സുനില്‍ പാലാ
ഒരാഴ്ച മഴക്കാലം ശക്തമായി നിന്നതോടെ മലയോര റോഡുകള്‍ തകര്‍ന്നുതുടങ്ങി. കാലവര്‍ഷം ഇനിയും നീളുമ്പോള്‍ ഈ റോഡുകളുടെ അവസ്ഥ എന്താകുമെന്ന് പറയാനാവില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി കാര്യമായ മഴ പെയ്യാത്തത് മലയോര നിവാസികള്‍ക്ക് താല്‍ക്കാലിക അനുഗ്രഹമാവുകാണ്.
ശക്തമായ വെള്ളമൊഴുക്കും റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു മണ്ണും കല്ലും റോഡിലൂടെ ഒഴുകുന്നതുമാണ് റോഡുകള്‍ തകരാനുള്ള പ്രധാന കാരണം.
മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ പഞ്ചായത്തുകളായ പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തലനാട് എന്നിവിടങ്ങളിലെ മിക്ക റോഡുകളും കാലവര്‍ഷത്തില്‍ പല ഭാഗത്തും തകര്‍ന്ന അവസ്ഥയിലാണ്. കനത്ത മഴയില്‍ റോഡുകളിലൂടെയാണ് കൂറ്റന്‍ കല്ലും മണ്ണുമെല്ലാം ഒഴുകിയെത്തുന്നത്. റോഡിന്റെ തീരത്തുള്ള ചെറിയ മതിലുകളും സംരക്ഷണഭിത്തിയും ഇടിഞ്ഞ് റോഡിലേക്കു വീഴുകയാണ്. ഇതോടൊപ്പം റോഡിന്റെ വശങ്ങളിലുള്ള ഓടകള്‍ നികന്നു പോവുകയും ചെയ്യുന്നു. ഇതോടെ ശക്തമായ വെള്ളമൊഴുക്ക് പൂര്‍ണ്ണമായും റോഡിലൂടെയാകും. വലിയ കല്ലുകള്‍ ഒഴുകിയെത്തി കലുങ്കുകളും അടയുന്നതോടെ വെള്ളക്കെട്ടിനും കാരണമാകും.
മഴയും വെള്ളപ്പാച്ചിലും കഴിഞ്ഞാലും റോഡില്‍ കല്ലും മണ്ണും അവശേഷിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തില്‍പ്പെടുന്നതും പതിവാകുകയാണ്. പലയിടത്തും മണ്ണും കല്ലും റോഡില്‍ നിന്നും മാറ്റിയാലും വീണ്ടും അവശേഷിക്കും. ഇതും യാത്രക്കാര്‍ക്കു വലിയ ദൂരിതമാണ്.
ഓടകളും കലുങ്കുകളും അടഞ്ഞിരിക്കുന്നതിനാല്‍ ഇനിയുള്ള മഴയിലും വീണ്ടും റോഡിലൂടെ വെള്ളം ഒഴുകും. ചെറിയ മണ്‍തിട്ട ഇടിഞ്ഞു വീണാലും ഇതുതന്നെയാണ് അവസ്ഥ.
സംരക്ഷണ ഭിത്തി നിര്‍മ്മിക്കുക ഏക മാര്‍ഗ്ഗം
റോഡിലേക്കു മണ്ണിടിഞ്ഞു വീഴാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കുക മാത്രമാണ് ഏകമാര്‍ഗ്ഗം. എന്നാല്‍ റോഡിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ 6 അടി മാത്രം ഉയരത്തില്‍ സംരക്ഷണ നിര്‍മിക്കാന്‍ മാത്രമേ പൊതുമരാമത്തു വകുപ്പിന് സാധിക്കുകയുള്ളു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയില്‍ തീക്കോയി പഞ്ചായത്തിലെ മലയോര മേഖലയിലെ റോഡുകള്‍ പലതും മണ്ണിനടിയിലായി.
വെള്ളികുളം - പുള്ളിക്കാനം റോഡില്‍ മണ്ണിടിഞ്ഞു പലഭാഗത്തും റോഡിലൂടെ ഒഴുകിയത് മൂലം യാത്ര തന്നെ ദുരിതത്തിലായിരുന്നു. ശക്തമായ വെള്ളമൊഴക്കില്‍ റോഡിന്റെ സൈഡും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. തകര്‍ന്ന ഓടകള്‍ എത്രയും വേഗം നന്നാക്കിയാല്‍ മാത്രമേ അടുത്ത മഴയില്‍ റോഡിലൂടെയുള്ള വെള്ളമൊഴുക്ക് നിയന്ത്രിക്കാനാവൂ.
0 Comments