റേഷന്‍ കടകള്‍ ഇനി ഹൈടെക്കാവും; ഭക്ഷ്യസാധനങ്ങളുടെ പണം നല്‍കാന്‍ ക്യു.ആര്‍ കോഡ്. ഫോണില്‍ നിന്ന് ഓണ്‍ലൈനായി പണം നല്‍കാം. സൂപ്പര്‍ മാര്‍ക്കറ്റും ബാങ്കുമായി രൂപം മാറി റേഷന്‍ കടകള്‍. കേരളത്തിലെ പൊതുവിതരണ ശൃംഖലയുടെ മുഖം മാറുന്നു!



സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഹൈടെക്കാവുകയാണ്. കാര്‍ഡുടമകള്‍ വാങ്ങുന്ന ഭക്ഷ്യധാന്യങ്ങളുടെ പണം നല്‍കാന്‍ കടകളില്‍ ക്യു.ആര്‍ കോഡ് സജ്ജമാക്കും. ഇതോടെ മൊബൈല്‍ ഫോണില്‍ നിന്ന് ഓണ്‍ലൈനായി പണം നല്‍കാം.

 
ചില്ലറ നല്‍കേണ്ട ബുദ്ധിമുട്ടില്‍ നിന്ന് വ്യാപാരികള്‍ക്കും ആശ്വാസം.  സംസ്ഥാനത്തെ എല്ലാ റേഷന്‍കടളിലും ഓണ്‍ലൈന്‍ പണമിടപാടിനുള്ള സൗകര്യം ഒരുക്കുന്നത് ഭക്ഷ്യവകുപ്പാണ്. എല്ലാ വകുപ്പുകളും പൂര്‍ണമായും ഓണ്‍ലൈനാകുന്നതിന്റെ ഭാഗമായാണ് റേഷന്‍ കടകളില്‍ക്കൂടി ഓണ്‍ലൈന്‍ പണമിടപാടിനുള്ള സൗകര്യം ഒരുക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കടകളിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഭക്ഷ്യ ധാന്യത്തിന്റെ പണം നല്‍കാം. റേഷന്‍ കടകളുടെ പ്രവര്‍ത്തനം പൂര്‍ണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണിത്. ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് റേഷന്‍ വിതരണം നേരത്തേ ഇ-പോസ് യന്ത്രങ്ങള്‍വഴി ഓണ്‍ലൈനാക്കിയിരുന്നു.

എന്നാല്‍ പണമിടപാട് പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്ത് 14148 കടകളാണുള്ളത്. 9393277 റേഷന്‍ കാര്‍ഡുകളുമുണ്ട്.  ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം സജ്ജമാക്കാന്‍  ബാങ്കുകളുമായി ചര്‍ച്ചകള്‍ നടക്കുകയാണ്.  

ഓരോ വ്യാപാരികള്‍ക്കും പ്രത്യേകം അക്കൗണ്ട് നല്‍കും. സപ്ലൈകോയില്‍ നേരത്തെ ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് റേഷന്‍ കടകളിലും ക്യു.ആര്‍ കോഡ് നടപ്പിലാക്കുന്നത്.  

അതിനിടെ, റേഷന്‍ കടകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ബാങ്കിംഗ് കേന്ദ്രങ്ങളുമടക്കമുള്ള കെ-സ്റ്റോറുകളായി രൂപം മാറിത്തുടങ്ങിയിട്ടുണ്ട്.  വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ഗ്യാസ് വരെ വാങ്ങാവുന്ന തരത്തിലാണ് റേഷന്‍ കടകള്‍ സ്മാര്‍ട്ടാകുന്നത്.

മിനി ബാങ്കിങ്, അക്ഷയകേന്ദ്രം, മാവേലി സ്റ്റോര്‍, മിനി ഗ്യാസ് ഏജന്‍സി, മില്‍മാ ബുത്ത് - ഇവയെല്ലാം ഒന്നിച്ചുചേര്‍ത്ത് 'കെ-സ്റ്റോര്‍' (കേരള സ്റ്റോര്‍) ആയാണ് റേഷന്‍ കടകളുടെ ന്യൂജന്‍ പരിവേഷം. നിലവിലെ റേഷന്‍ കടകളില്‍നിന്ന് തിരഞ്ഞെടുത്ത ആയിരത്തോളം കടകളാണ് ഇത്തരത്തില്‍ സ്മാര്‍ട്ടാകുന്നത്.

എല്ലാ റേഷന്‍ കാര്‍ഡുകാര്‍ക്കും കെ-സ്റ്റോര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. മാവേലി സ്റ്റോറുകള്‍വഴി നിലവില്‍ നല്‍കിവരുന്ന 13 ഇന സബ്സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും കെ-സ്റ്റോറിലൂടെ വില്‍ക്കും.



5000 രൂപ വരെയുള്ള പണമിടപാടും റേഷന്‍ കടകള്‍ വഴി നടത്താം. പാല്‍ ഉള്‍പ്പെടെയുള്ള മില്‍മ ഉത്പന്നങ്ങളും അഞ്ച് കിലോവരുന്ന ചോട്ടു ഗ്യാസ് സിലിന്‍ഡറും റേഷന്‍ കടകളില്‍ നിന്ന് വാങ്ങാം. വെള്ളം, വൈദ്യുതി തുടങ്ങിയ ബില്ലുകള്‍ അടയ്ക്കാനും വിവിധ സര്‍ക്കാര്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും കെ-സ്റ്റോറിലുണ്ടാവും.

രണ്ട് കിലോമീറ്റര്‍ പരിധിയില്‍ എടിഎം, ബാങ്ക്, അക്ഷയ, മാവേലി സ്റ്റോര്‍, ഗ്യാസ് ഏജന്‍സി എന്നിവ ഇല്ലാത്ത സ്ഥലങ്ങളിലെ റേഷന്‍ കടകളെയാണ് പ്രാരംഭഘട്ടത്തില്‍ കെ സ്റ്റോറുകള്‍ ആക്കി മാറ്റിയിരിക്കുന്നത്. ബാങ്കിങ് സേവനങ്ങള്‍ ഡിജി പേ എന്ന സാങ്കേതിക ഉപകരണം വഴിയാണു നടത്തുക.

പണമെടുക്കാനും നിക്ഷേപിക്കാനും ഈ ഉപകരണം മതി. ഇതിന് കെ സ്റ്റോറുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് ബാങ്ക് നല്‍കും. പുതുതായി അക്കൗണ്ട് ചേരാനും കഴിയും.

1000 രൂപയുടെ അക്കൗണ്ട് ചേര്‍ത്താല്‍ 28 രൂപ വരെയാണ് വ്യാപാരിക്ക് കമ്മിഷന്‍. അക്ഷയ സെന്ററുകള്‍ വഴിയും കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയുമുള്ള സേവനങ്ങളും ഭാവിയില്‍ കെ സ്റ്റോറുകളില്‍ ലഭ്യമാക്കും.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments