ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച പെയ്ത കനത്ത മഴയില്‍ ഉണ്ടായത് വ്യാപക നാശം. തൊടുപുഴ ഉള്‍പ്പെടുന്ന ലോറേഞ്ച് മേഖലയില്‍ വ്യാപകമായ തോതില്‍ ഉണ്ടായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ദുരിതം വിതച്ചു. ജില്ലയിലെ ഹൈറേഞ്ച് മേഖലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം തുടരുകയാണ്. കാലവര്‍ഷം തുടങ്ങിയപ്പോള്‍ തന്നെ ജില്ലയില്‍ പെയ്ത മഴയില്‍ വലിയ കെടുതികളാണ് ജനങ്ങള്‍ നേരിട്ടത്. ശക്തമായ മഴയെത്തുടര്‍ന്ന് കൂടുതല്‍ നാശനഷ്ടമുണ്ടായത് തൊടുപുഴ താലൂക്കിലാണ്. നാലു മണിക്കൂറിനിടെ അതിശക്തമായ മഴയാണ് തൊടുപുഴ താലൂക്കില്‍ പെയ്തിറങ്ങിയത്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 61.2 മില്ലീമീറ്റര്‍ മഴയാണ് തൊടുപുഴയില്‍ ലഭിച്ചത്. ദേവികുളം-16.6, പീരുമേട്-ഒന്ന്, ഇടുക്കി-15.8 മില്ലിമീറ്റര്‍ എന്നിങ്ങനെയാണ് മറ്റു താലൂക്കുകളില്‍ ലഭിച്ച മഴയുടെ കണക്ക്. ഉടുമ്പന്‍ചോലയില്‍ മഴ രേഖപ്പെടുത്തിയില്ല. കനത്ത മഴ പെയ്യാനുള്ള സാഹചര്യം കണക്കിലെടുത്ത് ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ കനത്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അഥോറിറ്റിയും നല്കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. രാത്രികാലങ്ങളില്‍ മലയോര ഭാഗങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണം. തോടുകളിലും അരുവികളിലും ഇറങ്ങരുത്. ദുരന്ത നിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ല സജ്ജമാണെങ്കിലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ അടച്ച തൊടുപുഴ-പുളിയന്മല സംസ്ഥാനപാത ഇന്നു രാവിലെ ഭാഗികമായി തുറന്നു. മലങ്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും ജീവനക്കാര്‍ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ ആ സ്ഥാനം വിട്ടുപോകാന്‍ പാടില്ലെന്നും കളക്ടര്‍ നിര്‍ദേശിച്ചു.


0 Comments