്ചാലും അനുഗ്രഹം ചൊരിയുന്ന സുബ്രഹ്മണ്യ സ്വാമിയാണ് ഇടപ്പാടിയില്‍ വാഴുന്നത്. ഒപ്പം ശ്രീനാരായണ ഗുരുദേവന്റെ ദിവ്യസാന്നിദ്ധ്യവും സദാ ക്ഷേത്രത്തില്‍ വിളങ്ങുന്നതായി പ്രശ്‌നചിന്തയില്‍ തെളിഞ്ഞു.
താംബൂല ആരൂഡം മേടമായതിനാല്‍ ക്ഷേത്രത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ക്കും പുരോഗതിക്കായി പണം മുടക്കുന്നവര്‍ക്കും അഷ്‌ടൈശ്വര്യങ്ങളും ഭഗവാന്‍ ചൊരിയുമെന്നും പ്രശ്‌നചിന്തയില്‍ തെളിഞ്ഞു. ഭഗവാന്റെ സൂക്ഷ്മകലയ്ക്ക് അല്പം തെളിച്ചക്കുറവുണ്ട്. അത് പരിഹരിക്കണം. കാലം ഏറ്റവും അനുകൂലമാണ്. ക്ഷേത്രഭരണകര്‍ത്താക്കള്‍ എന്തുകാര്യം തീരുമാനിച്ചാലും പൂര്‍ണ്ണമായ ഭഗവത് അനുഗ്രഹത്തോടെ അത് പൂര്‍ത്തിയാക്കാന്‍ കഴിയും. ഗുരുദേവന്‍ പ്രതിഷ്ഠിച്ചതിനാല്‍ അപരിമേയമായ ചൈതന്യവും ഐശ്വര്യവും ആനന്ദഷണ്മുഖ ഭഗവാനുണ്ടെന്നും മുഖ്യദൈവജ്ഞന്‍ പറഞ്ഞു. പൂര്‍വ്വകാലത്ത് കാവുപോലുള്ള സങ്കല്പത്തില്‍ ഒരു ഭഗവതി ചൈതന്യബന്ധംകൂടി പ്രശ്‌നത്തില്‍ തെളിഞ്ഞു.
ദേവപ്രശ്‌നം ഇന്നും തുടരും. ക്ഷേത്രം ഭാരവാഹികളായ എം.എന്‍. ഷാജി മുകളേല്‍, സുരേഷ് ഇട്ടിക്കുന്നേല്‍, സതീഷ് മണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഭരണസമിതി അംഗങ്ങളും അഷ്ടമംഗല ദേവപ്രശ്‌ന പരിപാടിയില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. പ്രശ്‌ന ചിന്ത കേള്‍ക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തരും ഇന്നലെ ഇടപ്പാടി ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഇന്ന് രാവിലെ 9 ന് പ്രശ്‌നചിന്ത പുനരാരംഭിക്കും.




0 Comments