കുട്ടികളെല്ലാം എത്തി പക്ഷേ , ജിമ്മി സാർ മാത്രം വന്നില്ല.


കുട്ടികളെല്ലാം എത്തി  പക്ഷേ , ജിമ്മി സാർ മാത്രം വന്നില്ല.

സ്വന്തം ലേഖകൻ 
 വിദ്യാർഥികൾ എല്ലാം ഹാജരായിട്ടും തങ്ങളുടെ ക്ലാസ് ടീച്ചറായ ജിമ്മി സാർ മാത്രം ഇന്നലെ സ്കൂളിൽ എത്തിയില്ല. എല്ലാ ദിവസവും രാവിലെ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ മകനോടൊപ്പം കാറോടിച്ച് സ്കൂളിലേക്ക് വരുന്നത് പതിവ് കാഴ്ചയായിരുന്നു. എന്നാൽ, ഇന്നലെ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് എ ഡിവിഷനിൽ ഹാജർ വിളിക്കാൻ ക്ലാസ് അധ്യാപകനായ ജിമ്മി സാർ എത്തിയില്ല.വിദ്യാർഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപനായി കാത്തിരുന്നു. എന്നാൽ വേദനിപ്പിക്കുന്ന വാർത്തയായിരുന്നു വിദ്യാർഥികൾക്കും സഹ അധ്യാപകർക്കും കേൾക്കാനായത്. ഇനി ക്ലാസെടുക്കാനും ഹാജർ വിളിക്കാനും ജിമ്മി സാർ വരില്ലെന്ന് .... സദാ പുഞ്ചിരിച്ച് വിദ്യാർഥികളുമായി സൗഹൃദം പങ്കിട്ടു നടന്ന ജിമ്മി സാറിന്റെ വേർപാട് വീട്ടുകാർ ക്കൊപ്പം വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും താങ്ങാനാവുന്നില്ല.


ഇന്നലെ രാവിലെയാണ് മാനത്തൂർ പനയ്ക്കപ്പത്തിയിൽ ച്രീ ങ്കല്ലേൽ ) ജിമ്മി ജോസ് (49) വീടിനു സമീപം പുരയിടത്തിൽ ഷോക്കേറ്റു മരിച്ചത്. മിക്ക ദിവസങ്ങളിലും അധ്യാപനത്തിനു മുമ്പായി രാവിലെ പുരയിടത്തിൽ കൃഷി ജോലികളിൽ ഏർപ്പെടുക പതിവായിരുന്നു. ഇന്നലെ തോട്ടി ഉപയോഗിച്ചു പണി നടത്തുന്നതിനിടെ ഷോക്കേറ്റു മരിക്കുകയായിരുന്നു.
മൂന്നു വർഷമായി കടനാട് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കി വരികയായിരുന്നു. ഇത്തവണയും എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിക്കാനായതിൽ ജിമ്മി സാറിന് നിർണായക പങ്കുണ്ടെന്ന് ഹെഡ് മാസ്റ്റർ സജി തോമസ് പറഞ്ഞു.

സംഭവമറിഞ്ഞ് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ , നിർമ്മല ജിമ്മി, സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ അരഞ്ഞാണി പുത്തൻ പുര,പി.ടി.എ പ്രസിഡന്റ് സിബി അഴകൻ പറമ്പിൽ തുടങ്ങിയവർ ആശുപത്രിയിലെത്തി.
പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വൈകുന്നേരം നാലോടെ മാനത്തൂരിലെ വസതിയിലെത്തിച്ചു.
ഇന്നു രാവിലെ ഒമ്പതു മുതൽ കടനാട് സെന്റ് സെബാസ്റ്റ്യൻ സ് ഹയർസെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതു ദർശനത്തിന് എത്തിക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് വസതിയിൽ ശുശ്രൂഷകൾക്കു ശേഷം മാനത്തൂർ സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കും.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments