സൂക്ഷിച്ചോ, അല്ലേല്‍ പരലോകമെത്തും!... ലോഹത്തോട്ടി വൈദ്യുതിലൈനില്‍ തട്ടി അപകടങ്ങളേറുന്നു


സുനില്‍ പാലാ

ലോഹത്തോട്ടി പ്രധാന വില്ലനാണ്. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഈ തോട്ടി ഉപയോഗിക്കുന്നത് അതീവശ്രദ്ധയോടെ അല്ലെങ്കില്‍ അപകടം ഉറപ്പ്. ഇന്നലെ പാലാ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ അധ്യാപകന്‍ മാനത്തൂര്‍ പനയ്ക്കപ്പന്തിയില്‍ ജിമ്മി ജോസ് മരിക്കാനിടയായതും ലോഹത്തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയാണെന്നാണ് സൂചന. മരച്ചില്ല മുറിക്കുന്നതിനിടെ ലോഹത്തോട്ടി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നുവെന്നാണ് വിവരം.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ മൂന്നു മാസത്തിനിടെ ജിമ്മി ജോസ് ഉള്‍പ്പെടെ കെ.എസ്.ഇ.ബി. പാലാ ഡിവിഷനു കീഴില്‍ മൂന്ന് പേരാണ് ഇത്തരത്തില്‍ മരിച്ചത്. മരങ്ങാട്ടുപിള്ളി കെ.എസ്.ഇ.ബി. സെക്ഷനുകീഴിലായിരുന്നു മറ്റ് രണ്ട് മരണം. ഷോക്കില്‍ നിന്ന് ഭാഗ്യത്താല്‍ രക്ഷപെട്ട രണ്ടുപേരുടെ കഥകൂടി കെ.എസ്.ഇ.ബി.യുടെ അപകടലിസ്റ്റിലുണ്ട്. സ്‌കൂള്‍തലം മുതല്‍ ലോഹത്തോട്ടികളും മറ്റും ഉപയോഗിക്കുന്നത് സംബന്ധിച്ച് കെ.എസ്.ഇ.ബി. അധികാരികള്‍ തുടരെ ക്ലാസുകള്‍ എടുക്കുന്നുണ്ടെങ്കിലും വിദ്യാസമ്പന്നരായ മുതിര്‍ന്നവര്‍ പോലും ഇത്തരം അപകടങ്ങളില്‍ പെടുന്നതിന്റെ ആശങ്കയിലാണ് വൈദ്യുതി വകുപ്പ്. 



കെ.എസ്.ഇ.ബി. മരങ്ങാട്ടുപിള്ളി സെക്ഷനില്‍ ഏപ്രില്‍ 10 നും മേയ് 16 നും ഉണ്ടായ ഇത്തരം അപകടങ്ങളില്‍ രണ്ടുപേരാണ് മരിച്ചത്. കിടങ്ങൂര്‍ സെക്ഷനുകീഴിലും തീക്കോയി സെക്ഷനുകീഴിലുമുളളവര്‍ക്കുമാണ് പരിക്കേറ്റത്. ഒരാഴ്ച മുമ്പ് ഇരുമ്പ് തോട്ടിയുമായി ചക്കയിടുന്നതിനിടെ 11 കെ.വി. ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റയാളെ ഇതര സംസ്ഥാന തൊഴിലാളിയുടെ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപെടുത്തുകയായിരുന്നു. തലനാട് ദേവസ്യാ വളവ് ഭാഗത്തായിരുന്നു സംഭവം. പേണ്ടാനത്ത് ബിജു സ്വന്തം പുരയിടത്തിലെ പ്ലാവിലെ ചക്കയിടുന്നതിനാണ് പ്ലാവില്‍ കയറിയത്. പ്ലാവില്‍ കയര്‍ ചുറ്റിയതിന് ശേഷം ബിജു ഇരുമ്പു തോട്ടി ഉയര്‍ത്തി. തോട്ടി കൈയില്‍ നിന്ന് വഴുതി സമീപത്തെ 11 കെ.വി. കമ്പിയില്‍ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ ബിജുവിനെ സമീപത്തെ വീട് പണിക്കുവന്ന ഇതരസംസ്ഥാന തൊഴിലാളിയായ സര്‍വദ് ഓടിയെത്തി രക്ഷപെടുത്തുകയായിരുന്നു.

