സുനില്‍ പാലാ
പാലാ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഒ.പിയില്‍ വളരെ വൈകിയാണ് എത്തുന്നതെന്നുള്ള പരാതിക്ക് പരിഹാരമുണ്ടായിട്ടുള്ളതാണെന്നും പ്രശ്നങ്ങളെല്ലാം തീര്‍ന്നശേഷവും വീണ്ടും ഡോക്ടര്‍മാരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമാണെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ.) പാലാ ജനറല്‍ ആശുപത്രി യൂണിറ്റ് കണ്‍വീനര്‍ ഡോ. പി.എം. ഷാനു പറഞ്ഞു.
രാവിലെ 8.15 നുള്ള ഒ.പി. ആരംഭസമയത്ത് ഡോക്ടര്‍മാര്‍ എത്തുന്നില്ലായെന്നുള്ള ആക്ഷേപം ഉണ്ടായിരുന്നു. പിന്നീട് ഡി.എം.ഒ. ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയതുമാണ്. മൂന്നാഴ്ച മുമ്പേ പ്രശ്നപരിഹാരം ഉണ്ടാക്കിയിട്ടും ഇപ്പോഴും ഡോക്ടര്‍മാര്‍ ഒ.പി.യില്‍ വൈകിയാണ് വരുന്നതെന്ന പ്രചരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ജനറല്‍ ആശുപത്രിയിലെ ഒരുഡോക്ടര്‍ മാത്രം നല്ലയാളാണെന്നും മറ്റുള്ളവരെല്ലാം മോശക്കാരാണെന്നുമുള്ള സമീപനം ശരിയല്ല. ഇത്തരത്തിലുള്ള പ്രചരണം വ്യാപകമായതിനെ തുടര്‍ന്ന് കെ.ജി.എം.ഒ.എ. ജനറല്‍ ആശുപത്രി യൂണിറ്റിന്റെ അടിയന്തിര യോഗം ചേര്‍ന്ന് ഇക്കാര്യത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തിയെന്നും ഡോ. പി.എം. ഷാനു പറഞ്ഞു.
പ്രശ്നങ്ങളെല്ലാം തീര്‍ന്നശേഷവും ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ ഒരു ഡോക്ടര്‍ നടത്തിയ പ്രതികരണം നിര്‍ഭാഗ്യകരമായി. അധികാരസ്ഥാനത്തുള്ള ചിലരുടെ പ്രവര്‍ത്തനങ്ങളില്‍ മറ്റ് ജീവനക്കാര്‍ അസ്വസ്ഥരാണെന്നും അവര്‍ക്ക് അതൃപ്തിയുണ്ടെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞതായും ഡോ. പി.എം. ഷാനു പറഞ്ഞു.
ആശുപത്രി സൂപ്രണ്ട് എച്ച്.എം.സി. ഗ്രൂപ്പിലിട്ട ശബ്ദസന്ദേശവും ചോര്‍ന്നു.
ഒ.പി.യില്‍ യഥാസമയം ഹാജരായിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം കൊടുത്തതിന്റെ പേരില്‍ രണ്ടോ മൂന്നോ ഡോക്ടര്‍മാര്‍ തനിക്കെതിരെ ശത്രുതാ മനോഭാവത്തോടെ പെരുമാറുകയാണെന്നും ഇക്കാര്യം ആശുപത്രി മാനേജിംഗ് കമ്മറ്റിയിലെ എല്ലാ അംഗങ്ങളും മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രി സൂപ്രണ്ട് ഡോ. പ്രശാന്ത് ആശുപത്രി മാനേജിംഗ് കമ്മറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശവും ചേര്‍ന്നു. ഇത് ഈ ഗ്രൂപ്പിലില്ലാത്ത മറ്റ് ഡോക്ടര്‍മാര്‍ക്ക് കിട്ടിയതോടെ ആകെ പ്രശ്നമായി. ഡോക്ടര്‍മാരുടെ സംഘടനാ നേതാക്കള്‍ വിഷയം ഏറ്റെടുത്തതങ്ങനെയാണ്. ഈ വിവരം അറിഞ്ഞതോടെ ഡോ. പ്രശാന്ത് വീണ്ടും ആശുപത്രി മാനേജിംഗ് കമ്മറ്റി ഗ്രൂപ്പില്‍ മറ്റൊരു സന്ദേശവുമിട്ടു; ''ഈ ഗ്രൂപ്പില്‍ നിന്ന് ആരോ ഞാനയച്ച സന്ദേശം ചോര്‍ത്തി മറ്റ് ഡോക്ടര്‍മാര്‍ക്കെത്തിച്ച് കൊടുത്തിട്ടുണ്ട്. നമ്മളോടൊപ്പം ഗ്രൂപ്പിലുള്ള ആരോ ഒരാള്‍ ചതികാണിച്ചുവെന്ന് വ്യക്തം'' - ഡോ. പ്രശാന്ത് പറയുന്നു.
0 Comments