മികച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫിയില്‍ മൂന്നാം തവണയും മുത്തമിട്ട് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്.
2020-21 വര്‍ഷം ജില്ലയിലെ രണ്ടാം സ്ഥാനവും 2021-22 സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും നേടിയ മരങ്ങാട്ടുപിള്ളി 2022-23 വര്‍ഷം സംസ്ഥാനതലത്തില്‍ വീണ്ടും മൂന്നാം സ്ഥാനം നേടിക്കൊണ്ടാണ് ഹാട്രിക് നേട്ടം കരസ്ഥമാക്കിയത്.
കാര്‍ഷിക മേഖലയായ മരങ്ങാട്ടുപിള്ളി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രഥമ പരിഗണന നല്‍കി നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ കൃഷിയോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേകം താല്പര്യമെടുത്തു. കാര്‍ഷിക മേഖലയില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടപെടലുകളുടെ പരോക്ഷ നേട്ടമെന്നോണം കൃഷി, മൃഗസംരക്ഷണം, ക്ഷീര മേഖലകളില്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും നിരവധി പേര്‍ക്ക് സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി ജനപ്രതിനിധികള്‍ക്ക് സ്വയം മുന്നോട്ടു ഇറങ്ങി നെല്‍കൃഷിയും പൂകൃഷിയും ഒക്കെ നടത്തിയത് മരങ്ങാട്ടുപിള്ളിയുടെ മാത്രം പ്രത്യേകതയായിരുന്നു.
കഴിഞ്ഞ വര്‍ഷം നടത്തിയ മരങ്ങാട്ടുപിള്ളി ഫെസ്റ്റ് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചതായിരുന്നു. ആരോഗ്യമേഖലയില്‍ മരങ്ങാട്ടുപള്ളി പഞ്ചായത്ത് നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു ആയുര്‍വേദ ആശുപത്രിക്ക് എന്‍.എ.ബി.എച്ച്. ആക്രഡിറ്റേഷന്‍ കിട്ടിയതും മികവിനുള്ള അംഗീകാരമായി. ആയുര്‍വേദ ആശുപത്രി വഴി നടപ്പിലാക്കുന്ന യോഗ പരിശീലനം ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിന് വലിയൊരു അളവ് വരെ സഹായകരമാണ്. തൈറോയ്ഡ് ക്യാന്‍സര്‍ രോഗ പരിശോധന ക്യാമ്പുകളും ഏറെ ഫലപ്രദമായി നടപ്പിലാക്കി.
ഭിന്നശേഷി ശിശു വയോജന സൗഹൃദമായ നിരവധി പദ്ധതികള്‍ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു സ്പോര്‍ട്സിനെ ആയുധമാക്കി നടപ്പിലാക്കിയ 'ഡ്രഗ്സിനോട് വിട, കായിക മേഖലയോട് താത്പര്യം' പദ്ധതികള്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമേകുകയും ലോകകപ്പ് ഫുട്ബോള്‍ ആവേശം യുവാക്കളില്‍ നിറക്കുകയും ഉണ്ടായി.
പരിസ്ഥിതി മാലിന്യ സംസ്‌കരണം മേഖലകളില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. 'ക്യാച്ച് ദ യംഗ്' എന്ന് പേരിട്ട് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് റോഡ് സൗന്ദര്യവല്‍ക്കരണം പ്രശ്നോത്തരി, ചിത്രരചന തുടങ്ങിയ പ്രചരണ പരിപാടികള്‍ നടപ്പിലാക്കി. സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നവ സംരഭകര്‍ക്ക് ആത്മവിശ്വാസമേകുന്നതിനും വ്യവസായ, ബാങ്കിംഗ്, വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി.
ജന സൗഹൃദ തദ്ദേശസ്ഥാപനം എന്ന ലക്ഷ്യത്തോടെ സദ്ഭരണം ലക്ഷ്യമിട്ട് ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന അംഗീകാരം ലഭ്യമാക്കുകയുണ്ടായി. 2022-23 വര്‍ഷം സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷി ജീവനക്കാരനുള്ള പുരസ്‌കാരം ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി.എ പ്രമോദിന് ലഭിച്ചതും വലിയ അംഗീകാരമായി.
ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം നിര്‍ണ്ണായകമായി.
മരങ്ങാട്ടുപിള്ളിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയതും പൗരസമൂഹം ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതും നേട്ടങ്ങള്‍ക്ക് കാരണമായി.
- ബെല്‍ജി ഇമ്മാനുവല്‍, പ്രസിഡന്റ്
തുടര്‍ച്ചയായി മികവ് നിലനിര്‍ത്താനാകുന്നത് ഏറെ അഭിമാനകരമാണ്.
ജനസൗഹൃദ പ്രാദേശിക സര്‍ക്കാര്‍, സുസ്ഥിര വികസനം എന്നിവ മുന്‍നിര്‍ത്തി പദ്ധതികള്‍ ആവിഷ്‌കരിച്ചു. സദഭരണത്തിനായി ഇ-ഗവേണന്‍സിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വരുന്നു.
- ശ്രീകുമാര്‍ എസ് കൈമള്‍, സെക്രട്ടറി
0 Comments