സര്‍വദ് വടി ഉപയോഗിച്ച് ബിജുവിന്റെ കൈയ്യിലുണ്ടായിരുന്ന തോട്ടി തട്ടിക്കളയുകയായിരുന്നു. കൈയ്ക്ക് പൊള്ളലേറ്റ ബിജുവിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അശ്രദ്ധയരുതേ, ജീവന്‍ നഷ്ടപ്പെടുത്തരുതേ - കെ.എസ്.ഇ.ബി. പാലാ ഡിവിഷന്‍ അധികാരികള്‍

പാലാ: ലോഹത്തോട്ടികള്‍ അശ്രദ്ധമായി ഉപയോഗിച്ച് ജീവന്‍ നഷ്ടപ്പെടുത്തരുതേയെന്ന് അഭ്യര്‍ത്ഥിക്കുകയാണ് കെ.എസ്.ഇ.ബി. പാലാ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇന്‍-ചാര്‍ജ്ജ് ജി.എസ്. ബിബിന്‍. വിവിധ സ്‌കൂളുകളില്‍ ഇത്തരം മുന്നറിയിപ്പ് സന്ദേശങ്ങളുമായി ക്ലാസെടുക്കാന്‍ പോകുന്ന ബിബിന്‍ ഇന്നലെ അധ്യാപകനുതന്നെ ഷോക്കേറ്റുള്ള മരണമുണ്ടായതിന്റെ ഞെട്ടലിലാണ്.



എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ ബിബിന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ചുവടെ.

•    വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള വൃക്ഷങ്ങളില്‍ ശിഖരങ്ങളും മറ്റും വെട്ടിമാറ്റുന്നതിന് കെ.എസ്.ഇ.ബി. ജീവനക്കാരുടെ സഹകരണം തേടണം.
•    വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള വൃക്ഷങ്ങളില്‍ നിന്നും ഇരുമ്പ്, അലുമിനിയം പൈപ്പുകള്‍ പോലുള്ള ലോഹത്തോട്ടികള്‍ ഉപയോഗിച്ച് ചക്ക, മാങ്ങ, തേങ്ങ തുടങ്ങിയ ഫലങ്ങള്‍ പറിച്ചെടുക്കാന്‍ ശ്രമിക്കരുത്. ഇത് പാലിക്കപ്പെടാത്തതിനാല്‍ വിലപ്പെട്ട ഒട്ടേറെ ജീവനുകളാണ് അടുത്തിടെത്തന്നെ പൊലിഞ്ഞിട്ടുള്ളത്.
•    ഷോക്കേറ്റ വ്യക്തിയെ വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം മാത്രമേ സ്പര്‍ശിക്കാവൂ. വൈദ്യുതാഘാതമേറ്റ ആളിനെ ഉണങ്ങിയ തടിക്കഷണം പോലെ വൈദ്യുതി പ്രവഹിക്കാത്ത വസ്തു ഉപയോഗിച്ച് മാത്രമേ വൈദ്യുതി ബന്ധത്തില്‍ നിന്ന് വേര്‍പെടുത്താവൂ.
•    വൈദ്യുതി ലൈനില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കാതെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നീളംകൂടിയ ലോഹനിര്‍മ്മിത പൈപ്പുകളുള്ള റോളര്‍ബ്രഷുകള്‍ ഉപയോഗിച്ചുള്ള പെയിന്റിംഗ് ജോലികള്‍ ചെയ്യുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കും.
•    നനഞ്ഞ വിരലുകള്‍ ഉപയോഗിച്ച് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കരുത്.
•    വൈദ്യുതി ലൈനുകളുടെ മുകളില്‍ക്കൂടി വൃക്ഷങ്ങള്‍ക്കുള്ള താങ്ങുകമ്പി വലിച്ചുകെട്ടരുത്.
•    വൈദ്യുതി പോസ്റ്റുകളിലോ സ്റ്റേ കളിലോ കന്നുകാലികളെ കെട്ടരുത്.
•    വൈദ്യുതി കമ്പി പൊട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ യാതൊരു കാരണവശാലും അതിന്റെ സമീപത്ത് പോകുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. വൈദ്യുതി കമ്പി പൊട്ടിയ വിവരം എത്രയും വേഗം തൊട്ടടുത്ത കെ.എസ്.ഇ.ബി. ഓഫീസില്‍ അറിയിക്കുകയോ 9496010101 നമ്പരില്‍ വിളിച്ചറിയിക്കണം.



സ്‌കൂളുകളില്‍ ക്ലാസെടുക്കാനും തയ്യാര്‍

വൈദ്യുതി ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസെടുക്കുന്നതിനും തയ്യാറാണെന്ന് പാലാ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇന്‍-ചാര്‍ജ് ജി.എസ്. ബിബിന്‍ പറഞ്ഞു. നമ്പര്‍: 9446008303.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments