മുളകുപൊടിയെറിഞ്ഞ് 26 ലക്ഷത്തിന്റെ സ്വർണം തട്ടിയെന്ന് പരാതി; യുവാവിന്റെ കള്ളക്കഥ പൊളിച്ച് പൊലീസ്



മുളകുപൊടിയെറിഞ്ഞ് 26 ലക്ഷത്തിന്റെ സ്വർണം തട്ടിയെന്ന് പരാതി; യുവാവിന്റെ കള്ളക്കഥ പൊളിച്ച് പൊലീസ്

ബൈക്കിൽ ഹെൽമറ്റ് ധരിച്ചു വന്ന രണ്ട് പേർ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് ബാ​ഗ് തട്ടിപ്പറിച്ചു എന്നായിരുന്നു പരാതി.

മുളകുപൊടിയെറിഞ്ഞ് സ്വർണം കവർന്നെന്ന യുവാവിന്റെ പരാതിയിൽ വമ്പൻ ട്വിസ്റ്റ്. 26 ലക്ഷം രൂപയുടെ സ്വർണം കവർച്ച ചെയ്യപ്പെട്ടു എന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് കവർച്ചാ നാടകം. സ്വർണം തട്ടാനായി പരാതി നൽകിയ യുവാവ് തന്നെ കെട്ടിച്ചമച്ചതാണ് മോഷണക്കഥയെന്ന് തെളിഞ്ഞു. സ്വർണ്ണ പണയ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന രാഹുൽ എന്ന യുവാവാണ് പരാതിയുമായി എത്തിയത്. സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ എതിർ ദിശയിൽ നിന്നും ബൈക്കിൽ ഹെൽമറ്റ് ധരിച്ചു വന്ന രണ്ട് പേർ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് ബാ​ഗ് തട്ടിപ്പറിച്ചു എന്നായിരുന്നു പരാതി. 26 ലക്ഷം രൂപയുടെ സ്വർണ്ണമാണ് ബാഗിലുണ്ടായിരുന്നത്. 


15ന് ഉച്ചയ്ക്ക് മൂവാറ്റുപുഴ തൃക്ക ക്ഷേത്രത്തിന് സമീപത്തുവച്ചാണ് കവർച്ച നടന്നത് എന്നാണ് പറഞ്ഞത്. ഇൻസ്പെക്ടർ ടി.സി മുരുകന്റെ നേതൃത്വത്തിൽ പൊലീസ് ഉടനെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. നിരവധി സി.സി.ടി.വികൾ പരിശോധിക്കുകയും സംഭവ പരിസരത്തുള്ള ആളുകളെ കണ്ട് ചോദിക്കുകയുമുണ്ടായി. ശാസ്ത്രീയ പരിശോധനകളും നടത്തി. തുടർന്നാണ് മുളകുപൊടി എറിഞ്ഞ സംഭവം യുവാവ് സൃഷ്ടിച്ചെടുത്ത കഥയാണെന്ന് തെളിഞ്ഞത്. കടബാധ്യത മൂലം രാഹുൽ സ്വർണ്ണം എടുത്ത് മറിച്ച ശേഷം പോലീസിൽ മുളകുപൊടി കഥ അവതരിപ്പിക്കുകയായിരുന്നു. 


സ്ഥാപനത്തിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണ്ണം രണ്ടു പ്രാവശ്യമായി എടുക്കുകയായിരുന്നു. 20 ലക്ഷം രൂപയുടെ സ്വർണ്ണം ജോലി ചെയ്ത സ്ഥാപനത്തിൽത്തന്നെ പണയം വെച്ചു. കൂടാതെ 6 ലക്ഷം രൂപയുടെ സ്വർണ്ണം അമ്പലത്തിനടുത്ത് മാറ്റിവക്കുകയും ചെയ്തു. ഇയാളെ കൂട്ടി കൊണ്ടുപോയി സ്വർണ്ണം കണ്ടെടുത്തു.

എ.എസ്. പി ട്രെയ്നി അഞ്ജലി ഭാവന, ഡി വൈ എസ് പി എ ജെ തോമസ്, ഇൻസ്പെക്ടർ ടി.സി മുരുകൻ, എസ്.ഐമാരായ ബൈജു.പി ബാബു, ദിലീപ് കുമാർ, ശാന്തി കെ ബാബു, കെ.കെ രാജേഷ്, ബെനോ ഭാർഗവൻ, എം.വി റെജി, എ.എസ്.ഐമാരായ പി.സി ജയകുമാർ, ടി.എ മുഹമ്മദ്, സീനിയർ സി.പി.ഒ മാരായ എം കെ ഫൈസൽ, നിഷാന്ത് കുമാർ, ധനേഷ് ബി നായർ , എച്ച്. ഹാരീസ്, രഞ്ജിത്ത് രാജൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments