കുറിഞ്ഞി അപകട മേഖല, ഭീതി കുറച്ചൊന്നുമല്ല... ദീര്‍ഘദൂര ബസ് മറിഞ്ഞ് വീണ്ടും അപകടം.





രാമപുരം കുറിഞ്ഞി കുഴിവേലി (തേക്കുങ്കല്‍) വളവില്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസ് മറിഞ്ഞ് 17 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം.


ബാംഗ്ലൂരില്‍ നിന്നും തിരുവല്ലയ്ക്ക് പോവുകയായിരുന്ന ബാംഗ്ലൂര്‍ കുമാര്‍ വെങ്കിടേഷ് കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സുരാജ് ഹോളിഡേയ്സിന്റെ എ.സി. ബസാണ് അപകടത്തില്‍ പെട്ടത്.

ഇടതുവശത്തേയ്ക്ക് വളവ് തിരിഞ്ഞുകൊണ്ടിരുന്നപ്പോള്‍ ടയര്‍ തെന്നി ബസ് നിയന്ത്രണം വിട്ട് റോഡില്‍തന്നെ വലതുവശത്തേയ്ക്ക് മറിയുകയായിരുന്നു. റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് നിന്നതിനാല്‍ കൊക്കയിലേയ്ക്ക് മറിഞ്ഞുള്ള വലിയൊരു ദുരന്തം ഒഴിവായി. ബസിന്റെ ടയര്‍ തേഞ്ഞ് മൊട്ടപ്പരുവത്തിലായിരുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. 



അപകടം നടന്നപ്പോള്‍ ഡ്രൈവര്‍മാരടക്കം 17 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അമയന്നൂര്‍  സ്വദേശികളായ ഇല്ലത്ത് ആദര്‍ശ് (18), മിനി ഷിജോ (52) രാജി അനില്‍, കളക്കൂട്ടുങ്കല്‍ പി.കെ. രാജിമോള്‍ (53), വട്ടക്കാട്ടുമലയില്‍ വി.സി.അമല്‍(18), പി.കെ. ചന്ദ്രശേഖരന്‍, ചൗരനാനിക്കല്‍ മിനി, വടവാതുര്‍ സ്വദേശികളായ കൈതറ ജെമിലി തോമസ്, ജിജോ നൈനാന്‍ ഉതുപ്പ്,പത്തനംതിട്ട ആലുമൂട്ടില്‍ അതുല്‍, തിരുവല്ല കുറഞ്ഞൂര്‍ ഷാലു, ഏറ്റുമാനൂര്‍ കല്ലറ അനന്തു, നിലമ്പൂര്‍ പുത്തന്‍വീട്ടില്‍ സുനില്‍, പന്തളം അലന്‍ദെയില്‍ അലന്‍, അഭിലാഷ്, വയനാട് കരുണക്കുറിച്ചി സുബൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പലരുടെയും പരിക്ക് നിസാരമാണ്. പരിക്ക് പറ്റിയവര്‍ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പാലായിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സതേടി. 


ഡ്രൈവര്‍ക്ക് ഈ റോഡില്‍ പരിചയക്കുറവുണ്ടായതിനാല്‍ കൊടും വളവില്‍ അടുത്ത് വന്നപ്പോഴാണ് വളവിന്റെ ദൈര്‍ഘ്യം മനസിലായത്. മഴയുള്ള സമയമായതിനാല്‍ പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോള്‍ ടയര്‍ തെന്നി എതിര്‍ വശത്തേയ്ക്ക് മറിയുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

പാലാ-തൊടുപുഴ റൂട്ടില്‍ കുറിഞ്ഞി കുഴിവേലി (തേക്കുങ്കല്‍) വളവ് സ്ഥിരം അപകടമേഖല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദീര്‍ഘദൂര ബസ് ഉള്‍പ്പെടെ പതിനഞ്ചോളം വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെട്ടു. 36 പേര്‍ക്ക് പരിക്കുപറ്റി. ഇതില്‍ രണ്ട് പേരുടെ പരിക്ക് ഗുരുതരമായിരുന്നു. ഈ ഭാഗത്തെ റോഡിന്റെ ഇറക്കവും വളവും വലിയ പാറക്കെട്ടും വഴിപരിചയമില്ലാത്ത ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിലാക്കും.

വളവ് വീശിയെടുത്ത് വരുന്നതോടെ വാഹനങ്ങള്‍ നിയന്ത്രണം വിടും. തൊടുപുഴ ഭാഗത്തേക്ക് പോകുമ്പോള്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ മിക്കതും തേക്കുങ്കല്‍ പുരയിടത്തിലേക്കാണ് വീഴാറുള്ളത്. തൊടുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ റോഡില്‍ വട്ടം മറിയാറാണുള്ളത്.



മൊട്ട ടയര്‍ വില്ലനോ...?

ഇന്നലെ അപകടത്തില്‍പ്പെട്ട സുരാജ് ഹോളിഡേയ്സിന്റെ ബസ് വളരെ വേഗം കുറച്ചാണ് വന്നതെങ്കിലും വളവില്‍ സ്‌കിഡ് ചെയ്ത് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
 
 
 ബസിന്റെ ടയര്‍ തേഞ്ഞ് നൂല് തെളിഞ്ഞിരുന്നതായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. നാഗാലാന്റില്‍ രജിസ്റ്റര്‍ ചെയ്ത ബസാണിത്. സാധാരണയായി യാത്രക്കാരുമായി വരുന്ന ബസ് വിശദമായൊരു പരിശോധനയ്ക്ക് വിധേയമാക്കാറില്ല. എന്നാല്‍ ടയര്‍ ഇത്രയും മൊട്ടയായി തേഞ്ഞതും മറ്റും ശ്രദ്ധയില്‍പ്പെട്ടാല്‍ മോട്ടോര്‍ വാഹനവകുപ്പ് ശക്തമായ നടപടി സ്വീകരിക്കുമായിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് ആള്‍ക്കാര്‍ ഈ അപകടത്തില്‍ വലിയൊരു ദുരന്തത്തില്‍ നിന്നും രക്ഷപെട്ടത്. ബസിന്റെ വേഗത കുറവായിരുന്നതുകൊണ്ടുതന്നെ മറിച്ചിലിന്റെ ആഘാതവും കുറഞ്ഞു.




അപകടങ്ങള്‍ കണ്ട് ഞങ്ങള്‍ മടുത്തു

തേക്കുങ്കല്‍ വളവില്‍ നിരന്തരം അപകടമാണ്. ഒട്ടേറ തവണ ഞങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചിരുന്നു. 
 ഈ ഭാഗത്തെ പാറ അരിഞ്ഞുതാഴ്ത്തി റോഡ് നേരെയാക്കുക എന്നുള്ളതാണ് ശാശ്വതമായ പരിഹാരം. ഒപ്പം ഇവിടെ സംരക്ഷണഭിത്തി നിര്‍മ്മിക്കേണ്ടതുമുണ്ട്.

-  ലളിതാംബിക സലിന്‍, തേക്കുങ്കല്‍, കുറിഞ്ഞി.  




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments