ഉറച്ച തീരുമാനം, മറ്റത്തിപ്പാറക്കാര്‍ക്ക് സുഖയാത്ര... പാതയും പാലവും നല്ല ഉറപ്പായി.



സുനില്‍ പാലാ


അങ്ങനെ മാനത്തൂര്‍ - മറ്റത്തിപ്പാറ നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആഗ്രഹം സഫലമാവുകയാണ്. ഇവിടുത്തെ നാട്ടുകാരുടെ ഏക ആശ്രയമായ മാനത്തൂര്‍ - മറ്റത്തിപ്പാറ റോഡിലെ അപകടാവസ്ഥയിലായിരുന്ന പൂക്കുളം പാലവും എരുമംഗലം മുതല്‍ പൂക്കുളം പാലം വരെയുള്ള പുതുക്കിപ്പണിത റോഡും ഇന്ന് നാടിന് സമര്‍പ്പിക്കുകയാണ്.


മാണി സി. കാപ്പന്‍ എം.എല്‍.എയുടെ 2018-19 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 44 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡും പാലവും പൂര്‍ത്തിയാക്കിയത്. 
 


എഴുപത്തഞ്ച് വര്‍ഷത്തോളം പഴക്കമുണ്ടായിരുന്ന പൂക്കുളം പാലം ആകെ അപകടാവസ്ഥയിലായിരുന്നു. എപ്പോള്‍ വേണമെങ്കിലും തോട്ടില്‍ പതിക്കാവുന്ന നിലയിലായിരുന്നു പാലം. ആദ്യമൊക്കെ നാട്ടുകാര്‍ വിവിധ അധികാര കേന്ദ്രങ്ങളെ സമീപിച്ചെങ്കിലും ഒരു പ്രയോജനവുമുണ്ടായിരുന്നില്ല.

ഒടുവില്‍ സഹികെട്ട നാട്ടുകാര്‍ മരത്തൂണുകള്‍ നാട്ടിയാണ് പൂക്കുളം പാലത്തിന് ബലം കൊടുത്തിരുന്നത്.

നാലു കിലോമീറ്ററോളം ദൂരമുള്ള മാനത്തൂര്‍ -മറ്റത്തിപ്പാറ റോഡും ആകെത്തകര്‍ന്ന അവസ്ഥയിലായിരുന്നു. നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും നിത്യേന സഞ്ചരിക്കുന്ന വഴിയോട് അധികാരികള്‍ കാണിക്കുന്ന അനാസ്ഥയില്‍ പരക്കെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. 
 


2018-ല്‍ നാട്ടുകാരുടെ ആവശ്യത്തോട് മാണി സി. കാപ്പന്‍ എം.എല്‍.എ. അനുഭാവം പ്രകടിപ്പിച്ചതോടെ റോഡ് നന്നാക്കുന്നതിനും പുതിയ പാലം പണിയുന്നതിനും തീരുമാനമാവുകയായിരുന്നു.

നീലൂര്‍, തുടങ്ങനാട്, മുട്ടം, മൂലമറ്റം, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പിഴക്, രാമപുരം, മാനത്തൂര്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കുറഞ്ഞ ദൂരംകൊണ്ട് ഇതുവഴി എത്തിച്ചേരാന്‍ കഴിയും.  


ഉദ്ഘാടനം ഇന്ന്

ഇന്ന് വൈകിട്ട് 4 ന് കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് മാണി.സി.കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. 
 


രാജേഷ് വാളിപ്ലാക്കല്‍, അഡ്വക്കേറ്റ് ആന്റണി ഞാവള്ളി, സിബി അഴകന്‍പറമ്പില്‍, റാണി ജെയിംസ്, ബേബി കട്ടക്കല്‍, ബിജു പി.കെ, ജയ്‌സണ്‍ പുത്തന്‍കണ്ടം, ഉഷാ രാജു, ജോസ് പ്ലാശനാല്‍, റീത്താ ജോര്‍ജ്, സിബി ചക്കാലക്കല്‍, മധു കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments