സൗമ്യതയുടെ ഗുരുമുഖം ..... ജോർജുകുട്ടി ജേക്കബ്ബ് പടിയിറങ്ങുന്നു
സ്വന്തം ലേഖകൻ
കഴിഞ്ഞ 33 വർഷങ്ങളായി പാലാ രൂപതയിലെ വിവിധ സ്‌കൂളുകളിൽ അധ്യാപകനായും ഹെഡ്‌മാസ്റ്ററായും പ്രിൻസിപ്പലായും സേവനമനുഷ്‌ഠിച്ച് ജോർജുകുട്ടി ജേക്കബ് കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് വിരമിക്കുന്നു. ഹെഡ്‌മാസ്റ്റർ ആയി മണലുങ്കൽ സെൻറ് അലോഷ്യസ്, പ്ലാശനാൽ സെൻറ് ആൻറണീസ്, കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്‌സ്, പാലാ സെൻറ് തോമസ് എന്നീ ഹൈസ്‌കൂളുകളിലും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. വിളക്കുമാടം സെൻറ് ജോസഫ്, മൂന്നിലവ് സെൻ്റ് പോൾസ്, ഭരണങ്ങാനം സെൻറ് മേരീസ്, മരങ്ങാട്ടുപള്ളി സെൻറ് തോമസ്, പാലാ സെൻറ് തോമസ് എന്നീ ഹൈസ്‌കൂളുകളിൽ ദീർഘകാലം മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചതിനു ശേഷമാണ് അദ്ദേഹം പ്രധാമാധ്യാപക സ്ഥാനത്തേക്ക് എത്തിയത്.
വിദ്യാഭ്യാസ രംഗത്തോടൊപ്പം സാമൂഹിക സാംസ്‌കാരിക രംഗത്തും അദ്ദേഹം തൻറെ മികവ് തെളിയിച്ചിട്ടുണ്ട്. ഒരു മികച്ച സംഘാടകനായിരുന്ന ജോർജുകുട്ടി സാർ പാലാ, കൊഴുവനാൽ ഉപജില്ല കലോത്സവങ്ങളും ശാസ്ത്രമേളകളും മുഖ്യ സംഘാടകൻ എന്ന നിലയിൽ വിജയകരമായി നടത്തിയിട്ടുണ്ട് . അദ്ദേഹം ഹെഡ്‌മാസ്റ്റർ ആയിരിക്കുന്ന സമയത്താണ് പ്ലാശനാൽ സെൻറ് ആൻറണീസ് ഹൈസ്‌കൂൾ പാലാ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ മികച്ച ഹൈസ്‌കൂൾ അവാർഡ് കരസ്ഥമാക്കിയത് കുറവിലങ്ങാട് സെൻ്റ് മേരീസ് ബോയ്‌സ്, പാലാ സെൻ്റ് തോമസ് ഹൈസ്‌കൂളുകളുടെ ശതോത്തര ജൂബിലിയും കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ സിൽവർ ജൂബിലിയും മികവുറ്റ രീതിയിൽ സംഘടിപ്പിക്കുകയുണ്ടായി. അധ്യാപക സംഘടനയുടെ സംസ്ഥാന ഭാരവാഹി എന്ന നിലയിൽ ജില്ലാ, സംസ്ഥാന സ്‌കൂൾ കലാകായിക, പ്രവർത്തിപരിചയ, ശാസ്ത്രമേളകളുടെ സംഘാടകൻ കൂടിയായിരുന്നു അദ്ദേഹം.
ഏവരോടും സൗഹാർദ്ദപരമായ സമീപനം പുലർത്തുന്ന ജോർജുകുട്ടി സാർ അച്ചടക്കത്തിന്റെ കാര്യത്തിൽ കർക്കശക്കാരനായ അധ്യാപകനായിരുന്നു റിസൾട്ട് ഓറിയൻ്റഡായുള്ള പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് അദ്ദേഹം മുൻതൂക്കം നൽകിയിരുന്നു. കായികരംഗത്തിന് വലിയ പ്രോത്സാഹനം നൽകിയിരുന്ന സാർ പാലാ സെൻറ് തോമസ് ഹൈസ്‌കൂളിൽ ഹെഡ്‌മാസ്റ്റർ ആയിരുന്നപ്പോൾ സ്‌കൂളിനെ കായികരംഗത്ത് സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ നിലയിൽ എത്തിക്കുന്നതിന് നേതൃത്വം നൽകി.
അധ്യാപന രംഗത്തോടൊപ്പം തന്നെ അധ്യാപക സംഘടനാ രംഗത്തും മികവുറ്റ നേതൃത്വം നൽകിയാണ് അദ്ദേഹം വിരമിക്കുന്നത് . കേരള കോൺഗ്രസ് (എം) അധ്യാപക സംഘടന കെ എസ് എസ് ടി എഫിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. പാലാ രൂപതയുടെ അക്കാദമിക്ക് കൗൺസിൽ ഭാരവാഹി, പാലാ ടീച്ചേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസമിതി പ്രസിഡണ്ട് എന്നീ നിലകളിലും അദ്ദേഹം സേവനം ചെയ്‌തിട്ടുണ്ട്. നിലവിൽ കേരള സർക്കാരിൻറെ തിരുവനന്തപുരത്തുള്ള അധ്യാപകഭവൻ ഭരണസമിതി അംഗമാണ്. മീനച്ചിൽ താലൂക്കിലെ മികച്ച അധ്യാപകന് മരങ്ങാട്ടുപള്ളി സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

.jpeg)


0 Comments