ചക്കപ്പുഴുക്കും വരാലും സൂപ്പര്‍ഹിറ്റ്.... കൈപ്പുണ്യം, അജിത്തിനും രമ്യയ്ക്കും കൈകൊടുത്ത് ലാലേട്ടന്‍.



സുനില്‍ പാലാ

പാലായിലെ ചക്കപ്പുഴുക്കും വാഴയിലയില്‍ പൊള്ളിച്ചെടുത്ത വരാലും മലയാളത്തിന്റെ സൂപ്പര്‍താരം ലാലേട്ടന് പെരുത്തിഷ്ടം. തൊടുപുഴയിലെ സിനിമാ ലോക്കേഷനിലുള്ള മോഹന്‍ലാലിന് ഇത് എത്തിച്ചുകൊടുത്തത് പാലാക്കാരന്‍ അജിത് പനയ്ക്കലും ഭാര്യ രമ്യയും. പുഴുക്കും മീനും കഴിച്ച ശേഷം അജിത് - രമ്യ ദമ്പതികളെ പിറ്റേന്ന് തൊടുപുഴയിലേക്ക് വിളിപ്പിച്ച മോഹന്‍ലാല്‍ ഇരുവരെയും നേരിട്ട് അഭിനന്ദനം അറിയിക്കുകയും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.


''ലാലേട്ടന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ഒരാള്‍ എന്റെ അടുത്ത സുഹൃത്താണ്. ആ സുഹൃത്തുവഴി കഴിഞ്ഞ മാസവും പാലായിലെ എന്റെ വീട്ടില്‍ ഭാര്യ രമ്യ ഉണ്ടാക്കിയ ചക്കപ്പുഴുക്കും പുഴമീന്‍കറിയും ലാലേട്ടന് എത്തിച്ച് കൊടുത്തിരുന്നു. അന്ന് ലാലേട്ടന് ഇത് ഏറെ ഇഷ്ടമായെന്ന് സുഹൃത്ത് പിന്നീട് എന്നോട് പറഞ്ഞു. അങ്ങനെയാണ് വെള്ളിയാഴ്ച വൈകിട്ട് വീണ്ടും ചക്കപ്പുഴുക്കും വാഴയിലയില്‍ പൊള്ളിച്ചെടുത്ത വരാലുമായി ലാലേട്ടനെ കാണാന്‍ എത്തിയത്. എന്നാല്‍ ഷൂട്ടിംഗ് തിരക്കുമൂലം ഭക്ഷണം അവിടെ ഏല്പ്പിച്ച് തിരികെ പോരുകയായിരുന്നു'' - അജിത് പറഞ്ഞു. 


രാത്രി വൈകി ചക്കപ്പുഴുക്കും പൊള്ളിച്ച വരാലും കഴിച്ച മോഹന്‍ലാല്‍ അജിത്തിനോട് കുടുംബാംഗങ്ങളെ കൂട്ടി ഇന്നലെ രാവിലെ തൊടുപുഴയില്‍ എത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ 8 മണിയോടെ ഭാര്യ രമ്യയും മകന്‍ ആദിദേവുമൊത്ത് അജിത് മോഹന്‍ലാലിന്റെ താമസസ്ഥലത്തെത്തി. മൂവരെയും ഏറെ സന്തോഷത്തോടെ സ്വീകരിച്ച മോഹന്‍ലാല്‍ അജിത്തിന്റെ മകന്‍ രണ്ട് വയസ്സുകാരന്‍ ആദിദേവിനെ വാത്സല്യത്തോടെ കൊഞ്ചിക്കാനും സമയം കണ്ടെത്തി. 
 


ലാലേട്ടനൊപ്പം മൂവരും ചേര്‍ന്നുള്ള നിരവധി ഫോട്ടോകളെടുത്തു. ''ഇനി ചക്കപ്പുഴുക്ക് കഴിക്കാന്‍ പാലായില്‍ ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരും''. വ്യത്യസ്തമായ രുചിയോടെ ചക്കപ്പുഴുക്കും മീന്‍കറിയുമുണ്ടാക്കിയ രമ്യയെ ഒരിക്കല്‍ക്കൂടി അഭിനന്ദിച്ചുകൊണ്ട് ലാലേട്ടന്‍ പറഞ്ഞു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments