പുതിയ ശുചിത്വസംസ്‌കാരം വളരണമെന്ന് മന്ത്രി വി.എന്‍. വാസവന്‍




നാടിനെ മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. 

മാലിന്യമുക്തം നവകേരളം പ്രതിജ്ഞയെടുത്തശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരപ്രദേശങ്ങളും വൃത്തിയാക്കിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. മെഡിക്കല്‍ കോളജ് അങ്കണത്തില്‍ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ മാലിന്യങ്ങള്‍ ശേഖരിച്ച് ശുചീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലം നവംബര്‍ ഒന്നിന് സമ്പൂര്‍ണ മാലിന്യമുക്തമണ്ഡലമാക്കി മാറ്റുന്നതിനുള്ള 'വൃത്തി' കര്‍മ്മപദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മാലിന്യമുക്തം നവകേരളം പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ജനപ്രതിനിധികളും ഡോക്ടര്‍മാരും അധ്യാപകരും മെഡിക്കല്‍കോളജ് ജീവനക്കാരും വിദ്യാര്‍ഥികളും എന്‍.എസ്.എസ്. വോളന്റിയര്‍മാരും പൊതുജനങ്ങളും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

പരിസരശുചിത്വത്തില്‍ നാം പിന്നില്‍; പുതിയ ശുചിത്വസംസ്‌കാരം വളരണം'

വ്യക്തിഗത ശുചിത്വശീലങ്ങളില്‍ മലയാളി മുന്നിലാണെങ്കിലും പരിസരശുചിത്വത്തിന്റെ കാര്യത്തില്‍ പിന്നിലാണെന്നും പുതിയ ശുചിത്വസംസ്‌ക്കാരം വളര്‍ത്താനാണ് സര്‍ക്കാര്‍ നിരന്തരകര്‍മപദ്ധതിയായ മാലിന്യമുക്തം നവകേരളം കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുസ്ഥലങ്ങളിലെ ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നത് അശ്രദ്ധമായാണ്. ടോയ്ലറ്റില്‍ പോയാല്‍ വെള്ളം ഒഴിക്കുന്ന ശീലം പോലും പലരും കാട്ടാറില്ലെന്നത് അനുഭവങ്ങളിലൂടെ നാം അറിയുന്നുണ്ട്. മാലിന്യം വലിച്ചെറിയല്‍ ശീലമാണ് ഏറ്റവും ഗുരുതരം. പൊതുസ്ഥലങ്ങളും ജലാശയങ്ങളും മാലിന്യങ്ങളാല്‍ നിറയുമ്പോള്‍ ജീവജാലങ്ങളുടെ അതിജീവനം പോലും അസാധ്യമാകും. വലിച്ചെറിയല്‍ ശീലത്തിന് മാറ്റംവരണം. മാലിന്യസംസ്‌ക്കരണത്തിന് നവസംസ്‌ക്കാരം രൂപപ്പെട്ടില്ലെങ്കില്‍ നമ്മുടെ അതിജീവനം തന്നെ സാധ്യമാകാതെ വരുമെന്ന് തിരിച്ചറിയണമെന്നും എല്ലാവരും കാമ്പയിന്റെ ഭാഗമാകണമെന്നും ശുചീകരണം തുടര്‍പ്രവര്‍ത്തനമാക്കാന്‍ നാട് ഒന്നിച്ചിറങ്ങണമെന്നും മന്ത്രി പറഞ്ഞു.


ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്, ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരായ അജയന്‍ കെ. മേനോന്‍, അഞ്ജു മനോജ്, ധന്യ സാബു, വി.കെ. പ്രദീപ് കുമാര്‍, വിജി രാജേഷ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ ബിനു ജോണ്‍, മഹാത്മാഗാന്ധി സര്‍വകലാശാല എന്‍.എസ്.എസ്.പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍, ഏറ്റുമാനൂര്‍ മണ്ഡലം മാലിന്യമുക്ത കാമ്പയിന്‍ കണ്‍വീനര്‍ എ.കെ. ആലിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. 'വൃത്തി' കര്‍മപദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ കലണ്ടര്‍ പ്രകാരം ജലാശയങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

വിപുലമായ ശുചീകരണം; ലക്ഷങ്ങള്‍ പങ്കാളികളാകും

ഗാന്ധിജയന്തി ദിനമായ  തിങ്കളാഴ്ച, ഒക്ടോബര്‍ 2 വിപുലമായ ജനപങ്കാളിത്തത്തോടെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും ശുചീകരണ പരിപാടികള്‍ നടക്കും. ഏറ്റുമാനൂര്‍ നിയമസഭമണ്ഡലത്തില്‍ ലക്ഷം പേര്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. എല്ലാ വിദ്യാഭ്യാസ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യസംസ്‌ക്കരണം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക. വാര്‍ഡുതലത്തില്‍ കുറഞ്ഞത് 200 പേര്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കിയശേഷം പൂന്തോട്ടം നിര്‍മിക്കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ എന്‍.എസ്.എസ്. നടപ്പാക്കുന്ന സ്‌നേഹാരാമങ്ങള്‍ക്കും തുടക്കമായി.



തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, എന്‍.എസ്.എസ്., എന്‍.സി.സി., പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ-തൊഴിലാളി-സര്‍വീസ് സംഘടന പ്രവര്‍ത്തകര്‍, വ്യാപാരി-വ്യവസായി, ലൈബ്രറി-കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ, തൊഴിലുറപ്പ്, സര്‍ക്കാര്‍ ജീവനക്കാര്‍, മത-സാമുദായക സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് ശുചീകരണ പ്രവര്‍ത്തനം നടക്കുക. 'ശുചിത്വമാണ് സേവനം'(സ്വച്ഛതാ ഹി സേവാ) പദ്ധതിയുടെ ഭാഗമായി രാവിലെ 10 മുതല്‍ ഒരു മണിക്കൂര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കേന്ദ്രമന്ത്രാലയവും നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments