സുനില്‍ പാലാ
അഹങ്കാരം മാറ്റിവച്ച് മാത്രമേ ഗുരുവായൂര്‍ അമ്പലത്തില്‍ ദര്‍ശനം നടത്താവൂവെന്ന് മേല്‍ശാന്തി പദത്തില്‍ നിന്ന് വിരമിച്ച ഡോ. തോട്ടത്തില്‍ ശിവകരന്‍ നമ്പൂതിരി പറഞ്ഞു.
മേല്‍ശാന്തിമാര്‍ക്കും ഇത് ബാധകമാണ്. ഞാനാണ് ഗുരുവായൂരപ്പന്റെ കാര്യം തീരുമാനിക്കുന്നതെന്ന മുന്‍വിധിയോടെ പൂജ നടത്തുന്നവരും സാമ്പത്തികലാഭം പ്രതീക്ഷിച്ച് പൂജ നടത്തുന്നവര്‍ക്കും ഉറപ്പായും വിപരീതഫലങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം തുടര്‍ന്നു. ഗുരുവായൂരപ്പനോടൊപ്പമുള്ള ജീവിതം വിവരിക്കവെ പലവട്ടം ഡോ. ശിവകരന്‍ നമ്പൂതിരി വികാരാധീനനായി.
കണ്ണന്റെ ശ്രീലകത്തുനിന്ന് കാവിന്‍പുറത്തമ്മയുടെ സന്നിധിയിലേക്ക് നേരിട്ടെത്തിയ ഡോ. ശിവകരന്‍ നമ്പൂതിരി ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നല്‍കിയ വരവേല്പിന് നന്ദി പറയുകയായിരുന്നു. ഗുരുവായൂരില്‍ നിന്ന് പുലര്‍ച്ചെ എത്തിയ ഡോ. ശിവകരന്‍ നമ്പൂതിരി നേരെ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്ര സന്നിധിയിലേക്കാണ് എത്തിയത്. കാവിന്‍പുറം ക്ഷേത്രത്തില്‍ ഡോ. ശിവകരന്‍ നമ്പൂതിരിയുടെ വകയായി അറുനാഴി പായസം വഴിപാടുമുണ്ടായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും നടത്തിക്കുന്നത് ഗുരുവയൂരപ്പന്‍ തന്നെയാണെന്നും താനതിന് വെറും നിമിത്തം മാത്രമായിരുന്നുവെന്നും ഡോ. ശിവകരന്‍ നമ്പൂതിരി പറഞ്ഞു. രണ്ട് മണിക്കൂര്‍ പോലും ഭക്ഷണം കഴിക്കാതിരുന്നാല്‍ ഗ്യാസ്ട്രബിളും തലവേദനയും ഒക്കെ ഉണ്ടായിരുന്ന തനിക്ക് ഗുരുവായൂരില്‍ പുലര്‍ച്ചെ 2 ന് എഴുന്നേറ്റ് പൂജ തുടങ്ങി ഉച്ചതിരിഞ്ഞ് 2 ന് പൂജ അവസാനിപ്പിക്കും വരെ ഒരുതുള്ളി വെള്ളംപോലും കുടിച്ചില്ലെങ്കിലും ഒരസുഖവും ഉണ്ടായിട്ടില്ലായെന്നതും ഗുരുവായൂരപ്പന്റെ കാരുണ്യമാണെന്ന് ഡോ. ശിവകരന്‍ നമ്പൂതിരി ഉറപ്പിച്ച് പറഞ്ഞു.
കാവിന്‍പുറം ക്ഷേത്രത്തിലെത്തിയ ഡോ. ശിവകരന്‍ നമ്പൂതിരിയെ കാവിന്‍പുറം ക്ഷേത്രം മേല്‍ശാന്തി ഇടമന ഇല്ലം രാജേഷ് വാസുദേവന്‍ നമ്പൂതിരി പൂര്‍ണ്ണകുംഭം നല്‍കിയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ക്ഷേത്രം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ ഏഴാച്ചേരി എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്റ് പി.ആര്‍. പ്രകാശ് പെരികിനാലില്‍, സെക്രട്ടറി കെ.ആര്‍. ദിവാകരന്‍ നീറാക്കുളം, കാവിന്‍പുറം ദേവസ്വം ഭാരവാഹികളായ സുരേഷ് ലക്ഷ്മിനിവാസ്, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, പി.എസ്. ശശിധരന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വഴിപാടായി കഴിപ്പിച്ച അറുനാഴി പായസം ഡോ. ശിവകരന്‍ നമ്പൂതിരി ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു.




0 Comments