പഴികേട്ട പോലീസ് ഒടുവില്‍ പിഴയിട്ടു...ജനറല്‍ ആശുപത്രി റോഡിലെ അനധികൃത പാര്‍ക്കിംഗിനെതിരെ നടപടി.



സുനില്‍ പാലാ
 
ഒടുവില്‍ പോലീസ് ഉണര്‍ന്നു. ജനറല്‍ ആശുപത്രി റോഡില്‍ ഇനി അനധികൃത പാര്‍ക്കിംഗ് നടത്തിയാല്‍ പിഴകിട്ടുമെന്ന് ഉറപ്പ്. ശക്തമായ നടപടികളുമായി പാലാ ട്രാഫിക് പോലീസ് രംഗത്തെത്തിയിരിക്കുകയാണ്.

രോഗികളുമായി എത്തുന്ന ആംബുലന്‍സിന് പോലും കടക്കാനാവാത്ത വിധം റോഡില്‍ തലങ്ങും വിലങ്ങും വാഹനങ്ങള്‍ അനധികൃത പാര്‍ക്കിംഗ് നടത്തുന്ന വിവരം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗതാഗതക്കുരുക്ക് മൂലം സമയം വൈകുന്നതിനാല്‍ പാവപ്പെട്ട രോഗികളുടെ അവസ്ഥ കൂടുതല്‍ മോശമാകുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പാലാ ട്രാഫിക് എസ്.ഐ. ബി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ അനധികൃത പാര്‍ക്കിംഗിനെതിരെ ശക്തമായ നടപടികളുമായി രംഗത്തെത്തിയത്. 


 
പാലാ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നിന്നും ബൈപ്പാസ് റോഡിലേക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. ജനറല്‍ ആശുപത്രിയില്‍  രോഗികളുമായി എത്തുന്നവരുടെ വാഹനങ്ങളും രോഗികളെ കാണാന്‍ എത്തുന്നവരുടെ വാഹനങ്ങളും ഈ ലിങ്ക് റോഡിന്റെ വശങ്ങളില്‍  മണിക്കൂറുകളോളമാണ് പാര്‍ക്ക് ചെയ്തിരുന്നത്. ആശുപത്രി ഒ.പി പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയതോടെ പാര്‍ക്കിംഗും വര്‍ധിച്ചു.

ജനറല്‍ ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചുനീക്കി അവിടെ വിശാലമായ പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവിടെ വാഹനം നിര്‍ത്തിയിട്ട് ആശുപത്രിയിലേക്ക് നടന്നുപോകാന്‍ ആളുകള്‍ തയാറാകുന്നില്ല. പാര്‍ക്കിംഗ് ഗ്രൗണ്ടിലെ ചെറിയ ഫീസ് കൊടുക്കാന്‍ മടിച്ചിട്ടാണ് പലരും വാഹനങ്ങള്‍ വഴിയിലിട്ട് ആശുപത്രിയിലേക്ക് പോയിരുന്നത്.  പലപ്പോഴും റോഡില്‍ തലങ്ങും വിലങ്ങും വാഹനങ്ങള്‍ പാര്‍ക്കുചെയ്തശേഷം  ഒ.പിയിലേയ്ക്ക് പോകുകയായിരുന്നു മിക്കവരുടെയും രീതി.



നോ പാര്‍ക്കിംഗ് ബോര്‍ഡിന്റെ ചുവട്ടിലും പാര്‍ക്കിംഗ്

ജനറല്‍ ആശുപത്രിയ്ക്ക് സമീപം റോഡില്‍ പാര്‍ക്കിംഗ് നിരോധിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ചുവട്ടില്‍വരെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത് സ്ഥിരം സംഭവമായിരുന്നു. ആശുപത്രി ഭാഗം മുതല്‍ നീളുന്ന അനധികൃത പാര്‍ക്കിംഗ, വാട്ടര്‍ അതോറിറ്റി ഓഫീസും കഴിഞ്ഞ് ഹോമിയോ ആശുപത്രി കവാടം വരെ കാണുമായിരുന്നു. അതുകൊണ്ടുതന്നെ ഇതുവഴി എത്തുന്നവര്‍ ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞിരുന്നു. റോഡ് സൈഡിലെ അനധികൃത പാര്‍ക്കിംഗ് മൂലം ഇരുവശത്തുനിന്നും വാഹനങ്ങളെത്തുമ്പോള്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. റോഡിന്റെ വീതികുറവും കുരുക്കിന് പ്രധാന കാരണമായിരുന്നു. 



അനധികൃത പാര്‍ക്കിംഗ് ഒരുകാരണവശാലും അനുവദിക്കില്ല

ജനറല്‍ ആശുപത്രി റോഡില്‍ പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള അനധികൃത പാര്‍ക്കിംഗ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പാലാ ട്രാഫിക് എസ്.ഐ. ബി. സുരേഷ്‌കുമാര്‍ പറഞ്ഞു. തുടര്‍ന്നും കര്‍ശന പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments